കേരള ബ്ലാസ്റ്റേഴ്സിൽ പെപ്രയുടെ വിടവ് നികത്താൻ ജസ്റ്റിൻ ഇമ്മാനുവലിന് സാധിക്കുമോ ? | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഘട്ടത്തിനായി ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയിൽ ജസ്റ്റിൻ ഇമ്മാനുവലിനെ ലോൺ സ്‌പെല്ലിൽ നിന്ന് തിരിച്ചുവിളിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.2023-24 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനൊപ്പം ചേരാൻ ഫോർവേഡ് ഒരുങ്ങുകയാണ്.

ക്വാം പെപ്രയുടെ പരിക്കാണ് ലോൺ സ്പെല്ലിൽ നിന്ന് ഇമ്മാനുവലിനെ തിരിച്ചുവിളിക്കാനുള്ള പ്രധാന കാരണം. കലിംഗ സൂപ്പർ കപ്പിനിടെയാണ് ഘാന താരത്തിന് പരിക്കേൽക്കുന്നത്.ഞരമ്പിന് പരിക്കേറ്റതിനെത്തുടർന്ന് ക്വാമെ പെപ്ര ഈ സീസൺ മുഴുവൻ പുറത്തായിരിക്കും. 23 കാരനായ സ്‌ട്രൈക്കർ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി 12 മത്സരങ്ങൾ കളിക്കുകയും രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി. ലീഗിലെ അവസാന മത്സരങ്ങളിൽ പെപ്ര മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ മുന്നേറ്റ നിരയിൽ ഡിമിട്രിയോസ് ഡയമൻ്റകോസിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തിരുന്നു.

പെപ്രയുടെ പരിക്ക് കിരീടത്തിലേക്ക് മുന്നേറുന്ന ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി തന്നെയാണ് നൽകുക.സൂപ്പർ കപ്പിൻ്റെ ആദ്യ മത്സരത്തിൽ ഷില്ലോംഗ് ലജോംഗിനെ 3-1ന് തോൽപ്പിച്ച മത്സരത്തിൽ ക്വാമെ പെപ്ര രണ്ട് ഗോളുകൾ നേടിയിരുന്നു. എന്നാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഘാന താരത്തിന് പരിക്കേറ്റു. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 4-1 ന് പരാജയപ്പെടുകയും ചെയ്തു.ഗോകുലം കേരള എഫ്‌സിയിൽ ഒരു ചെറിയ ലോണിനു ശേഷം തിരിച്ചെത്തുന്ന ജസ്റ്റിൻ ഇമ്മാനുവലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകർക്ക് വലിയ പ്രതീക്ഷയാനുള്ളത്.

ഐ-ലീഗിൽ മലബാറിയൻ ടീമിലേക്ക് മാറുന്നതിന് മുമ്പ് 2023-ലെ ഡ്യൂറൻഡ് കപ്പിൽ മഞ്ഞപ്പടയ്ക്ക് വേണ്ടി അദ്ദേഹം രണ്ട് തവണ സ്കോർ ചെയ്തു.ഐ-ലീഗിലും സൂപ്പർ കപ്പിലും 11 മത്സരങ്ങളിൽ നിന്ന് ജസ്റ്റിൻ ഇമ്മാനുവൽ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി ഒരു ഗോൾ നേടുകയും 495 മിനിറ്റ് ഗെയിം ടൈം കളിക്കുകയും ചെയ്തു.കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാനും സീസണിലെ രണ്ടാം പാദത്തിൽ ഐഎസ്എൽ വിന്നേഴ്‌സ് ഷീൽഡ് നേടാനും സഹായിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.

ജസ്റ്റിൻ ഇമ്മാനുവൽ ക്ലബിലേക്കുള്ള തിരിച്ചുവരവിൽ ആരാധകർ വലിയ ആവേശത്തിലാണ്. ബ്ലാസ്റ്റേഴ്സിൽ പെപ്രയുടെ വിടവ് നികത്താൻ ജസ്റ്റിന് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.മുഖ്യ പരിശീലകനായ ഇവാൻ വുകോമാനോവിച്ച് താരത്തെ എങ്ങനെ ഉപയോഗിക്കും എന്ന് കണ്ടറിഞ്ഞ് കാണാം.