കരീം ബെൻസേമ : “പ്രതിസന്ധികളെ പടവെട്ടി തോൽപ്പിച്ച ഫ്രഞ്ച് പോരാളി”
ആധുനിക ഫുട്ബോൾ ലോകത്തിലെ ഏറ്റവും നിർഭാഗ്യരായ കളിക്കാരുടെ കണക്കെടുത്താൽ അതിൽ ഏറ്റവും മുകളിൽ തന്നെ കരീം ബെൻസേമയെ കാണാം.2016ൽ യൂറോ കപ്പ് ഫൈനലിൽ ഫ്രാൻസ് പൊരുതി വീഴുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന കരീം ബെൻസേമ. കായിക ലോകത്തിലെ മാമാങ്കമായ ലോകകപ്പ് വേദിയിൽ റൊണാൾഡോയും മെസ്സിയും അടക്കമുള്ളവർ പൊരുതി വീഴുമ്പോൾ സ്വന്തം ടീം കപ്പുയർത്തുന്നത് ദൂരെ മാറി നിന്ന് കാണേണ്ടി വന്ന കരീം ബെൻസേമ.
1987 ഡിസംബർ 19ന് അൾജീരിയയിൽ നിന്നും ഫ്രാൻസിലെ ലിയോണിലേക് കുടിയേറിപാർത്ത ഹാഫിദിൻ്റെയും വാഹിദയുടെയും ഒമ്പത് മക്കളിൽ ആറാമനായാണ് കരീമിൻ്റെ ജനനം. ലിയോണിലെ കുപ്രസിദ്ധമായ ബ്രോൺ പ്രവിശ്യയിൽ വളർന്ന കരീം കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വീണ് പോവാനുള്ള സാധ്യത വലുതായിരുന്നു. എന്നാൽ കുടിയേറ്റജീവിതത്തിൻ്റെ കാഠിന്യം പന്ത് തട്ടി മറക്കാൻ പഠിച്ച കരീം ഇന്ന് കാൽപന്ത്ലോകത്തെ മികച്ചവരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. കരിം ബെൻസേമ ഒരിക്കലും ഒരു കൺവെൻഷണൽ സ്ട്രൈക്കർ അല്ല. ഗോൾ നേടാൻ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കാൻ അയാൾ തയാറല്ല, അവ സ്വയം ഉണ്ടാക്കിയെടുക്കാനാണ് അയാൾക്ക് താല്പര്യം. കരീമിനെ പോലെ കളിയുടെ ഗതി മനസിലാക്കാനും നിയന്ത്രിക്കാനും കഴിയുന്ന സ്ട്രൈക്കർമാർ ലോക ഫുട്ബോളിൽ അപൂർവമാണ്.
കരിയറിലെ സുവർണ കാലഘട്ടം ക്രിസ്ത്യാനോ റൊണാൾഡോ എന്ന മഹാമേരുവിന്റെ മറവിൽ കളിച്ചു തീർക്കാൻ വിധിക്കപ്പെട്ട താരമാണ് ബെൻസേമ. തിരിച്ചടികളും തള്ളിപ്പറയലുകളും അതിജീവിച്ച കരീം ബെൻസേമ; റൊണാൾഡോയുടെ പ്രഭാവത്തിൽ മറഞ്ഞു നിൽക്കുമ്പോൾ തന്നെ ഫോമിൽ വന്ന തളർച്ചയുടെ പേരിൽ ആരാധകരുടെ വരെ അപ്രീതി ഏറ്റുവാങ്ങേണ്ടി വന്ന ബെൻസേമയിൽ നിന്ന്, കഴിഞ്ഞ രണ്ട് സീസണുകളിൽ റയൽ അക്രമണനിരയെ ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകുന്ന, ഹിയേറോയുടെയും റാമോസിന്റെയും നാലാം നമ്പറും, റൗളിന്റെയും റൊണാൾഡോയുടെയും ഏഴാം നമ്പറും കൊടികളായി ഉയർത്തുന്ന സാന്റിയാഗോ ബെർണബ്യുവിലെ ഗോൾ പോസ്റ്റിന് പുറകിലെ വെള്ളകടൽ ഇപ്പോൾ അവയ്ക്കൊപ്പം തന്നെ ഉയർത്തി പിടിക്കുന്ന ഒമ്പതാം നമ്പറിന്റെ ഉടമയായ ബെൻസേമയിലേക്ക്, അയാൾ താണ്ടിയ ദൂരം എത്രത്തോളം ദുർഘടമായിരുന്നു എന്ന് സങ്കല്പിക്കാൻ പോലും പ്രയാസമാണ്.
