‘ എന്റെ ഹൃദയമാണ് ‘ :ഇന്ത്യയിൽ ഞാൻ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരേയൊരു ടീം കേരള ബ്ലാസ്റ്റേഴ്‌സാണ് |വാൻ വുകോമാനോവിച്ച് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് എന്നും വലിയ സ്ഥാനമാണുളളത്. സെർബിയൻ പരിശീലകന്റെ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മൂന്നാമത്തെ സീസണാണിത്. ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഐഎസ്എല്ലിന്റെ ഫൈനലിൽ എത്തിച്ച ഇവാൻ അടുത്ത സീസണിൽ പ്ലെ ഓഫിലെത്തിക്കുകയും ചെയ്തു.

ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരങ്ങൾ വിലക്ക് മൂലം ഇവാന് നഷ്ടപ്പെട്ടിരുന്നു.10 മത്സരങ്ങളുടെ വിലക്ക് പൂർത്തിയാക്കി ഡഗൗട്ടിലേക്ക് മടങ്ങിയെത്തിയ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് വമ്പൻ സ്വീകരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയത്.തിരിച്ചുവന്ന മത്സരത്തിൽ കൊച്ചിയിൽ ഒഡിഷാക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മിന്നുന്ന ജയം സ്വന്തമാക്കുകയും ചെയ്തു.ഈ മത്സരത്തിനു ശേഷം സന്തോഷം കൊണ്ട് കണ്ണീർ പൊഴിക്കുന്ന ഇവാനെ കാണാൻ കഴിഞ്ഞിരുന്നു.

ആരാധകരുടെ സ്നേഹത്താൽ തന്റെ കണ്ണ് നിറഞ്ഞു എന്നാണ് ഇവാൻ പറഞ്ഞിട്ടുള്ളത്. ഭീമാകാരമായ ഒരു ടിഫോ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുക്കിയിരുന്നു. വലിയ ആർപ്പുവിളികളോട് കൂടിയാണ് ഇവാന്റെ കളത്തിലേക്കുള്ള വരവ് ബ്ലാസ്റ്റേഴ്സ് ആരാധകർ വരവേറ്റത്.കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായുള്ള ദൃഢമായ ബന്ധത്തെക്കുറിച്ച് ഇവാൻ സംസാരിക്കുകയുണ്ടായി.

“ബ്ലാസ്റ്റേഴ്‌സും കേരളവും എനിക്ക് നൽകുന്നതിനേക്കാൾ കൂടുതൽ മറ്റൊരു ടീമിനും നൽകാൻ കഴിയില്ല. മറ്റു ടീമിലേക്ക് പോയാൽ കൂടുതൽ പ്രതിഫലം ലഭിച്ചേക്കാം. പക്ഷെ, ഇവിടം എനിക്ക് സ്പെഷ്യലാണ്. വിലക്ക് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ആരാധകർ നൽകിയ സ്നേഹം എന്റെ കണ്ണുകൾ നനയിച്ചു. അവരോട് എനിക്കെന്നും കടപ്പാടുണ്ട്. വൈകാരികമായ സ്നേഹമാണ് ബ്ലാസ്റ്റേഴ്‌സും ഫാൻസും എനിക്ക് സമ്മാനിക്കുന്നത്. മറ്റൊരു ടീമിനും അത് നൽകാൻ കഴിയില്ല”ഇവാൻ പറഞ്ഞു.

“ടീം ഉടമകളോട് ഞാൻ പറഞ്ഞിട്ടുണ്ട്, ബ്ലാസ്റ്റേഴ്‌സ് വിടുകയെന്നാൽ അതിനർത്ഥം ഇന്ത്യ വിടുകയാണെന്നാണ്. മറ്റൊരു ടീമിലേക്കും ഞാൻ ചേക്കേറാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിൽ ഞാൻ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരേയൊരു ടീം കേരള ബ്ലാസ്റ്റേഴ്‌സാണ്. അവരാണ് എന്റെ ഹൃദയം.” അദ്ദേഹം പറഞ്ഞു.

നിലവിൽ അഞ്ചു കളികളില്‍ ഏഴ് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് . 4 കളികളില്‍ 12 പോയന്റുമായി മോഹൻ ബാഗനാണ് ഒന്നാം സ്ഥാനത്തുള്ളത്.നവംബർ നാലിന് ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്നും മൂന്നു വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ഒരു തോൽവിയും സമനിലയും വഴങ്ങി.

3.6/5 - (7 votes)