കോപ്പ ഡെൽ റേയിൽ നിന്ന് ബാഴ്സലോണയും ജിറോണയും പുറത്ത് : ലീഗ് കപ്പ് ഫൈനലിൽ ചെൽസിയുടെ എതിരാളി ലിവർപൂൾ : ബയേൺ മ്യൂണിക്കിന് ജയം

അത്‌ലറ്റിക് ബിൽബാവോയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപെട്ട് കോപ്പ ഡെൽ റേയിൽ നിന്ന് പുറത്തായി ബാഴ്‌സലോണ. ഇന്നലെ നടന്ന ക്വാർട്ടർ മത്സരത്തിൽ ഇനാകി വില്യംസ്, ഇളയ സഹോദരൻ നിക്കോ വില്യംസ് എന്നിവർ എക്സ്ട്രാ ടൈമിൽ നേടിയ ഗോളുകൾക്കായിരുന്നു അത്‌ലറ്റിക് ബിൽബാവോയുടെ ജയം.തുടർച്ചയായ രണ്ടാം സീസണിലും കോപ്പ സെമിഫൈനലിലേക്ക് കടക്കാൻ ശ്രമിച്ച ബാഴ്‌സലോണയ്ക്ക് ഇത് മറ്റൊരു കനത്ത പ്രഹരമായിരുന്നു.

ഈ വർഷം ആദ്യം സൗദി അറേബ്യയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡിനോട് 4-1 ന് തോറ്റ കാറ്റലൻ ക്ലബ്ബിന് കിരീടം നേടാനുള്ള മറ്റൊരു അവസരം നഷ്ടമായി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരത്തിൽ അതിക സമയത്തേക്ക് നീണ്ടത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഗോർക്ക ഗുരുസെറ്റയുടെ സ്‌ട്രൈക്കിലൂടെ ബിൽബാവോ ലീഡ് നേടി. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി ഇടവേളയ്ക്ക് മുമ്പ് ബാഴ്‌സ തിരിച്ചടിച്ചു. 26 ആം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയും 32 ആം മിനുട്ടിൽ ലാമിൻ യമലുമാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്.

എന്നാൽ ഇടവേളയ്ക്കുശേഷം തിരിച്ചടിച്ച അത്‌ലറ്റിക് 49-ാം മിനിറ്റിൽ ഇടതുവശത്ത് നിക്കോ വില്യംസിന്റെ മനോഹരമായ ക്രോസിൽ നിന്ന് ഒയ്ഹാൻ സാൻസെറ്റിന്റെ ഹെഡ്ഡറിലൂടെ സമനില പിടിച്ചു.കൗമാരക്കാരനായ ലാമിൻ യമലിന് 86 ആം മിനുട്ടിൽ ബാഴ്സയുടെ വിജയ് ഗോൾ നേടാൻ അവസരം ലഭിച്ചു. എന്നാൽ അത്‌ലറ്റിക് ഗോൾകീപ്പർ ജൂലൻ അഗിർറെസാബാലയെ ഡ്രിബ്ലിംഗ് ചെയ്‌തെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. എക്സ്ട്രാ ടൈമിന്റെ 105 ആം മിനുട്ടിൽ ഇനാകി വില്യംസ് നേടിയ ഗോളിൽ അത്ലറ്റികോ ബിൽബാവോ ലീഡ് നേടി. 120 ആം മിനുട്ടിൽ നിക്കോ വില്യംസ് ബിൽബാവോയുടെ നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

സ്പാനിഷ് ലീഗ് ലീഡർ ജിറോണ മല്ലോർക്കയോട് 3-2ന് തോറ്റതോടെ ആദ്യമായി കോപ്പ സെമിയിലെത്താനുള്ള അവസരം നഷ്ടമായി.സൈൽ ലാറിൻ, അബ്‌ഡോൺ പ്രാറ്റ്‌സ്, അന്റോണിയോ റെയ്‌ലോ എന്നിവരുടെ ഗോളുകളിൽ 35-ാം മിനിറ്റിൽ ആതിഥേയർ 3-0ന് മുന്നിലെത്തി. 68-ാ ആം മിനുട്ടിൽ ക്രിസ്ത്യൻ സ്റ്റുവാനിയും ഇഞ്ചുറി ടൈമിൽ സാവിഞ്ഞോയ്‌ക്കുമൊപ്പം ജിറോണക്ക് വേണ്ടി സ്‌കോർ ചെയ്തു. 67 ആം മിനുട്ടിൽ പെനാൽറ്റി കിക്കിലേക്ക് നയിച്ച ഫൗളിനും റഫറിയോട് പരാതിപ്പെട്ടതിനും റെയ്‌ലോ തുടർച്ചയായി മഞ്ഞക്കാർഡ് കണ്ട് പുറത്തായതിന് ശേഷം ജിറോണ പത്തു പേരായി ചുരുങ്ങി.മറ്റൊരു ക്വാർട്ടർ മത്സരത്തിൽ റയൽ സോസിഡാഡ് സെൽറ്റ വിഗോയെ 2-1 ന് പരാജയപ്പെടുത്തി, നാല് സീസണുകൾക്ക് മുമ്പ് മത്സരത്തിൽ വിജയിച്ചതിന് ശേഷം ആദ്യമായി കോപ്പ സെമിഫൈനലിലെത്തി. ഇന്ന് നടക്കുന്ന മറ്റൊരു ക്വാർട്ടറിൽ അത്ലറ്റികോ മാഡ്രിഡ് സെവിയ്യയെ നേരിടും.

ക്രാവൻ കോട്ടേജിൽ നടന്ന കാർബാവോ സെമിഫൈനൽ ടൈയുടെ രണ്ടാം പാദത്തിൽ ഫുൾഹാമുമായി 1-1 ന് സമനില വഴങ്ങി ലിവർപൂൾ.ആദ്യ പഥത്തിൽ 2 -1 ന് വിജയിച്ച ലിവർപൂൾ ലീഗ് കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചു.ഫെബ്രുവരി 25-ന് വെംബ്ലി ഫൈനലിൽ ലിവർപൂൾ ചെൽസിയെ നേരിടും.11-ാം മിനിറ്റിൽ ഡയസ് നേടിയ ഗോളിൽ ലിവർപൂൾ ലീഡ് നേടി.76-ാം മിനിറ്റിൽ മുൻ ലിവർപൂൾ താരം ഹാരി വിൽസൺ നൽകിയ പാസിൽ നിന്നും നേടിയ ഗോളിൽ ഇസ ഡിയോപ് ഫുൾഹാമിനെ ഒപ്പമെത്തിച്ചു.ഇരു ടീമുകളും ഇപ്പോൾ അവരുടെ നാലാം റൗണ്ട് എഫ്‌എ കപ്പ് മത്സരങ്ങളിലേക്ക് ശ്രദ്ധ തിരിക്കും, ലിവർപൂൾ ഞായറാഴ്ച നോർവിച്ച് സിറ്റിയുമായി കളിക്കും, ഫുൾഹാം ശനിയാഴ്ച ന്യൂകാസിൽ യുണൈറ്റഡുമായി കളിക്കും.

ജർമൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് യൂണിയൻ ബെർലിനിനെതിരെ 1-0 ന് വിജയിച്ചു. 46 ആം മിനുട്ടിൽ റാഫേൽ ഗുറേറോയാണ് ബയേണിന്റെ വിജയ ഗോൾ നേടിയത്. വിജയത്തോടെ ബയേൺ 44 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു, ലെവർകുസൻ 48 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

5/5 - (1 vote)