ഹാട്രിക്ക് തോൽവി ഒഴിവാക്കാൻ ബ്രസീൽ, ആദ്യ ഗോൾ നേടാൻ ലയണൽ മെസ്സി | Brazil vs Argentina
2026 CONMEBOL ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ബ്രസീലിനെ നേരിടും.റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.ബുധനാഴ്ച ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) രാവിലെ 6:00 ന് മത്സരം ആരംഭിക്കും.
ബാരൻക്വില്ലയിലെ എസ്റ്റാഡിയോ മെട്രോപൊളിറ്റാനോയിൽ ആതിഥേയരായ കൊളംബിയയോട് 1-2 ന് തോറ്റതിന് ശേഷമാണ് ബ്രസീൽ അര്ജന്റീനയെ നേരിടുന്നത്.നാലാം മിനിറ്റിൽ തന്നെ സ്റ്റാർ ഫോർവേഡ് ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന് ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയിൽ ലൂയിസ് ഡിയാസ് നേടിയ ഇരട്ട ഗോളിൽ കൊളംബിയക്ക് തകർപ്പൻ ജയം നേടി.ഫെർണാണ്ടോ ദിനിസിന്റെ കീഴിൽ ബ്രസീൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ട് വിജയവും ഒരു സമനിലയും രണ്ട് തോൽവിയും രേഖപ്പെടുത്തി അഞ്ചാം സ്ഥാനത്താണ്.
മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടിലെ ആദ്യ തോൽവിക്ക് കീഴടങ്ങിയ അർജന്റീന ബ്രസീലിനെതിരെ വിജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്.അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ലാ ബൊംബോനേരയിൽ നിലവിലെ ലോകകപ്പ് ചാമ്പ്യൻമാർ ഫോമിലുള്ള ഉറുഗ്വേയോട് 0-2 ന് തോറ്റു.തോറ്റെങ്കിലും ലയണൽ സ്കലോനിയുടെ അർജന്റീന അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനയ്ക്കെതിരെ മികച്ച റെക്കോർഡാണ് ബ്രസീലിനുള്ളത്.
അഞ്ച് തവണ ഫിഫ ലോകകപ്പ് ചാമ്പ്യന്മാർ ഇതുവരെ പരസ്പരം കളിച്ച 113 മത്സരങ്ങളിൽ 46 എണ്ണവും വിജയിച്ചു. അർജന്റീന 41 വിജയങ്ങൾ നേടിയപ്പോൾ 26 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.2021 നവംബറിൽ അർജന്റീനയിലെ എസ്റ്റാഡിയോ സാൻ ജുവാൻ ഡെൽ ബിസെന്റനാരിയോയിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ബ്രസീലും അർജന്റീനയും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. യോഗ്യത മത്സരങ്ങളിൽ ലയണൽ മെസിക്കും ബ്രസീലിനെതിരെ മികച്ച റെക്കോർഡല്ല ഉള്ളത്.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ അദ്ദേഹം ഒരിക്കലും സ്കോർ ചെയ്തിട്ടില്ല.
സ്വന്തം രാജ്യത്ത് അർജന്റീനയ്ക്കെതിരെ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ ഒരിക്കലും തോറ്റിട്ടില്ല ,മൂന്ന് തവണ വിജയിക്കുകയും ഒരു മത്സരം സമനിലയാവുകയും ചെയ്തു.2004 ജൂൺ മുതൽ അർജന്റീനയ്ക്കെതിരായ ഹോം ക്വാളിഫയറിൽ അവർ ഒരു ഗോൾ വഴങ്ങിയിട്ടില്ല, 3-1 വിജയത്തിൽ ജുവാൻ പാബ്ലോ സോറിൻ ആശ്വാസ ഗോൾ നൽകി.കോപ്പ അമേരിക്ക 2019 സെമിഫൈനലിലാണ് അർജന്റീനയ്ക്കെതിരായ ബ്രസീലിന്റെ അവസാന ജയം.ഗബ്രിയേൽ ജീസസിന്റെയും റോബർട്ടോ ഫിർമിനോയുടെയും ഗോളുകൾ അർജന്റീനയെ വീഴ്ത്തി.