വിജയ വഴിയിൽ തിരിച്ചെത്തണം ,പരിക്കുകളുടെയും സസ്പെൻഷന്റെയും ഇടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലിറങ്ങുന്നു |Kerala Basters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരവങ്ങളിലേക്ക് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ആരാധകർ എത്തുകയാണ്. ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ വാശിയേറിയ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. വൈകുന്നേരം 5 30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഹോം ടീമായ ഈസ്റ്റ് ബംഗാൾ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ച് എഫ് സി ഗോവയെ നേരിടും.
രാത്രി 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ കൊച്ചിയിൽ വച്ച് കരുത്തരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി വിജയവഴിയിലേക്ക് തിരിച്ചെത്തുവാനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്.
സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളും കൊച്ചിയിൽ വെച്ച് വിജയിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തിൽ മുംബൈ അറീന സ്റ്റേഡിയത്തിൽ വച്ച് മുംബൈ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ഉണ്ടായിരുന്ന അനിഷ്ട സംഭവങ്ങളെ തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്ക് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പരിക്ക് ബാധിച്ചതും ബ്ലാസ്റ്റേഴ്സിന് വരും മത്സരങ്ങളിൽ തിരിച്ചടിയാവുന്നതാണ്.
സീസണിൽ കൊച്ചിയിൽ വച്ച് നടക്കുന്ന മൂന്നാമത്തെ മത്സരത്തിലും വിജയം ആവർത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. പ്രധാനപ്പെട്ട ചില താരങ്ങളെല്ലാം മൈതാനത്തിന് പുറത്തിരുന്ന് കളി കാണുന്ന ഇന്നത്തെ ദിവസത്തിൽ താരതമ്യേനെ ഐഎസ്എല്ലിലെ ദുർബലരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ വിജയം സ്വന്തമാക്കാൻ കഴിയും എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ.