ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷം മെസ്സിയും റൊണാൾഡോയുമില്ലാതെ ചാമ്പ്യൻസ് ലീഗ്
ഒന്നര പതിറ്റാണ്ടിലേറെ കാലത്തിനുശേഷം സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവർ ഇല്ലാത്ത യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ആദ്യം മത്സരത്തിൽ തന്നെ വിജയങ്ങൾ നേടി തുടങ്ങിയിരിക്കുകയാണ് വമ്പന്മാർ. സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്ലെ ആദ്യ റൗണ്ട് പോരാട്ടങ്ങളാണ് ഇന്നത്തോടെ
അരങ്ങേറിയത്.
ഇറ്റാലിയൻ കരുത്തരായ എസി മിലാനെ ഗോൾരഹിത സമനിലയിൽ തളച്ച് പ്രീമിയർ ലീഗിലെ കറുത്ത കുതിരകളായ ന്യൂകാസ്റ്റിൽ യുണൈറ്റഡ് എതിർഗ്രൗണ്ടിൽ നിന്നും
പോയിന്റുകൾ പങ്കിട്ടു മടങ്ങി.യങ് ബോയ്സിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹോം ടീമിനെ പരാജയപ്പെടുത്തി ജർമ്മൻ ക്ലബ്ബായ ആർ ബി ലീപ്സിഗ് ചാമ്പ്യൻസ് ലീഗ് വിജയം നേടി.
ജർമ്മൻ ലീഗിലെ വമ്പൻമാരായ ബോറൂസിയ ഡോർട്ട്മുണ്ടിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജർമയിൻ ഹോം സ്റ്റേഡിയത്തിൽ മിടുക്ക് കാണിച്ചു. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, അഷ്റഫ് ഹക്കീമി എന്നിവരാണ് ഫ്രഞ്ച് ക്ലബ്ബിന്റെ വിജയഗോളുകൾ നേടിയത്. ശക്തർ ഡൊണട്സ്ക്കിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയും വിജയം നേടി.
മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രവേന സവേസ്ഡയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി തുടക്കം കുറിച്ചു. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ പോയെങ്കിലും രണ്ടാം പകുതിയിലൂടെ മൂന്നു ഗോളുകൾ തിരിച്ചടിച്ച മാഞ്ചസ്റ്റർ സിറ്റി വിജയം നേടുകയായിരുന്നു. ഇറ്റാലിയൻ ടീമായ ലാസിയോയുടെ മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരുഗോളിന്റെ സമനിലയിലാണ് ലാസിയോ പൂട്ടിയത്.
ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആന്റ്വേർപിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണയും വിജയം നേടി ആരംഭിച്ചു. സെൽറ്റിക്കിനെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഫെയെനൂർഡ് ഹോം വിജയം നേടി. ചാമ്പ്യൻസ് ലീഗിലെ വമ്പൻമാരായ റയൽ മാഡ്രിഡ് ഇന്ന് പോരാട്ടത്തിന് ഇറങ്ങുമ്പോൾ മറ്റൊരു മത്സരത്തിൽ ബയേൺ vs മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് നേരിടുന്നത്.