‘പഴകുംന്തോറും വീര്യമേറികൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ’ : 30 വയസ്സിന് ശേഷം 400 കരിയർ ഗോളുകൾ നേടി പോർച്ചുഗീസ് സൂപ്പർതാരം|Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തോളിലേറി കുതിക്കുകയാണ് അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ ഖലീജിനെ പരാജയപ്പെടുത്തി.ക്രിസ്റ്റ്യാനോ റൊണാൾഡോയും, അയ്മെറിക് ലപോർട്ടയുമാണ് മത്സരത്തിൽ അൽ നസറിന്റെ ഗോളുകൾ നേടിയത്.‌

ഗോളിനൊപ്പം ഒരു അസിസ്റ്റും നൽകി ക്രിസ്റ്റ്യാനോ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.38 കാരനായ റൊണാൾഡോ 26-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനു പുറത്ത് നിന്നും നേടിയ മനോഹരമായ ഗോളിലൂടെ അൽ നാസറിനെ മുന്നിലെത്തിച്ചു.അൽ നസറിനായി അവസാനം കളിച്ച രണ്ട് കളികളിലും ഗോൾ നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. 2023 ലെ റൊണാൾഡോയുടെ 44 ആം ഗോളായിരുന്നു ഇത്.ഈ ഗോളോടെ 30 വയസ്സ് തികഞ്ഞതിനു ശേഷം 400 ഗോൾ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി 38 കാരനായ താരം മാറി.

2015 ഫെബ്രുവരിയിൽ റൊണാൾഡോ തന്റെ 30-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഗോളുകളുടെ എണ്ണം 463 ആയിരുന്നു.ക്ലബ്ബിനായി 41-ാം മത്സരത്തിൽ അൽ-നാസറിന് വേണ്ടി റൊണാൾഡോയുടെ 35-ാം ഗോളായിരുന്നു ഇത്. ഇതോടെ അദ്ദേഹത്തിന്റെ സീനിയർ കരിയറിലെ മൊത്തം ഗോളുകൾ 863 ആയി.ഗരീബിന്റെ പാസിൽ നിന്നായിരുന്നു പോർച്ചുഗീസ് താരത്തിന്റെ സീസണിലെ 12-ാം ലീഗ് ഗോൾ പിറന്നത്.കൂടാതെ അദ്ദേഹം തന്റെ ഏഴാമത്തെ അസിസ്റ്റും നൽകി.

അയ്‌മെറിക് ലാപോർട്ടെയുടെ ഗോളിന് അസിസ്റ്റ് ചെയ്തത് റൊണാൾഡോയാണ്. ജയത്തോടെ 12 കളികളിൽ 28 പോയിന്റായ അൽ നസർ എഫ്സി, സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയിൽ ര‌ണ്ടാം സ്ഥാനത്തുണ്ട്. സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിൽ പരാജയപ്പെട്ട അൽ നാസർ തുടർന്ന് സ്വപ്ന കുതിപ്പാണ് നടത്തുന്നത്. ഇതിന് ശേഷം കളിച്ച 10 മത്സരങ്ങളിൽ അപരാജിതരായ അൽ നസർ, ഇതിൽ സാധ്യമായ 30 പോയിന്റുകളിൽ 28 പോയിന്റ് സ്വന്തമാക്കി.

Rate this post