ബാഴ്സ ഒഴിവാക്കുന്ന മിഡ്ഫീൽഡറെ ക്ലബിൽ എത്തിക്കാൻ ഇന്റർമിലാൻ.
ഇന്റർമിലാൻ പരിശീലകൻ അന്റോണിയോ കോന്റെ ക്ലബ്ബിൽ തന്നെ തുടരുമെന്ന് ഉറപ്പായ സ്ഥിതിക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്റർമിലാൻ. അതിന്റെ ഭാഗമെന്നോണമാണ് റോമയുടെ സൂപ്പർ താരം കൊളോറോവ്, മിലാന്റെ താരം സാൻഡ്രോ ടോണാലി എന്നിവരെയൊക്കെ ക്ലബ്ബിൽ എത്തിക്കാൻ ഇന്റർ ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ബാഴ്സയുടെ ചിലിയൻ മിഡ്ഫീൽഡർ ആർതുറോ വിദാലിനെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കോന്റെയും ഇന്റർമിലാനും. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
പ്രശസ്ത ഇറ്റാലിയൻ മാധ്യമമായ കൊറെയ്റെ ഡെല്ലോ സ്പോർട്ട് ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്റോണിയോ കോന്റെ ഇന്ററിൽ എത്തിയത് മുതൽ അദ്ദേഹം ലക്ഷ്യമിടുന്ന താരമാണ് വിദാൽ. മുമ്പ് വിദാലും കോന്റെയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. യുവന്റസിൽ കോന്റെ പരിശീലകൻ ആയ സമയത്തായിരുന്നു വിദാൽ അദ്ദേഹത്തിന് കീഴിൽ കളിച്ചിരുന്നത്. തുടർന്ന് തുടർച്ചയായ സിരി എ കിരീടങ്ങൾ നേടാൻ യുവന്റസിന് കഴിഞ്ഞിരുന്നു. വിദാലിനെ ഉപയോഗിക്കാനറിയുന്ന പരിശീലകരിൽ ഒരാളാണ് കോന്റെ.
Inter Milan make Arturo Vidal their number one transfer targethttps://t.co/9mWHhZyGmX
— SPORT English (@Sport_EN) August 30, 2020
നിലവിൽ എഫ്സി ബാഴ്സലോണ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരമാണ് വിദാൽ. പരിശീലകൻ കൂമാൻ വിദാലിനെ ആവിശ്യമില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ മറ്റൊരു ക്ലബ് കണ്ടെത്താൻ വിദാൽ നിർബന്ധിതനാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കോന്റെയെ പ്രശംസിച്ചിരുന്നു. അദ്ദേഹം ഒരു യന്ത്രത്തെ പോലെയാണ് എന്നാണ് വിദാൽ അഭിപ്രായപ്പെട്ടത്. കോന്റെയുടെ തന്ത്രങ്ങൾ മികച്ചത് ആണെന്നും വിദാൽ അറിയിച്ചിരുന്നു.
ഇരുപത് മില്യൺ യുറോക്ക് മുകളിൽ താരത്തിന് വേണ്ടി ചിലവാക്കാൻ ഇന്റർ ഒരുക്കമല്ല. താരം ഇന്ററിൽ എത്തിയാൽ അത് കോട്ടം തട്ടിക്കുക മധ്യനിര താരമായ ക്രിസ്ത്യൻ എറിക്സണിന്റെ സ്ഥാനത്തിനായിരിക്കും. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു താരം പ്രീമിയർ ലീഗിൽ നിന്നും ഇന്ററിൽ എത്തിയത്. എന്നാൽ അടുത്ത മാസത്തോടെ താരത്തെ തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ് ഇന്റർ. അതേ സമയം പുതിയ പരിശീലകൻ പിർലോ യുവന്റസിലേക്ക് ക്ഷണിച്ചാൽ താൻ അങ്ങോട്ട് പോവുമെന്ന് വിദാൽ വ്യക്തമാക്കിയിട്ടുണ്ട്.