അർജന്റീനയും ബ്രസീലും തോൽക്കുമ്പോൾ ക്രിസ്ത്യാനോ ആറാടുകയാണ്, റാമോസിന്റെ റെക്കോർഡും തകർത്തു |Cristiano Ronaldo

2024ൽ നടക്കുന്ന യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച വിജയം നേടിയിരിക്കുകയാണ് സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. ഇന്ന് നടന്ന മത്സരത്തിൽ ലൈക്ടെൻസ്റ്റൈനെ പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ യൂറോ കപ്പ് യോഗ്യത മത്സരങ്ങളിലെ വിജയ കുതിപ്പ് തുടരുന്നത്. തുടർച്ചയായ ഒമ്പതാമത്തെ മത്സരത്തിലാണ് പോർച്ചുഗൽ ഒമ്പതാമത്തെ വിജയം നേടുന്നത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് പോർച്ചുഗലിന്റെ വിജയം ഉറപ്പിക്കുന്ന രണ്ടു ഗോളുകളും എത്തുന്നത്. 46-മിനിറ്റിൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും, 57-മിനിറ്റിൽ ജാവോ കാൻസലോയുമാണ് പോർച്ചുഗലിനു വേണ്ടി സ്കോർ ചെയ്യുന്നത്. ഈ മത്സരത്തിൽ ഗോൾ നേടിയതോടെ യൂറോ കപ്പ് യോഗ്യത മത്സരങ്ങളിലെ ടോപ് സ്കോററായി ക്രിസ്ത്യാനോ റൊണാൾഡോ മാറിയിട്ടുണ്ട്.

ബെൽജിയത്തിന്റെ താരമായ ലുകാകുവിനോടൊപ്പം പത്തു ഗോളുകളുമായി ക്രിസ്ത്യാനോ റൊണാൾഡോ ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമതാണ്. ഒമ്പത് മത്സരങ്ങളിൽ നിന്നും ഒമ്പതും വിജയിച്ച പോർച്ചുഗൽ മികച്ച ഫോമിലാണ് യൂറോകപ്പിന് ഒരുങ്ങുന്നത്. യൂറോ കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടിയതോടെ തന്റെ മുൻ സഹതാരമായ സെർജിയോ റാമോസിനെ മറികടന്ന് മറ്റൊരു റെക്കോർഡ് കൂടി ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന താരമായാണ് റൊണാൾഡോ മാറിയത്. 30 വിജയങ്ങൾ സ്വന്തമാക്കിയ സെർജിയോ റാമോസിനെ മറികടന്നുകൊണ്ട് 31 വിജയങ്ങളുമായി ക്രിസ്ത്യാനോ റൊണാൾഡോ ഒന്നാം സ്ഥാനം നേടി. ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമായ ക്രിസ്ത്യാനോ റൊണാൾഡോ ഒരുപക്ഷേ തന്റെ കരിയറിലെ അവസാന യൂറോ കപ്പ് ആയിരിക്കും 2024ൽ കളിക്കാൻ ഒരുങ്ങുന്നത്. കൂടാതെ 2026 ഫിഫ ലോകകപ്പ് കളിക്കുവാൻ വേണ്ടിയും ക്രിസ്ത്യാനോ റൊണാൾഡോ ഒരുങ്ങുന്നുണ്ട്.

4.5/5 - (2 votes)