‘ദിമി സ്കോറിംഗ് മെഷീനാണ്’ : ദിമിത്രിയോസ് ഡയമെന്റാക്കോസിനെ പ്രശംസിച്ച് ഇവാൻ വുകമാനോവിച് | Kerala Blasters

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എഫ്സി ഗോവയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ പിന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾ തിരിച്ചടിച്ച് വിജയം സ്വന്തക്കിയത്. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ക്യാപ്റ്റൻ ദിമിത്രിയോസ് ഡമന്റക്കോസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോർ സെർണിച്ചും ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തി.

റൗളിൻ ബോർഗെസും മുഹമ്മദ് യാസിറും എഫ്‌സി ഗോവക്കായി ഗോളുകൾ നേടി.മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഒരു കോർണറിനെ പിന്തുടർന്ന ബോർജെ ഹെരേരയുടെ അസിസ്റ്റിൽ റൗളിൻ ബോർഗെസ് ബ്ലാസ്റ്റേഴ്‌സ് വല ചലിപ്പിച്ചു.പതിനേഴാം മിനിറ്റിൽ സാദോയുടെ അസിസ്റ്റിൽ മുഹമ്മദ് യാസിർ രണ്ടാം ഗോൾ നേടി.അൻപത്തിയൊന്നാം മിനിറ്റിൽ ഡെയ്‌സുകെ സകായ് ഫ്രീകിക്കിൽ നിന്നും ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ മടക്കി.എൺപത്തിയൊന്നാം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ചാൻസിൽനിന്ന് ദിമിത്രിയോസാണ് സമനില ഗോൾ നേടിയത്. ശേഷം വെറും മൂന്നു മിനിറ്റിനുള്ളിൽ എണ്പത്തിനാലാം മിനിറ്റിൽ ദിമിത്രിയോസ് കേരളാ ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോൾ നേടി. 88 ആം മിനുട്ടിൽ ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ അസിസ്റ്റിൽ ഫെഡോർ സെർണിച്ച് നാലാം ഗോൾ നേടി.

പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ ഏറെ നിർണായകമായി. കഴിഞ്ഞ മത്സരത്തിൽ ദിമിയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരക്ക് മൂർച്ച കുറവായിരുന്നു. മത്സര ശേഷം ഇവാൻ ദിമിയുടെ പ്രകടനത്തെ വാനോളം പ്രശംസിക്കുകയും ചെയ്തു.“ദിമി പൂർണമായും സ്കോറിംഗ് മെഷീനാണ്.പകുതി അവസരം കിട്ടിയാൽ പോലും ഗോളാക്കി മാറ്റാനുള്ള കഴിവുണ്ട്.ദിമി ശരിക്കും അപകടകാരിയാണ്, ആരും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഗോളുകൾ നേടാനാകും. ഇതുപോലെയൊരു താരം ലീഗിൽ ഉണ്ടോ എന്നത് സംശയമാണ് ” ഇവാൻ പറഞ്ഞു.

പത്ത് ഗോളുകളുമായി ഗോൾ സ്‌കോറിംഗ് ചാർട്ടിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം ഇപ്പോൾ. ” ഫെഡറർ സെർണിച്ച് ഇതുവരെ തന്റെ നൂറു ശതമാനത്തിലെത്തിയിട്ടില്ല. പക്ഷെ അദ്ദേഹം ടീമിനായി സമർപ്പിക്കുന്ന രീതി, ഓടുകയും പോരാടുകയും ചെയ്യുന്നത് യുവ താരങ്ങൾക്ക് മാതൃകയാണ്” ഇവാൻ കൂട്ടിച്ചേർത്തു. ഇന്നലത്തെ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഇരുപത്തിയൊന്പത് പോയിന്റുമായി റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്കുയർന്നു. മാർച്ച് രണ്ട് ശനിയാഴ്ച ബെംഗളുരുവിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Rate this post