‘നെക്സ്റ്റ് സ്റ്റോപ്പ് ഇന്റർ മിയാമി’ : മാരക്കാനയിൽ ഇരട്ട ഗോളുകളുമായി ബ്രസീലിയൻ ഗ്രെമിയോയോട് വിടപറഞ്ഞ് ലൂയി സുവാരസ് | Luis Suárez

യൂറോപ്യൻ വമ്പൻമാരായ ലിവർപൂൾ, എഫ്‌സി ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയിലെ ചരിത്രപരമായ പ്രകടനങ്ങളോടെ സമീപകാലത്തെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായാണ് ഉറുഗ്വേൻ സൂപ്പർ താരം ലൂയിസ് സുവാരസ് അറിയപ്പെടുന്നത്.അവസാന മത്സരത്തിൽ രണ്ടു ഗോളുകൾ നേടി ലൂയിസ് സുവാരസ് ബ്രസീലിയൻ ക്ലബ് ഗ്രെമിയോയോട് വിട പറഞ്ഞിരിക്കുകയാണ്.

ഫ്ലുമിനെൻസിനെ മരക്കാനയിൽ 3-2 ന് തോൽപ്പിച്ച് ഗ്രെമിയോ കോപ്പ ലിബർട്ടഡോഴ്‌സിന് യോഗ്യത നേടുകയും ചെയ്തു. ഇന്നലത്തെ മത്സരത്തോടെ 800 ഔദ്യോഗിക മത്സരങ്ങൽ പൂർത്തിയാക്കാനും സുവാരസിന് സാധിച്ചു. ചാമ്പ്യന്മാരായ പാൽമിറസിന് രണ്ടു പോയിന്റ് പിന്നിലായാണ് ഗ്രെമിയോ ഫിനിഷ് ചെയ്തത്. ലീഗിൽ 17 ഗോളുകൾ നേടി രണ്ടാമത്തെ ടോപ് സ്കോററായാണ് സുവാരസ് ക്ലബ്ബിൽ നിന്നും വിടവാങ്ങുന്നത്.20 ഗോളുകൾ നേടിയ പൗളീഞ്ഞോയാണ് ലീഗിലെ ടോപ് സ്‌കോറർ.

ജനുവരിയിൽ പോർട്ടോ അലെഗ്രെയിൽ എത്തിയ ശേഷം 54 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും 17 അസിസ്റ്റുകളും ഉറുഗ്വേൻ നേടിയിട്ടുണ്ട്.ഇന്നലെ പനേങ്ക സ്‌റ്റൈൽ പെനാൽറ്റി ഉൾപ്പെടെ ഇരട്ട ഗോളുകൾ നേടി വിടവാങ്ങൽ ഗംഭീരമാക്കുകയും ചെയ്തു. ഗ്രീമിയൊക്കൊപ്പം ഗൗച്ചോ ചാമ്പ്യൻഷിപ്പും ഗൗച്ച കപ്പ് വിന്നേഴ്‌സ് കപ്പും സുവാരസ് നേടി.

ബ്രസീലിയൻ ടീമുമായുള്ള കരാർ അവസാനിപ്പിച്ച സുവാരസ് 2024 മുതൽ ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ, കോച്ച് ജെറാർഡോ എന്നിവരുമായി വീണ്ടും ഒന്നിക്കാൻ ഇന്റർ മയാമിയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.കാൽമുട്ടിന്റെ പ്രശ്‌നങ്ങൾ കാരണം കളിക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഈയിടെ നടന്ന അഭിമുഖത്തിൽ സുവാരസ് തുറന്നു പറഞ്ഞിരുന്നു.

Rate this post