ചാമ്പ്യൻസ് ലീഗിൽ അഞ്ചാം മത്സരവും ജയിച്ചു ലിവർപൂൾ ; അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ആദ്യ ജയം നേടി എ സി മിലാൻ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിൽ തങ്ങളുടെ 100% വിജയ റെക്കോർഡ് നിലനിർത്തി ലിവർപൂൾ. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റെഡ്‌സിന്റെ വിജയം.തിയാഗോ അൽകന്റാരയുടെയും മുഹമ്മദ് സലായുടെയും രണ്ടാം പകുതിയിലെ ഗോളുകൾക്കാണ് ലിവർപൂൾ പിടിച്ചെടുത്തത്.മത്സരത്തിൽ വ്യക്തമായ ആധിപത്യം ആണ് ക്ലോപ്പിന്റെ ടീം കാഴ്ച വച്ചത്. .52 മത്തെ മിനിറ്റിൽ ഒരു ഫ്രീക്കിക്കിൽ നിന്നു ലഭിച്ച അവസരം ബോക്സിന് പുറത്ത് നിന്ന് ഒരു അതിമനോഹരമായ ഗ്രൗണ്ട് ഷോട്ടിലൂടെ ഗോളാക്കി മാറ്റിയ തിയാഗോ ആണ് മത്സരത്തിൽ ലിവർപൂളിന് ലീഡ് നേടിക്കൊടുത്തത്.70-ാം മിനിറ്റിൽ ക്ലിനിക്കൽ ഫിനിഷിലൂടെ സലാ രണ്ടാം ഗോളും നേടി. ഹെൻഡേഴ്സന്റെ പാസിൽ നിന്നായിരുന്നു സലായുടെ ഗോൾ.മരണ ഗ്രൂപ്പിലെ ആധികാരിക പ്രകടനത്തോടെ എതിരാളികൾക്ക് വ്യക്തമായ സൂചനയാണ് ലിവർപൂൾ നൽകുന്നത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യ ജയം കണ്ടത്തി എ.സി മിലാൻ. അവസാന പതിനാറിൽ സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങിയ അത്ലറ്റികോ മാഡ്രിഡിന് മേൽ ആധിപത്യം പുലർത്തുന്ന മിലാനെയാണ് മത്സരത്തിൽ കാണാൻ ആയത്. ഇത് വരെ ഗ്രൂപ്പിൽ ജയിക്കാൻ ആയില്ലെങ്കിലും മികച്ച പ്രകടനം പുറത്ത് എടുത്ത മിലാൻ ഇന്നും അത് ആവർത്തിച്ചു.87 മത്തെ മിനിറ്റിൽ ആണ് മിലാന്റെ വിജയഗോൾ പിറന്നത്. ഫ്രാൻക് കെസിയുടെ ക്രോസിൽ നിന്നു ജൂനിയർ മെസിയാസ് അതുഗ്രൻ ഹെഡറിലൂടെ മിലാനു വർഷങ്ങൾക്ക് ശേഷം ഒരു ചാമ്പ്യൻസ് ലീഗ് ജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ മിലാൻ ഗ്രൂപ്പിൽ നാലു പോയിന്റുകളും ആയി മൂന്നാമത് എത്തി. അഞ്ചു പോയിന്റുകളും ആയി പോർട്ടോ രണ്ടാമതുള്ള ഗ്രൂപ്പിൽ അത്ലറ്റികോ മാഡ്രിഡിനും നാലു പോയിന്റുകൾ ഉണ്ട്.

ഗ്രൂപ്പ് ബിയിലെ യോഗ്യതാ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. എസി മിലാൻ അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതോടെ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പിൽ നിന്ന് ആര് യോഗ്യത നേടുമെന്ന കാര്യം പ്രവചനാതീതമായി.രണ്ടാം സ്ഥാനത്തിനായി എസി മിലാൻ, പോർട്ടോ, അത്‌ലറ്റികോ മാഡ്രിഡ് എന്നീ ടീമുകൾ കടുത്ത മത്സരത്തിലാണ്. അവസാന മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിന്റെ എതിരാളികൾ പോർട്ടോയും എസി മിലാൻ നേരിടേണ്ടത് കരുത്തരായ ലിവർപൂളിനെയുമാണ്. അത്‌ലറ്റികോ മാഡ്രിഡിന്റെ മത്സരം പോർട്ടോയുടെ ഗ്രൗണ്ടിൽ ആണെങ്കിൽ, എസി മിലാൻ ലിവർപൂളുമായി ഏറ്റുമുട്ടുക മിലാനിലാണ്.