ബാഴ്‌സലോണയിൽ ലയണൽ മെസ്സിയുടെ സഹ താരമായിരുന്ന വിക്ടർ വാസ്‌ക്വസിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ | Victor Vazquez

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് പരിചയസമ്പന്നനായ സ്പാനിഷ് അറ്റാക്കിംഗ് മിഡ്‌ഫീൽഡർ വിക്ടർ വാസ്‌ക്വസിനെ സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.എഫ്‌സി ബാഴ്‌സലോണയിൽ ലയണൽ മെസ്സിയുടെ മുൻ സഹതാരമായിരുന്ന വാസ്‌ക്വസ് ക്ലബ് ബ്രൂഗ്, ടൊറൻ്റോ എഫ്‌സി, ലോസ് ഏഞ്ചൽസ് ഗാലക്‌സി തുടങ്ങിയ ക്ലബ്ബുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

എഫ്‌സി ബാഴ്‌സലോണയിലെ യൂത്ത് സിസ്റ്റത്തിലൂടെ ഉയർന്നുവന്ന വാസ്‌ക്വസ്, മെസ്സി, ഫാബ്രിഗാസ്, പിക്വെ എന്നിവരടങ്ങുന്ന ഐക്കണിക് ലാ മാസിയ ബാച്ചിൻ്റെ ഭാഗമായിരുന്നു. 2008-ൽ പെപ് ഗാർഡിയോള ബാഴ്‌സലോണയുടെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി, 2010-11 യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ എഫ്‌സി റൂബിൻ കസാനെതിരെ ബാഴ്സലോണക്കായി തൻ്റെ ആദ്യ ഗോൾ നേടി.2011 ഏപ്രിലിൽ, വാസ്ക്വസ് ബെൽജിയൻ പ്രോ ലീഗ് ടീമായ ക്ലബ് ബ്രൂഗിൽ ചേർന്നു.

173 ഔദ്യോഗിക മത്സരങ്ങളിൽ ക്ലബ് ബ്രൂഗിനെ പ്രതിനിധീകരിച്ച്, വാസ്ക്വസ് 25 ഗോളുകളും 50 അസിസ്റ്റുകളും രജിസ്റ്റർ ചെയ്തു, അവരെ ഒരു ബെൽജിയൻ കപ്പിലേക്കും (2014-15) ഒരു ബെൽജിയൻ പ്രോ ലീഗ് (2015-16) കിരീടത്തിലേക്കും നയിച്ചു.ക്ലബ്ബ് ബ്രൂഗിനെ 2014-15 യുവേഫ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് കൊണ്ടുപോകുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു, കൂടാതെ ബെൽജിയൻ പ്രൊഫഷണൽ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു.ക്ലബ് ബ്രൂഗിൽ നിന്ന് പോയതിനു ശേഷം മെക്സിക്കോയുടെ ക്രൂസ് അസുൽ, ഖത്തർ സ്റ്റാർ ലീഗിൻ്റെ അൽ-അറബി, ഉം സലാൽ എസ്‌സി, ബെൽജിയൻ പ്രോ ലീഗിൻ്റെ കെഎഎസ് ,ടൊറൻ്റോ എഫ്‌സി , എൽഎ ഗാലക്‌സി തുടങ്ങിയ നിരവധി ക്ലബ്ബുകൾക്കായി വാസ്ക്വസ് കളിച്ചിട്ടുണ്ട്.

“ഇമാമി ഈസ്റ്റ് ബംഗാളിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ക്ലബ്ബിൻ്റെ മഹത്തായ ചരിത്രത്തെക്കുറിച്ചും ആരാധകരുടെ അവിശ്വസനീയമായ അഭിനിവേശത്തെക്കുറിച്ചും കോച്ച് കാർലെസിൽ നിന്നും കോച്ച് ഡിമാസിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ എൻ്റെ വ്യക്തിമുദ്ര പതിപ്പിക്കാനും ഈ ഐക്കണിക് ക്ലബ്ബിൻ്റെ വിജയത്തിന് സംഭാവന നൽകാനും ഞാൻ ആവേശത്തിലാണ്. ജോയ് ഈസ്റ്റ് ബംഗാൾ!”വാസ്‌ക്വസ് പറഞ്ഞു.

Rate this post