ഡച്ച് സൂപ്പർ താരം ബാഴ്സലോണയുമായി കരാറിലെത്തി?
എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായ റൊണാൾഡ് കൂമാൻ ഇത് വരെ പുതിയ സൈനിംഗുകൾ ഒന്നും നടത്താത്തത് ആരാധകരെ അസ്വസ്ഥമാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കൂടുതൽ താരങ്ങൾ ബാഴ്സലോണയിൽ നിന്നും പുറത്തുപോവുന്ന ഈ സാഹചര്യത്തിൽ കൂടുതൽ താരങ്ങളെ എത്തിക്കണമെന്നാണ് ആരാധകരുടെ ആവിശ്യം. നിലവിൽ മിഡ്ഫീൽഡർ റാക്കിറ്റിച്ച് ടീം വിട്ടുകഴിഞ്ഞു. കൂടാതെ ആർതുറോ വിദാൽ, ലൂയിസ് സുവാരസ് എന്നിവർ ടീം വിടാൻ ഒരുങ്ങി നിൽക്കുകയാണ്.
കൂമാൻ ലക്ഷ്യമിട്ട മൂന്ന് ഡച്ച് താരങ്ങളിൽ ഒരാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ എത്തിച്ചു കഴിഞ്ഞു. ഡോണി വാൻ ഡി ബീക്കിനെയാണ് യുണൈറ്റഡ് ടീമിൽ എത്തിച്ചത്. മറ്റു രണ്ടു താരങ്ങളാണ് ലിവർപൂളിന്റെ മിഡ്ഫീൽഡർ വൈനാൾഡവും ലിയോണിന്റെ സ്ട്രൈക്കെർ മെംഫിസ് ഡീപേയും. ഇപ്പോഴിതാ ലിയോണിന്റെ ഈ ഡച്ച് സ്ട്രൈക്കെർ ബാഴ്സയുമായി കരാറിൽ എത്തിയതായാണ് റിപ്പോർട്ടുകൾ വരുന്നത്. ലാ വാൻഗ്വാർഡിയ എന്ന മാധ്യമമാണ് ഈ വാർത്തയുടെ ഉറവിടം.
Barcelona are closing in on a €25m deal for Memphis Depay, according to La Vanguardia 👀 pic.twitter.com/iHFXwjErOk
— Goal (@goal) September 5, 2020
താരം ബാഴ്സയുമായി വ്യക്തിപരമായ നിബന്ധനകൾ ഒക്കെ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. ബാഴ്സ ലിയോണുമായും കരാറിൽ എത്തിയതായി ഈ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 25 മില്യൺ യുറോക്കാണ് താരത്തെ ബാഴ്സ ക്ലബ്ബിൽ എത്തിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അടുത്ത വർഷത്തോടെ ലിയോണുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആവാനുള്ള താരമാണ് ഡിപേ. റൊണാൾഡ് കൂമാന് ഏറെ പ്രിയപ്പെട്ട താരമാണ് ഡിപേ. ഈ കഴിഞ്ഞ സീസണിൽ 26 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.
ക്ലബ് വിടുന്ന സൂപ്പർ താരം ലൂയിസ് സുവാരസിന്റെ സ്ഥാനത്തേക്കാണ് ഡിപേയെ പരിഗണിക്കുന്നത്. ഇതോടെ ലൗറ്ററോ മാർട്ടിനെസിന്റെ ട്രാൻസ്ഫർ നടന്നേക്കില്ല. ലൗറ്ററോയെക്കാൾ കൂമാന് ആവിശ്യം ഡിപേയെയാണ്. 2017-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിറ്റ താരമായിരുന്നു ഡിപേ. പക്ഷെ നിലവിൽ മിന്നും ഫോമിലാണ് താരം കളിക്കുന്നത്. മാത്രമല്ല കൂമാന് കീഴിൽ താരം ഹോളണ്ടിൽ കളിച്ചിട്ടുമുണ്ട്.