ഗാർഡിയോളയെയും ഫുട്ബോൾ പണ്ഡിറ്റുകളെയും ഞെട്ടിച്ചു, കണക്കുകളിൽ ആസ്റ്റൻ വില്ല വേറെ ലെവൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആസ്റ്റൻ വില്ല VS മാഞ്ചസ്റ്റർ സിറ്റി പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാരായ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് ആസ്റ്റൻ വില്ല വിലപ്പെട്ട മൂന്ന് പോയിന്റുകൾ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് സ്വന്തമാക്കി. നിലവിലെ പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ മത്സരത്തിലുടനീളം തടഞ്ഞിട്ടുകൊണ്ടാണ് ആസ്റ്റൻ വില്ലയുടെ സുപ്രധാന വിജയം.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 74 മിനിറ്റിലാണ് ലിയോൺ ബെയ്‌ലി നേടുന്ന ഗോളിൽ ആസ്റ്റൻ വില്ല വിജയം സ്വന്തമാക്കുന്നത്. ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പോയിന്റ് ടേബിളിൽ 15 മത്സരങ്ങളിൽ നിന്നും 32 പോയിന്റുകൾ സ്വന്തമാക്കിയ ആസ്റ്റൻ വില്ല 30 പോയിന്റുകൾ ഉള്ള മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നുകൊണ്ട് മൂന്നാം സ്ഥാനത്ത് എത്തി. 15 മത്സരങ്ങളിൽ നിന്നും 36 പോയിന്റുകളും 34 പോയന്റുകളും സ്വന്തമാക്കിയ ആർസണൽ, ലിവർപൂൾ എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ.

മത്സരത്തിന്റെ കണക്കുകളിലേക്ക് നോക്കുകയാണെങ്കിൽ ബോൾ പൊസിഷൻ, പാസ് തുടങ്ങിയ കാര്യങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ചെറിയതോതിൽ മികവ് കാട്ടിയെങ്കിലും ആക്രമണത്തിന്റെ കാര്യത്തിൽ ആസ്റ്റൻ വില്ല തന്നെയാണ് ബഹുദൂരം മുന്നിലുള്ളത്. വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തമാക്കാനയത്. എന്നാൽ മറുഭാഗത്ത് 22 ഷോട്ടുകൾ ആണ് സിറ്റിക്ക് നേരെ ആസ്റ്റൻ വില്ല തൊടുത്തുവിട്ടത്. കോർണറുകളുടെ കാര്യത്തിലും സിറ്റി പൂജ്യം നേടിയപ്പോൾ ഹോം ടീം 6 കോർനർ സ്വന്തമാക്കി. ഓഫ്‌സൈഡിൽ സിറ്റി 5 എണ്ണം വഴങ്ങിയപ്പോൾ ഹോം ടീം ഒരു ഓഫ്‌സൈഡ് പോലും വഴങ്ങിയില്ല.

ഹോം സ്റ്റേഡിയത്തിൽ വിജയിച്ചതോടെ തുടർച്ചയായ പതിനാലാമത്തെ മത്സരത്തിലാണ് ഉനായ് എംറി എന്ന പരിശീലകന് കീഴിൽ ആസ്റ്റൻ വില്ല വിജയിക്കുന്നത്. അടുത്ത മത്സരം വിജയിക്കാൻ ആയാൽ 149 വർഷം പഴക്കമുള്ള ക്ലബ്ബിന്റെ റെക്കോർഡ് സ്വന്തമാക്കാനും ഈ ടീമിന് കഴിയും. ആസ്റ്റൻ വില്ല തങ്ങളെക്കാൾ മികച്ച ടീമായി കളിച്ചുവെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

3/5 - (3 votes)