ലിവർപൂളിനു മാഞ്ചസ്റ്റർ സിറ്റി ഗാർഡ് ഓഫ് ഓണർ നൽകുമെന്ന് ഗാർഡിയോള
ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂളിനെ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നേരിടുമ്പോൾ ഗാർഡ് ഓഫ് ഓണർ നൽകുമെന്ന് പരിശീലകൻ പെപ് ഗാർഡിയോള. കഴിഞ്ഞ ലീഗ് മത്സരത്തിൽ ചെൽസി സിറ്റിയെ തോൽപിച്ചതോടെയാണ് മുപ്പതു വർഷത്തിനു ശേഷം പ്രീമിയർ ലീഗ് സ്വന്തമാക്കാൻ ലിവർപൂളിന് അവസരമൊരുങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയെ ചെൽസി കീഴടക്കിയത്.
“തീർച്ചയായും ഞങ്ങൾ ലിവർപൂളിനു ഗാർഡ് ഓഫ് ഓണർ നൽകും. മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റേഡിയത്തിൽ ലിവർപൂൾ കളിക്കാനെത്തുമ്പോൾ വളരെ നല്ല രീതിയിൽ തന്നെ ഞങ്ങൾ അവരെ അഭിനന്ദിക്കുന്നുണ്ട്. അവരത് അർഹിക്കുന്നുണ്ടെന്നതു കൊണ്ടു തന്നെയാണ് ഞങ്ങളതു ചെയ്യുന്നത്.” ഗാർഡിയോള പറഞ്ഞു.
Pep Guardiola has confirmed his Mam City team will give Liverpool a guard of honour 🙌 pic.twitter.com/Da3Y99Y0W5
— Anything Liverpool (@AnythingLFC_) June 27, 2020
വ്യാഴാഴ്ചയാണ് ഇരു ടീമുകളും തമ്മിൽ ഏറ്റു മുട്ടുന്നത്. കിരീടം ലിവർപൂൾ നേടിയതിനു ശേഷമുള്ള ആദ്യത്തെ മത്സരമാണത്. ഇനി ഏഴു മത്സരങ്ങൾ ബാക്കി നിൽക്കെ ലിവർപൂളുമായി 23 പോയിന്റ് വ്യത്യാസത്തിലാണ് സിറ്റി രണ്ടാമതു നിൽക്കുന്നത്. ലിവർപൂളിന് എൺപത്തിയാറും സിറ്റിക്ക് അറുപത്തിമൂന്നും പോയിന്റാണു നിലവിലുള്ളത്.