‘അർജന്റീനയ്‌ക്കെതിരെ ജയിക്കുമോ തോൽക്കുമോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു ഉറപ്പുമില്ല’ : ബ്രസീൽ ഫെർണാണ്ടോ ദിനിസ് |Brazil

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വെയ്ക്ക് പിന്നാലെ കൊളംബിയയോടും പരാജയപ്പെട്ടിരിക്കുകയാണ് അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്. ഒരു ഗോളിനു തുടക്കത്തില്‍ തന്നെ മുന്നിലെത്തിയ അവര്‍ കളിയുടെ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയാണ് തോല്‍വി ഏറ്റുവാങ്ങിയത്.

കൊളംബിയക്കായി ലിവര്‍പൂള്‍ താരം ലൂയിസ് ഡിയസ് ഇരട്ട ഗോളുകള്‍ നേടി. ബ്രസീലിന്റെ ഗോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വകയായിരുന്നു. ലോകകകപ്പ് യോഗ്യതയിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ബ്രസീലിന് ജയിക്കാൻ കഴിഞ്ഞിട്ടില്ല. തൊലിയുടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ബ്രസീൽ. പരിക്കേറ്റ സൂപ്പർ താരം നെയ്മറുടെ അഭാവത്തിൽ ബ്രസീലിയൻ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. പ്രതിരോധത്തിലും വലിയ പാളിച്ചകൾ സംഭവിക്കുകയും ചെയ്തു.

ബ്രസീലിന്റെ അടുത്ത മത്സരം ചാമ്പ്യന്മാരായ അര്ജന്റീനക്കെതിരെയാണ്. ബുധനാഴ്ച പുലർച്ചെ ആറു മണിക്ക് മാരക്കാനയിൽ വെച്ചാണ് മത്സരം നടക്കുക. ഉറുഗ്വേയോട് രണ്ടു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയാണ് അര്ജന്റീന ബ്രസീലിനെ നേരിടാൻ എത്തുന്നത്.”അർജന്റീനയ്‌ക്കെതിരെ ജയിക്കുമോ തോൽക്കുമോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു ഉറപ്പുമില്ല.ലിബർട്ടഡോർസ് കിരീടം നേടിയപ്പോൾ ഞാൻ അത് പറഞ്ഞു.നോക്കൂ ഫലം എനിക്ക് അത്ര താൽപ്പര്യമില്ലാത്ത കാര്യമാണ്. ടീം ക്രമേണ വികസിച്ചുവരികയാണെന്ന് ഞാൻ കരുതുന്നു,ഞങ്ങൾ പുരോഗതി കൈവരിക്കുന്നുണ്ട്, നല്ല രീതിയിൽ കളിക്കുന്നുമുണ്ട്”കൊളംബിയക്കെതിരായ മത്സരത്തിന് ശേഷം ബ്രസീൽ ടീമിന്റെ പരിശീലകൻ ഫെർണാണ്ടോ ദിനിസ് പറഞ്ഞു.

ഉറുഗ്വേയോടുള്ള തോൽവിയുടെ പശ്ചാത്തലത്തിൽ വിജയിക്കാൻ മാത്രമായിരിക്കും ലയണൽ മെസ്സിയും സംഘവും ബ്രസീലിലേക്ക് വണ്ടി കയറുക. ഇന്നത്തെ മത്സരത്തിന് ശേഷം ലയണൽ മെസ്സി അത് വ്യക്തമാക്കുകയും ചെയ്തിരുന്നു.ബ്രസീലിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് മെസി ഉറപ്പിച്ചു പറയുകയും ചെയ്തു.

10 ടീമുകളുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അർജന്റീന ഇപ്പോഴും മുന്നിലാണ്. 10 പോയിന്റുള്ള ഉറുഗ്വായ് രണ്ടാമതാണ്. കൊളംബിയയ്ക്ക് ഒമ്പതും വെനസ്വേലയ്ക്ക് എട്ട് പോയിന്റും ഉണ്ട്.ബ്രസീൽ ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.ഇക്വഡോർ, പരാഗ്വേ, ചിലി എന്നിവർക്ക് അഞ്ച് പോയിന്റ് വീതമുണ്ട്. ബൊളീവിയയ്ക്ക് മൂന്നും പെറുവിന് ഒരു പോയിന്റും ഉണ്ട്.

Rate this post