മികച്ച ഫോമിൽ നിൽക്കുമ്പോഴും പരിശീലകൻ ദെഷാമ്സിന്റെ കണ്ണിൽ ബെൻസേമ രാജ്യത്തിനു വേണ്ടി കളിക്കാൻ യോഗ്യതയില്ലാത്തവനായിരുന്നു. ഫ്രാൻസിലെ വർഗ-വർണ്ണവെറി നിറഞ്ഞ ഒരു കൂട്ടം ആരാധകരും ബെൻസേമക്കെതിരെ നിലകൊണ്ടു. ഗോളടിക്കുമ്പോൾ ഞാൻ ഫ്രഞ്ച്കാരനും അല്ലാത്തപ്പോൾ ഞാൻ അറബിയുമാകുന്നു എന്ന് പറഞ്ഞ ബെൻസേമയിൽ പൈതൃകത്തിന്റെ പേരിൽ സ്വന്തം ആരാധകരിൽ നിന്ന് ഏറ്റുവാങ്ങിയ മുറിവുകൾ ഇന്നും നീറി നിൽക്കുന്നുണ്ട്.ദേശീയ ടീമിൽ തിരിച്ചെത്തി ഒരുകൊല്ലം തികയും മുമ്പേ തന്നെ യൂറോ കപ്പിലെ ബ്രോൺസ് ബൂട് നേടിയും, നേഷൻസ് ലീഗ് കിരീടം ഫ്രാൻസിലെത്തിച്ചും കൊണ്ട് ടീമിലെ അവിഭാജ്യഘടകമായി ബെൻസേമ മാറിയിരിക്കുന്നു.
റയൽ നിരയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ട് പോയ വിടവ് നികത്താൻ മുൻകയ്യെടുത്ത ബെൻസേമ റാമോസ് എന്ന നായകന്റെ വിടവ് നികത്താനും മുന്നിൽ തന്നെ നിൽകുന്നുണ്ട്. മുപ്പത്തിനാലാം വയസിൻ്റെ ചെറുപ്പത്തിലേക്ക് കടക്കുന്ന ബെൻസിമയുടെ കളിജീവിതത്തിൻ്റെ ഏറ്റവും മികച്ച ദിനങ്ങളാണ് ലോകം കണ്ട് കൊണ്ടിരിക്കുന്നത്. പ്രായം വെച്ച് നോക്കിയാൽ കരീം കളിജീവിതത്തിൻ്റെ അവസാനഘട്ടത്തിലേക് അടുത്ത് കൊണ്ടിരിക്കുകയാണ് എന്ന് തോന്നാം.
✨ He's one of the best strikers on the planet 🌍
— FIFA World Cup (@FIFAWorldCup) December 19, 2021
⏪ We're rewinding it back to the 2014 #WorldCup to celebrate @Benzema! 🇫🇷#HBD | @FrenchTeam pic.twitter.com/6yTVrQW8lX
എന്നാൽ പ്രായത്തെ വെറും അക്കങ്ങളാക്കി മാറ്റാൻ കഴിയുന്ന പോരാട്ട വീര്യം സിരകളിൽ നിറഞ്ഞിരിക്കുന്ന ബെൻസേമ അണയുന്നത്തിന് മുന്നേ ആളിക്കത്തുകയല്ല, മറിച്ച് സ്പെയിനും യൂറോപ്പും ലോകവും കീഴടക്കാൻ തക്ക കരുത്തുള്ള കാട്ടുതീയായി മാറികൊണ്ടിരിക്കുകയാവട്ടെ എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. നിർഭാഗ്യം മൂലം നഷ്ടപ്പെട്ടുപോയ നേട്ടങ്ങൾ ഓരോന്നായി പിടിച്ചെടുക്കാനുള്ള ബാല്യം ഇനിയും ബാക്കിയുള്ള കരീമിന് അത് സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.
കടപ്പാട് : Real Madrid Fans Kerala – RMFK