❝എല്ലാം നഷ്ടപെട്ടിടത്ത് നിന്ന് അർജന്റീനയെ വേൾഡ് കപ്പിലേക്ക് കൈപിടിച്ചുയർത്തിയ മെസ്സി മാജിക്❞
ഒക്ടോബർ 10- 2017 ചരിത്രത്തിലെ ഈ ദിവസം ഒരു ഫുട്ബോൾ ആരാധകനും മറക്കാനിടയില്ല. കാരണം 2018 റഷ്യ വേൾഡ്കപ്പ് യോഗ്യത അർജന്റീനക്ക് വിദൂരമാണെന്ന് ലോകം വിധിയെഴുതിയപ്പോൾ, ജയിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ട് ചരിത്രം എന്നും അർജന്റീനക്ക് വിലങ്ങു തടിയായി നിന്നിരുന്ന ഇക്വഡോറിൻറെ മലമുകളിൽ ആ കുറിയ മനുഷ്യൻ ചരിത്രം സൃഷ്ടിച്ചിട്ട് ഇന്നേക്ക് നാല് വർഷം .
അതെ ഞാനടക്കമുള്ള ഫുട്ട്‌ബോൾ ആരാധകർക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങൾ… തുടർ തോൽവികളും സമനിലകളും പിന്നോട്ട് വലിച്ച കോൺമെബോൾ യോഗ്യതാ മത്സരങ്ങൾ എല്ലാവരെയും തളർത്തിയിരുന്നു. മിന്നിക്കത്തുമെന്നു കരുതിയവർ ഒരു മിന്നാമിനുങ്ങിന്റെ നുറുങ് വെട്ടംപോലും നൽകാതെ കാഴ്ചക്കാരായി നിന്നിരുന്ന നിമിഷങ്ങൾ. തനിക്കിനിയും ദേശീയ ടീമിന് ചെയ്യാനുണ്ടെന്ന ഉത്തമ ബോധ്യത്തോടെ ആ മനുഷ്യൻ ഇക്വഡോർ മലചവിട്ടാൻ തന്നെ തീരുമാനിച്ചു.
പക്ഷെ സമുദ്രനിരപ്പിൽ എത്രയോ അടി ഉയരത്തുള്ള ആ മലമുകളിൽ മെസ്സിക്കും കൂട്ടർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ചുറ്റുമുള്ളവർ അടക്കം പറഞ്ഞു കളിയാക്കി ചിരിച്ചു. അവരെല്ലാം മറന്നുപോയൊരു കാര്യമുണ്ടായിരുന്നു ആരുടെ മുന്നിലും അടിയറവ് പറയാതെ മരണംവരെ പോരാടാൻ ലോകത്തിന് ഊർജ്ജം നൽകിയ ചെഗുവരെയുടെ നാട്ടിൽ നിന്നാണ് ആ മനുഷ്യൻ പന്തുതട്ടാൻ വന്നതെന്ന്… കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഇക്വഡോറിന്റെ പ്രഹരം, അത് സത്യമാകല്ലേ എന്ന് ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ച നിമിഷങ്ങൾ. പക്ഷെ വിട്ടുകൊടുക്കാൻ ആ മനുഷ്യൻ തയ്യാറായിരുന്നില്ല.
പിന്നീട് ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച തിരിച്ചുവിരിവ്. 12, 20, 63 മിനിറ്റുകളിലായി ആ മനുഷ്യന്റെ മൂന്നു ഷോട്ടുകൾ ചെന്ന് പതിച്ചത് ഇക്വഡോറിൻറെ ഗോൾ വലയിലായിരുന്നില്ല.. ഓരോ ഫുട്ട്‌ബോൾ പ്രാന്തന്മാരുടെയും മനസ്സിലേക്കായിരുന്നു. പല പണ്ഡിതന്മാരും പറഞ്ഞതുപോലെ അദ്ദേഹം മനുഷ്യൻ തന്നെയാണോ എന്ന് തോന്നിപ്പോയി നിമിഷങ്ങൾ.
കടപ്പാട് -അർജന്റീന ആരാധകൻ