കൊച്ചിക്കും ബ്ലാസ്റ്റേഴ്സിനും നാണക്കേട്,ഐഎസ്എല്ലിലെ ഏറ്റവും വലിയ ആരാധക കൂട്ടം ഇതിലും നല്ല സ്റ്റേഡിയം അർഹിക്കുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മത്സരത്തിൽ ശക്തരായ മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ദിമിത്രിയോസ് ഡയമന്റാകോസ്, ക്വാമി പെപ്രാഹ് എന്നിവർ നേടുന്ന ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടുഗോൾ വിജയം.

എന്നാൽ ഈ വിജയാഘോഷങ്ങൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരവധി പരാതികൾ ആണുള്ളത്. കൊച്ചി സ്റ്റേഡിയത്തിൽ കളി കാണാൻ എത്തുന്ന ആരാധകർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടിട്ടുണ്ട്. മൂന്നു മണിക്കൂറോളം സ്റ്റേഡിയത്തിനകത്തുണ്ടായിട്ടും കുടിവെള്ളമോ ഭക്ഷണമോ ലഭ്യമല്ലെന്ന പരാതികളാണുള്ളത്. കൂടാതെ വൃത്തഹീനമായ ബാത്റൂമുകളുടെ അവസ്ഥയും പരിതാപകരമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ ടിക്കറ്റ് നിരക്ക് നൽകി കളി കാണാൻ എത്തുന്ന ആരാധകർക്ക് മതിയായ സൗകര്യങ്ങൾ ലഭിക്കുന്നില്ല. കൂടാതെ സ്റ്റേഡിയത്തിന്റെ അവസ്ഥയും വളരെ മോശമാണ്. ഏറെ ആവേശത്തോടെയുള്ള ആരാധകരുടെ ആഘോഷങ്ങൾക്കൊപ്പമുള്ള സ്റ്റേഡിയത്തിന്റെ കുലുക്കം കാരണം ഒരു കോൺക്രീറ്റ് കഷ്ണം കഴിഞ്ഞ മത്സരത്തിനിടെ ആരാധകന് നേരെ വീഴുകയും പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.

തനിക്കു നേരെ വീണ കോൺക്രീറ്റ് കഷ്ണത്തിന്റെയും പരിക്ക് പറ്റിയതിന്റെയും വീഡിയോ ആരാധകൻ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ മുതൽ തന്നെ സ്റ്റേഡിയത്തിന്റെ സുരക്ഷയെ കുറിച്ചു ആശങ്കകൾ ഉയർന്നുകേൾക്കുന്നുണ്ട്. ഇന്ത്യയിൽ വെച്ച് നടന്ന അണ്ടർ 17 ലോകക്കപ്പിന് ശേഷം കൊച്ചി സ്റ്റേഡിയം വേണ്ട രീതിയിൽ പരിപാലിക്കുന്നില്ലെന്നും പരാതികൾ ഏറെയാണ്. ഉടൻ തന്നെ ആരാധകരുടെയും സ്റ്റേഡിയത്തിന്റെയും പ്രശ്നങ്ങൾ ഉത്തരവാദിത്വപ്പെട്ടവർ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4.2/5 - (20 votes)