സൗദിക്കെതിരെ രാഷ്ട്രീയം കളിച്ചു ഇറാൻ, കാന്റെയടക്കമുള്ള താരങ്ങൾ കളിക്കാതെ മടങ്ങി|Al Ittihad

ഇറാനിയൻ ടീമായ സെപഹാനും സൗദി പ്രോ ലീഗിലെ അൽ ഇത്തിഹാദും തമ്മിലുള്ള ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരം ബെഞ്ചിനടുത്ത് വെച്ച പ്രതിമ കാരണം മത്സരം നടന്നില്ല. ഇതിഹാദ് താരങ്ങൾ കളിക്കാൻ വിസമ്മതിക്കുകയായിരുന്നു.മുൻ പ്രീമിയർ ലീഗ് താരങ്ങളായ എൻഗോലോ കാന്റെയും ഫാബിഞ്ഞോയും ടീമിലുൾപ്പെട്ട അൽ ഇത്തിഹാദ് ഗ്രൗണ്ടിൽ ഇറങ്ങാൻ വിസമ്മതിച്ചു,60,000 ഫുട്ബോൾ ആരാധകളുള്ള ഗ്രൗണ്ടിലാണ് ഇതിഹാദ് ടീമംഗങ്ങൾ കളിക്കാൻ ഇറങ്ങാതിരുന്നത്.

ടീം ബെഞ്ചുകൾക്കിടയിൽ നിലയുറപ്പിച്ച ഖാസിം സുലൈമാനിയുടെ പ്രതിമയെ എതിർത്തതിന്റെ ഫലമായിരുന്നു ടീമിന്റെ തീരുമാനം. 2020-ൽ ഡ്രോൺ ആക്രമണത്തിൽ മരിച്ച ഇറാനിയൻ ജനറലായിരുന്നു സുലൈമാനി. ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഇവിടെ ആവശ്യമില്ല എന്ന് പറഞ്ഞാണ് ഇതിഹാദ് താരങ്ങൾ കളിക്കാനിറങ്ങാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരം നടക്കുന്നത്. കുറച്ചു വർഷങ്ങളായി ഇറാനും സൗദി അറേബ്യയും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് സൗദി പൗരന്മാർ ഇറാനിയൻ പ്രദേശത്ത് കാലുകുത്തുന്നതിന് വിലക്കാണ്.AFC ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കുന്നതിനു വേണ്ടി ഏഴ് വർഷമായി ഉണ്ടായിരുന്ന നയതന്ത്ര വിലക്ക് ഇറാൻ നീക്കിയിരുന്നു. സൗദി പൗരന്മാർക്ക് നിലവിൽ കളിക്കുവാൻ ഇറാനിലേക് പ്രവേശനമുണ്ട്.

സൈനിക നേതാവെന്ന നിലയിൽ വിവാദപരവും പലപ്പോഴും അക്രമാസക്തവുമായ ചരിത്രം കാരണം ഖാസിം സുലൈമാനിയുടെ പ്രതിമ സൗദി ടീമിന് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. 1998 മുതൽ 2020 വരെ ഇറാന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡറായി സുലൈമാനി സേവനമനുഷ്ഠിച്ചു, അദ്ദേഹം വിദേശ, രഹസ്യ സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും നടപ്പിലാക്കുകയും ചെയ്തയാളാണ്.

ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനിയുടെ വിശ്വസ്തനായി അദ്ദേഹം പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു. 2005-ൽ അമേരിക്ക സുലൈമാനിയയെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും അദ്ദേഹത്തിനെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ പിച്ചിന്റെ അരികിൽ സുലൈമാനിയുടെ ഒരു സ്മാരകം ഉള്ളപ്പോൾ ഫുട്ബോൾ കളിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് സൗദി ടീം മാച്ച് ഒഫീഷ്യലുകളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം ഉപേക്ഷിച്ച ഈ മത്സരം പിന്നീട് നടക്കും.

3/5 - (2 votes)