ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം മാത്രം, പിഎസ്ജി വിടില്ല, നെയ്മർ പറയുന്നു.

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ക്ലബ് വിടുമെന്നുള്ള ഊഹാപോഹങ്ങൾക്ക് വിരാമമായി. താൻ ക്ലബ് വിടാൻ പോവുന്നില്ലെന്ന് നെയ്മർ തന്നെ നേരിട്ട് അറിയിച്ചതോടെയാണ് അടുത്ത സീസണിലും നെയ്മർ പിഎസ്ജി ജേഴ്സിയിൽ തന്നെ കാണുമെന്ന് ഉറപ്പായത്. ക്ലബ്ബിന്റെ ഒഫീഷ്യൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ തന്റെ ഭാവി പരിപാടികളെ കുറിച്ച് വ്യക്തമാക്കിയത്. തനിക്ക് ഒരേയൊരു ലക്ഷ്യമേ ഒള്ളൂ എന്നും അത്‌ ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജി നേടിക്കൊടുക്കലുമാണ് എന്നാണ് നെയ്മർ അടിവരയിട്ടു പറഞ്ഞത്.

എന്റെ വ്യക്തിഗത നേട്ടങ്ങളെ കുറിച്ച് തനിക്ക് വേവലാതി ഇല്ലെന്നും ടീമിനെ പറ്റി മാത്രമാണ് തന്റെ ചിന്തയെന്നും നെയ്മർ അറിയിച്ചു. കഴിഞ്ഞ സമ്മറിലൊക്കെ താൻ ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെയായിരുന്നു കടന്നു പോയിരുന്നതെന്നും എന്നാൽ ഇപ്പോൾ താൻ സന്തോഷവാനാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്താൻ നെയ്മർക്കും കൂട്ടർക്കും സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയം രുചിച്ചു കൊണ്ട് കിരീടം അടിയറവ് വെക്കാനായിരുന്നു പിഎസ്ജിയുടെ വിധി.

” എന്റെ ആഗ്രഹം എന്നുള്ളത്. പിഎസ്ജിക്ക് കിരീടങ്ങൾ നേടികൊടുക്കുകയും അതുവഴി ക്ലബ്ബിന്റെ ചരിത്രതാളുകളിൽ എന്റെ പേര് എഴുതിചേർക്കുകയുമാണ്. നിലവിൽ എന്റെ ഒരേയൊരു ലക്ഷ്യം ഈ സഹതാരങ്ങളോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നതാണ്. എനിക്ക് എന്റെ വ്യക്തിഗത നേട്ടങ്ങളെ കുറിച്ച് വേവലാതികൾ ഇല്ല. മറിച്ച് ക്ലബ്ബിന്റെ നേട്ടങ്ങളെ കുറിച്ചാണ് എന്റെ ചിന്ത മുഴുവനും. എന്റെ ആദ്യദിനം മുതൽ തന്നെ എന്നെ കൊണ്ട് ആവുന്നതെല്ലാം ഞാൻ ക്ലബ്ബിന് നൽകുന്നുണ്ട് ” നെയ്മർ തുടർന്നു.

“കഴിഞ്ഞ സമ്മറിൽ ഞാൻ ബുദ്ദിമുട്ടേറിയ സമയങ്ങളിൽ കൂടിയായിരുന്നു കടന്നുപോയിരുന്നത്. എന്നാൽ ഇപ്രാവശ്യം അങ്ങനെയല്ല. ഞാൻ ഇവിടെ വന്നത് തൊട്ട് പിഎസ്ജിയിൽ ഉള്ള അനുഭവം ചാമ്പ്യൻസ് ലീഗിലെ അവസാനപതിനാറ് മാത്രമായിരുന്നു. പക്ഷെ അതും കളിയുടെ ഭാഗമാണ്. വിജയം എന്നത് ഒരു ദിവസം വരുന്നത് അല്ലല്ലോ. ഒരുപാട് പുറത്താവലുകൾക്കും ബുദ്ദിമുട്ടുകൾക്കും ശേഷമാണ് വിജയം വരിക. പക്ഷെ ഇപ്പോൾ ഞങ്ങൾ കരുത്തരായ ടീം ആണ്. ലക്ഷ്യം എന്നത് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മടങ്ങുകയും കിരീടം നേടുകയുമാണ്. പിഎസ്ജി മികച്ച ക്ലബ് അല്ല എന്ന് ആർക്കെങ്കിലും സംശയം ഉണ്ടായിരുന്നുവെങ്കിൽ അതിപ്പോൾ മാറിയിട്ടുണ്ടാവും ” നെയ്മർ പറഞ്ഞു.

Rate this post