രണ്ട് റെഡ് കാർഡ്; രണ്ടാം മത്സരത്തിലും നാണം കെട്ട് ബംഗളുരു
ഐഎസ്എൽ രണ്ടാം മത്സരത്തിൽ വിജയം തേടി കളത്തിലിറങ്ങിയ ബംഗളുരു എഫ്സിയ്ക്ക് വീണ്ടും പരാജയം. ഇന്ന് നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാനെ നേരിട്ട ബംഗളുരു ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്.
മത്സരത്തിന്റെ 67 ആം മിനുട്ടിൽ ഹ്യൂഗോ ബോമസാണ് ഗ്രീൻ ആൻഡ് മെറൂൺസിന്റെ ഏകഗോൾ നേടിയത്. സീസണിലെ ആദ്യ മത്സരത്തിൽ ബംഗളുരു ബ്ലാസ്റ്റേഴ്സിനോട് പരാജയപെട്ടിരുന്നു. മത്സരത്തിൽ പരാജയപ്പെട്ടതിനേക്കാൾ ബംഗളുരുവിന്റെ തിരിച്ചടി ബംഗളൂരു താരങ്ങൾക്ക് ലഭിച്ച റെഡ് കാർഡുകളാണ്. ബംഗളുരു നിരയിൽ രണ്ട് താരങ്ങളാണ് ഇന്ന് റെഡ് കാർഡ് കണ്ട് പുറത്ത് പോയത്.
75 ആം മിനുട്ടിൽ സുരേഷ് സിംഗിംനും 92 ആം മിനുട്ടിൽ റോഷൻ സിംഗിനുമാണ് റെഡ് കാർഡ് കിട്ടിയത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗളുരു അടുത്ത മത്സരത്തിൽ കളത്തിലിറങ്ങുമ്പോൾ തങ്ങളുടെ നിരയിലെ രണ്ട് പ്രധാന താരങ്ങൾക്ക് സസ്പെൻഷൻ കാരണം പുറത്തിരിക്കേണ്ടി വരുമെന്നത് ബംഗളുരുവിന്റെ തിരിച്ചടിയാണ്.ഒക്ടോബർ നാലിന് ഈസ്റ്റ് ബംഗാളാണ് ബംഗളുരുവിന്റെ എതിരാളികൾ.