സെമിഫൈനലിനു മുൻപ് ഡേവിഡ് ബെക്കാം സച്ചിൻ ടെണ്ടുൽക്കർക്ക് കൈമാറിയ ജേഴ്സി മെസ്സിയുടേത് | Lionel Messi

മുംബൈയിൽ നടന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് 2023 സെമിഫൈനൽ കാണാൻ ഇംഗ്ലീഷ് ഇതിഹാസ താരം ഡേവിഡ് ബെക്കാമും സന്നിഹിതനായിരുന്നു.ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനൊപ്പമായിരുന്നു ബെക്കാം മൈതാനത്തേക്ക് വന്നത്.മത്സരം ആരംഭിക്കും മുൻപ് ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും താരങ്ങളുമായി ഡേവിഡ് ബെക്കാം ആശയ വിനിമയം നടത്തി.

കളിക്കാരുടെ പരിശീലന സെഷനിടെയായിരുന്നു ഗ്രൗണ്ടിലേക്ക് വന്നത്.മത്സരത്തിനിടെ ഡേവിഡ് ബെക്കാമും സച്ചിൻ ടെണ്ടുൽക്കറും ജേഴ്സി കൈമാറുകയും ചെയ്തു. ബെക്കാം സച്ചിന് ലയണൽ മെസ്സി പത്താം നമ്പർ ജേഴ്‌സി സമ്മാനിച്ചപ്പോൾ മാസ്റ്റർ ബ്ലാസ്റ്റർ അദ്ദേഹത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി നൽകി. മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സി കളിക്കുന്ന ഇന്റർ മയാമിയുടെ സഹ ഉടമസ്ഥനാണ് ഡേവിഡ് ബെക്കാം.

ആദ്യമായി ഇന്ത്യയിൽ വന്നത് അതിന്റെ ശരിയായ സമയത്ത് തന്നെയാണ് എന്നാണ് ബെക്കാമിന്റെ അഭിപ്രായം. സ്കൂളിൽ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നെന്നും ബെക്കാം പറഞ്ഞു.”സ്‌കൂളിൽ കുട്ടിയായിരുന്നപ്പോൾ ക്രിക്കറ്റ് കളിക്കുമായിരുന്നു, ബാറ്റ്‌സ്മാൻ ആകുന്നത് എനിക്ക് എപ്പോഴും ഇഷ്ടമായിരുന്നു, ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനും എനിക്ക് ഇഷ്ടമായിരുന്നു, അതിനാൽ ഞാൻ ഒരു ഓൾറൗണ്ടറായിരിക്കാം, പക്ഷേ ഞാൻ എന്നെ കൂടുതൽ ബാറ്ററായി കാണുന്നു,” ബെക്കാം കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെ 50-ാം ഏകദിന സെഞ്ചുറിയും (117) ശ്രേയസ് അയ്യറുടെ (105) തുടർച്ചയായ രണ്ടാം ലോകകപ്പ് സെഞ്ചുറിയും ചേർന്ന് 50 ഓവറിൽ 397/4 എന്ന കൂറ്റൻ സ്‌കോർ നേടി. രോഹിത് ശർമ്മ (47), ശുഭ്മാൻ ഗിൽ (പുറത്താകാതെ 80) എന്നിവരും ബാറ്റിംഗിൽ സംഭാവന നൽകി.ഡാരിൽ മിച്ചലും (134) കെയ്ൻ വില്യംസണും (69) ചേർന്ന് 181 റൺസ് നേടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.

എന്നാൽ ഒരു ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി ഷമി ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. തുടർച്ചയായ വിക്കറ്റ് വീഴ്ത്തി ഷമി കിവികളുടെ സ്വപനങ്ങൾ തകർത്തു.ഒടുവിൽ 7/57 എന്ന കരിയറിലെ മികച്ച പ്രകടനത്തോടെ ഗെയിം പൂർത്തിയാക്കി.ന്യൂസിലൻഡിനെ 70 റൺസിന് പരാജയപ്പെടുത്തി ലോകകപ്പിന്റെ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്.

Rate this post