“സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ തളച്ച് ബ്രൈറ്റൻ ; വ്യക്തമായ ലീഡ് നേടി ഒന്നാം സ്ഥാനത്ത് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി”

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ സമനിലയിൽ തളച്ച് ബ്രൈറ്റൻ. 1-1നാണ് ബ്രൈറ്റൻ ചെൽസിയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഡാനി വെൽബെക്ക് ആണ് ബ്രൈറ്റന് സമനില ഗോൾ നേടിക്കൊടുത്തത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ബ്രൈറ്റൻ സമനില നേടിയതെങ്കിലും ശക്തരായ ചെൽസിക്കെതിരെ മികച്ച പ്രകടനമാണ് ബ്രൈറ്റൻ പുറത്തെടുത്തത്.പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ബ്രൈറ്റൻ ആധിപത്യം പുലർത്തി. പ്രീമിയർ ലീഗിലെ അവസാന നാല് മത്സരങ്ങളിൽ ചെൽസിയുടെ മൂന്നാമത്തെ സമനിലയാണിത്.

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചെൽസി മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 8 പോയിന്റ് പിന്നിലാണ്. ചെൽസിക്ക് 42 പോയിന്റുള്ളപ്പോൾ ഒരു മത്സരം കുറവ് കളിച്ച ലിവർപൂളിന് 41 പോയിന്റുണ്ട്. ജനുവരി രണ്ടിന് അരങ്ങേറുന്ന അടുത്ത പോരാട്ടത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന ചെൽസിയും ലിവർപൂളും കൊമ്പുകോർക്കും എന്നതാണ്പ്രത്യേകത.

ആദ്യ പകുതിയിൽ റൊമേലു ലുകാകുവിന്റെ ഗോളിലാണ് ചെൽസി മുൻപിൽ എത്തിയത്. മികച്ചൊരു ഹെഡറിലൂടെയാണ് ലുകാകു ഗോൾ നേടിയത്. എന്നാൽ ഗോൾ വഴങ്ങിയതോടെ മികച്ച പ്രകടനം പുറത്തെടുത്ത ബ്രൈറ്റൻ പലപ്പോഴും ചെൽസി വല കുലുക്കുന്നതിന് അടുത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ പലപ്പോഴും കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. തുടർന്നാണ് പകരക്കാരനായി ഇറങ്ങിയ വെൽബെക്ക് ബ്രൈറ്റന് സമനില ഗോൾ നേടിക്കൊടുത്തത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ചെൽസിയുമായുള്ള പോയിന്റ് വ്യത്യാസം എട്ടാക്കി ഉയർത്തു മാഞ്ചസ്റ്റർ സിറ്റി.2021ലെ സിറ്റിയുടെ അവസാന മത്സരത്തിൽ ബ്രെന്റ്ഫോഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടക്കിയത്. പെപ് ഗ്വാർഡിയോളയുടെ ടീമിന്റെ ലീഗിലെ തുടർച്ചയായ പത്താം വിജയത്തിന് വഴിവെച്ച ഗോൾ 16 ആം മിനിറ്റിൽ ഫിൽ ഫോഡനാണ് സ്‌കോർ ചെയ്തത്. കളി അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ ലാപോർട്ടെയിലൂടെ ഒരു തവണ കൂടി സിറ്റി ബ്രെന്റ്ഫോഡ് വലയിൽ പന്ത് എത്തിച്ചെങ്കിലും ഓഫ് സൈഡ് വിധിക്കുക ആയിരുന്നു. ബ്രെന്റ്ഫോഡിന്റെ സ്റ്റേഡിയത്തിൽ വിജയം ആഘോഷിച്ച മാഞ്ചസ്റ്റർ സിറ്റിക്ക്‌ നിലവിൽ 20 മത്സരങ്ങളിൽ നിന്ന് 50 പോയിന്റായി.

Rate this post