‘7 ചുവപ്പ് കാർഡും 11 മഞ്ഞ കാർഡും’ : കാർഡുകളുടെ പെരുമഴ കണ്ട മത്സരത്തിൽ ബഗാനെ വീഴ്ത്തി മുംബൈ |ISL 2023-24

ഇന്നലെ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന രണ്ട് ഇന്ത്യൻ സൂപ്പർ ലീഗിലെ ഹെവിവെയ്റ്റുകൾ തമ്മിലുള്ള ഉഗ്രമായ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ മുംബൈ സിറ്റി എഫ്സി 2-1 ന് വിജയം ഉറപ്പിച്ചു.നാടകീയ നിമിഷങ്ങൾ നിറഞ്ഞ മത്സരത്തിൽ ഏഴു ചുവപ്പ് കാർഡുകളാണ് റഫറി പുറത്തെടുത്തത്. ഇത്രയധികം കാർഡുകൾ പുറത്തെടുത്ത മത്സരം ഇതിനു മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ തന്നെ നടന്നിട്ടുണ്ടോ എന്നത് സംശയമാണ്.

25ാം മിനിറ്റിൽ ജേ​സ​ൺ ക​മി​ങ്സി​ന്റെ ഗോളിലൂടെ മോഹൻ ബഗാനാണ് ആദ്യം ലീഡെടുക്കുന്നത്. ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ ഗ്രെ​ഗ് സ്റ്റു​വ​ർട്ട് മുംബൈ സിറ്റിക്ക് വേണ്ടി സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ 73 മിനിറ്റിൽ വിപിൻ സിങ്ങിലൂടെ മുംബൈ വിജയ് ഗോൾ നേടി.മത്സരത്തിന്റെ തുടക്കം തൊട്ടേ റെഡ് കാർഡുകളും യെല്ലോ കാർഡുകളും യഥേഷ്ടം പിറന്നു.മത്സരത്തിൽ ഔദ്യോഗികമായി 7 റെഡ് കാർഡുകളാണ് പിറന്നിട്ടുള്ളത്.

മത്സരത്തിന്റെ 13ാം മിനിറ്റിലാണ് മുംബൈയുടെ ആകാശ് മിശ്ര ചുവപ്പ് കാർഡ് കണ്ടു പുറത്താകുന്നത്. മോഹൻ ബാഗൻ സ്ട്രൈക്കർ മാൻവീർ സിങ്ങിനെ ഫൗൾ ചെയ്ത ആകാശ് മിത്ര പുറത്തായതോടെ മുംബൈ പത്തായി ചുരുങ്ങി. 54ാം മിനിറ്റിലാണ് രണ്ടാമത്തെ ചുവപ്പ് കാർഡ് വരുന്നത്.മോഹൻ ബഗാൻ താരം ആശിഷ് റായിക്കും റഫറി ഡയറക്റ്റ് റെഡ് നൽകി.അതോടെ രണ്ടു ടീമും പത്ത് പോരായി ചുരുങ്ങി. അതിനു ശേഷം റഫറിയുടെ ശരീരത്തിൽ സ്‌പർശിച്ചതിനു മോഹൻ ബഗാന്റെ മറ്റൊരു താരമായ ലിസ്റ്റൻ കോളാകോക്ക് ഡയറക്റ്റ് റെഡ് ലഭിച്ചു.

ഗ്രെഗ് സ്റ്റുവാർട്ടിനെ രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി റഫറി പുറത്താക്കിയതിന് പിന്നാലെ വിക്രം പ്രതാപ് സിങ്ങിനും രണ്ടാമത്തെ മഞ്ഞക്കാർഡും ചുവപ്പുകാർഡും ലഭിച്ചു. അതിനു ശേഷം മോഹൻ ബഗാന്റെ ഹെക്റ്റർ യുസ്തേ, മുംബൈ സിറ്റിയുടെ രാഹുൽ ബേക്കേ എന്നിവരും നേരിട്ട് ചുവപ്പുകാർഡ് വാങ്ങി പുറത്തായി.മൊത്തം അഞ്ചു പേരാണ് കളിക്കിടെ പുറത്തേക്ക് പോകേണ്ടിവന്നത്. എന്നാൽ അവസാന വിസിലിന് ശേഷവും പരസ്പരം ഏറ്റുമുട്ടിയതോടെ മുംബൈ സിറ്റിയുടെ ക്യാപ്റ്റൻ രാഹുൽ ബേക്കെക്കും മോഹൻ ബഗാൻ ഡിഫൻഡർ ഹെക്ടർ യൂസ്റ്റെക്കും ചുവപ്പ് കാർഡ് ലഭിച്ചു.

മത്സരത്തിനു ശേഷം കോളടിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിനാണ്. ചുവപ്പുകാര്‍ഡും മഞ്ഞക്കാര്‍ഡുമെല്ലാം വാങ്ങിയതോടെ മൂന്ന് മുംബൈ താരങ്ങള്‍ക്കാണ് അടുത്ത മല്‍സരം നഷ്ടമാകുക. ഡിസംബര്‍ 24ന് കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേയാണ് മുംബൈയുടെ മല്‍സരമെന്നതാണ് കേരള ടീമിന്റെ സന്തോഷത്തിന് കാരണം. മുംബൈയില്‍ അവരുടെ തട്ടകത്തില്‍ ഈ സീസണിന്റെ തുടക്കത്തിലേറ്റ തോല്‍വിക്ക് കരംവീട്ടാന്‍ വലിയൊരു അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് തുറന്നുകിട്ടുന്നത്.ഗ്രെഗ് സ്റ്റീവാർട്ട്, വിക്രം പ്രതാപ് സിങ് ,ആകാശ് മിശ്ര, രാഹുൽ ബേക്കേ എന്നിവർക്ക് ബ്ലാസ്റ്റേഴ്സിനെതിരെ കളിയ്ക്കാൻ സാധിക്കില്ല.

Rate this post