825 ഇമോജി കൂടി അയച്ചിരുന്നേൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം കണ്ടെത്താം -പരെഡെസ്

മെസ്സിയുടെ എട്ടാം ബാലൻ ഡിയോർ നേട്ടത്തിന്റെ കലിപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്തത് സ്പാനിഷ് മാധ്യമപ്രവർത്തകനായ ടോമസ് റോൺസോറോയുടെയുടെ വിഡിയോയിൽ താഴെ പൊട്ടിച്ചിരിക്കുന്ന ഇമോജി പങ്ക് വെച്ച് കൊണ്ടാണ്. മെസ്സിയുടെ എട്ടാം ബാലൻ ഡിയോർ നേട്ടത്തിന് പിന്നാലെ ടോമസ് റോൺസോറോ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു.

മെസ്സി എട്ട് ബാലൻ ഡിയോറുകൾ അർഹിച്ചിരുന്നില്ലെന്നും സാവി, ഇനിയെസ്റ്റ എന്നിവർക്ക് ലഭിക്കേണ്ട അവാർഡുകൾ മെസ്സിയ്ക്ക് അനർഹമായി ലഭിച്ചെന്നുമായിരുന്നു റോൺസോറോയുടെ വിമർശനം. ഹാലാണ്ട്, ലെവണ്ടോസ്കി എന്നിവർ ബാലൻ ഡിയോർ അർഹിച്ചിരുന്നെന്നും ഖത്തർ ലോകകപ്പിൽ പെനാൽറ്റികളുടെ സഹായത്തിലാണ് മെസ്സി കിരീടം നേടിയത് എന്നുമാണ് റോൺസോ റോയുടെ വിമർശനം. മെസ്സിയെ വിമർശിച്ച് കൊണ്ടുള്ള റോൺസോറോയുടെ വീഡിയോ എഎസ് ടെലിവിഷൻ പുറത്ത് വിടുകയും ചെയ്തിരുന്നു. ഈ വിഡിയോയ്ക്ക് താഴെയാണ് പൊട്ടിച്ചിരിക്കുന്ന ഇമോജികൾ കമന്റായി രേഖപ്പെടുത്തി റൊണാൾഡോ മെസ്സി വിമർശനങ്ങൾക്ക് പ്രോത്സാഹനം നൽകിയത്.

റൊണാൾഡോയുടെ ഈ കമന്റിന് 30,000 ത്തിലധികം റിപ്ലൈകളും വന്നിരുന്നു. ഇത്രയും ഇടുങ്ങിയ ചിന്താഗതിയുള്ള ആളാണോ റൊണാൾഡോ എന്ന കമന്റാണ് ഭൂരിഭാഗം ആളുകളും റോണോയുടെ കമന്റിന് റിപ്ലൈ നൽകിയത്. ഇപ്പോഴിതാ റോണോയുടെ കമന്റിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് അർജന്റീനൻ താരം ലിയനാർഡോ പരേഡസ്. റൊണാൾഡോയിട്ട 3 ഇമോജികൾക്കൊപ്പം 825 ഇമോജികൾ കൂടി ഇട്ടാൽ ഇത്തവണത്തെ ബാലൻ ഡി യോർ റാങ്കിങ്ങിലെ റൊണാൾഡോയുടെ സ്ഥാനം കണ്ടെത്താനാവും എന്നാണ് പരെഡേസിന്റെ പ്രതികരണം.

ഇത്തവണത്തെ ബാലൻ ഡിയോർ ചുരുക്കപട്ടികയിൽ പോലും റൊണാൾഡോ ഉൾപ്പെട്ടിരുന്നില്ല. ഇതിനെ പരിഹസിച്ചാണ് പരെഡേസിന്റെ പ്രതികരണം.2003 ന് ശേഷം ആദ്യമായാണ് റൊണാൾഡോ ബാലൻ ഡിയോറിന്റെ ചുരുക്കപട്ടികയിൽ ഇടം പിടിക്കാത്തത്. കൂടാതെ ഖത്തർ ലോകകപ്പിൽ കാര്യമായ ചലനം സൃഷ്ടിക്കാത്തതാണ് റൊണാൾഡോയെ ബാലൻ ഡിയോറിനുള്ള അവസാന 30 അംഗ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ഫ്രഞ്ച് മാഗസിൻ എഡിറ്റർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.ബാലൻ ഡിയോറിന്റെ ചുരുക്കപട്ടികയിൽ പോലും ഇടംപിടിക്കാത്ത റൊണാൾഡോയാണ് മെസ്സിയെ പരിഹസിച്ചത് എന്നതാണ് പരേഡസ് തന്റെ പ്രതികരണത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

4.5/5 - (12 votes)