പെനൽറ്റി ഷൂട്ട് ഔട്ടിൽ കീഴടങ്ങി ഇന്ത്യ, ഇറാഖ് കിംഗ്സ് കപ്പ് ഫൈനലിൽ |Indian Football
പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇറാഖിനോട് പൊരുതി തോറ്റ് ഇന്ത്യ(5-4). മത്സരം വിജയിച്ചതോടെ കിങ്സ് കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇറാഖ്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. മത്സരത്തിൽ രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്.പെനാൽറ്റികളിൽ നിന്നാണ് ഇറാഖ് രണ്ടു ഗോളുകളും നേടിയത്.
മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരിണിയൻ എന്നിവർ ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. 16 ആം മിനുറ്റിൽ മഹേഷ് സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ മത്സരത്തിൽ ലീഡ് നേടി. സഹൽ അബ്ദുൽ സമദ് കൊടുത്ത പാസിൽ നിന്നാണ് മഹേഷ് ഗോൾ നേടിയത്. എന്നാൽ 28 ആം മിനുട്ടിൽ നേടിയ പെനാൽറ്റി ഗോളിലൂടെ ഇറാക്ക് സമനില പിടിച്ചു.ജിംഗന്റെ ഹാൻഡ് ബോളിന് ലഭിച്ച പെനാൽറ്റി അൽ-ഹമാദി ഒരു പിഴവും കൂടാതെ ഗോളാക്കി മാറ്റി.
51 ആം മിനുട്ടിൽ ഇറാഖി കീപ്പറുടെ പിഴവിൽ നിന്നും ഇന്ത്യ ലീഡ് നേടി.മൻവീർ ആണ് ഇന്ത്യയുടെ ഗോൾ നേടിയത്. 80 ആം മിനുട്ടിൽ അയ്മെൻ നേടിയ ഗോളിൽ ഇറാഖ് സമനില നേടി. പെനാൽറ്റിയിൽ നിന്നും നേടിയ ഗോളാണ് ഇറാഖിന് വീണ്ടും സമനില നേടിക്കൊടുത്തത്. ഇരു ടീമുകൾക്കും വിജയ ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം പെനൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു.
പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്രാൻഡൻ എടുത്ത ആദ്യ കിക്ക് തന്നെ പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. ഇറാഖ് എടുത്ത എല്ലാ കിക്കും വലയിലാക്കിയതോടെ 5 -4 ന് ജയിച്ച് ഫൈനലിലേക്ക് മുന്നേറി.