റഫറിയുടെ തീരുമാനം തിരിച്ചടിയായി , തുടർച്ചയായ മൂന്നാം പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . കൊച്ചിയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾ വഴങ്ങി പരാജയപ്പെട്ടത്. ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ നാലാം തോൽവിയാണിത്.ജീസസ് ജിമെനെസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.

ഇന്നത്തെ മത്സരത്തിലും നോഹയില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. 13 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.കോറൗ സിംഗ് കൊടുത്ത പാസിൽ നിന്നും ജീസസ് ജിമെനെസാണ് ഗോൾ നേടിയത്. സ്പാനിഷ് താരം തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുന്നത്.ഐഎസ്എൽ ചരിത്രത്തിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കോറൗ സിങ് മാറുകയും ചെയ്തു.

19 ആം മിനുട്ടിൽ ഹൈദരാബാദിന് സമനില നേടാനുള്ള അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. 33–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ മുഹമ്മദ് ഐമനെ പിൻവലിച്ച് ഫ്രഡ്ഡിയെ കളത്തിലിറക്കി. 36–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിന്റെ വക്കിലെത്തിയതാണ്. ഇടതുവിങ്ങിൽ കോറു സിങ്ങും അഡ്രിയൻ ലൂണയും സുന്ദരമായ പാസിങ്ങിലൂടെ ബോക്സിനുള്ളിലേക്കെത്തിച്ച പന്ത് കോറു സിങ് ഉയർത്തി നൽകിയെങ്കിലും ഹിമെനെയ്ക്ക് പന്തിനു തലവയ്ക്കാനായില്ല.

43 ആം മിനുട്ടിൽ ഹൈദരാബാദ് തിരിച്ചടിച്ചു.ആൻഡ്രി ആൽബയാണ് ഗോൾ നേടിയത്. പരാഗ് ശ്രീവാസിന്റെ പാസിൽ നിന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ ഗോൾ പിറന്നത്.ഹൈദരാബാദിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്.ഹാഫ്‌ടൈം പകരക്കാരനായ എഡ്‌മിൽസൺ സ്‌കോർഷീറ്റിൽ എത്തിയെന്ന് തോന്നിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് കീപ്പർ സോം കുമാർ ഒരു പ്രധാന സേവ് നടത്തി. 70 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഹൈദരാബാദ് ലീഡ് നേടി.ഹോർമിപാമിന്റ് കയ്യിൽ തട്ടിയതിനാണ് പെനാൽറ്റിലഭിച്ചത്.ആൽബ പിഴവ് കൂടാതെ പന്ത് വലയിലെത്തിച്ചു.

അവസാന പത്തു മിനുട്ടായതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണം ശക്തമാക്കി. 81 ആം മിനുട്ടിൽ ഹൈദരാബാദ് താരം റബീഹിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടു മിനുട്ടിനു ശേഷം വീണ്ടും റബീഹിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.

Rate this post