ആത്മാർത്ഥത ഉറപ്പ് നൽകി മെസ്സി, കൂമാൻ മെസ്സിയെ ക്യാപ്റ്റനാക്കുമോ?
സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളായിരുന്നു കുറച്ചു മുമ്പ് വരെ ഫുട്ബോൾ ലോകം അടക്കി ഭരിച്ചിരുന്നത്. എന്നാൽ എല്ലാ വിധ വാർത്തകൾക്കും വിരാമം കുറിച്ചു കൊണ്ട് മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്ന് ഉറപ്പ് നൽകി. ഇതോടെ രംഗം തണുക്കുകയും ചെയ്തു. തുടർന്ന് മെസ്സി മെഡിക്കൽ പരിശോധന പൂർത്തിയാക്കുകയും തിങ്കളാഴ്ച്ച പരിശീലനത്തിനെത്തുകയും ചെയ്തിരുന്നു.
തുടർന്ന് മെസ്സി ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാനെ നേരിട്ട് കണ്ടിരുന്നു. ബാഴ്സയുടെയും തന്റെയും ഭാവി പരിപാടികളെ കുറിച്ച് ഇരുവരും പരസ്പരം സംസാരിച്ചു എന്നാണ് സ്പെയിനിലെ മാധ്യമമായ കുവാട്രോ റിപ്പോർട്ട് ചെയ്യുന്നത്. മെസ്സിയുടെ ഭാഗത്തു നിന്നുള്ള പൂർണ്ണസഹകരണവും ആത്മാർത്ഥയും താരം കൂമാന് ഉറപ്പ് നൽകിയതായി ഇവരുടെ റിപ്പോർട്ടുകൾ അറിയിക്കുന്നുണ്ട്.കൂമാനും മെസ്സിക്ക് പ്രധാനപ്പെട്ട റോൾ തന്നെ നൽകിയേക്കും.
Ronald Koeman must now decide whether to strip Lionel Messi of the captain's armband https://t.co/N1KD0Ddqgo
— MailOnline Sport (@MailSport) September 8, 2020
എന്നിരുന്നാലും ബാഴ്സയുടെ ക്യാപ്റ്റൻ ആരായിരിക്കും എന്നാണ് ഇപ്പോഴത്തെ ആരാധകരുടെ സംശയം. പരിശീലകൻ കൂമാൻ തന്നെയാണ് ആം ബാൻഡ് അണിയേണ്ട താരത്തെ തീരുമാനിക്കേണ്ടത്. വരുന്ന ശനിയാഴ്ച്ച ജിംനാസ്റ്റിക്കിനെതിരെ ബാഴ്സലോണ ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്. മെസ്സി കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മെസ്സിയെ അന്ന് ക്യാപ്റ്റൻ ആക്കാൻ കൂമാൻ മുതിരുമോ എന്നാണ് ആരാധകർ നോക്കിയിരിക്കുന്നത്. സെപ്റ്റംബർ ഇരുപത്തിയേഴിനാണ് ലീഗിലെ ആദ്യ മത്സരം ബാഴ്സ കളിക്കാനിറങ്ങുന്നത്.
വിയ്യാറയൽ ആണ് ബാഴ്സയുടെ എതിരാളികൾ. ക്യാപ്റ്റൻ സ്ഥാനം മെസ്സി ഉപേക്ഷിക്കുമോ എന്ന് വ്യക്തമല്ല. പക്ഷെ മെസ്സിക്ക് ക്യാപ്റ്റൻ പദവിയോട് വലിയ താല്പര്യമില്ല എന്ന രീതിയിൽ ഈയിടെ റിപ്പോർട്ടുകൾ വന്നിരുന്നു. മെസ്സിയെ മാറ്റിനിർത്തിയാൽ കൂമാന് മുന്നിൽ മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്. ടീമിലെ മുതിർന്ന താരങ്ങളായ ജെറാർഡ് പിക്വേയും സെർജിയോ ബുസ്ക്കെറ്റ്സും, കൂടാതെ സെർജി റോബർട്ടോയും. മുമ്പ് ആം ബാൻഡ് അണിഞ്ഞവരാണ് ഇവർ. കൂടാതെ ഗോൾകീപ്പർ ടെർ സ്റ്റീഗനെ കൂടി കൂമാൻ പരിഗണിച്ചേക്കും. ഏതായാലും ജിംനാസ്റ്റിക്കെതിരായ മത്സരത്തിൽ ആരായിരിക്കും നായകൻ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.