ഡാനി ആൽവസ് : “38 ലും തളരാത്ത ബ്രസീലിയൻ പോരാട്ട വീര്യം”

സാവോ പോളോയുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം ബ്രസീലിയൻ ഇതിഹാസം രണ്ടാം സ്പെല്ലിനായി ബാഴ്സലോണയിലെത്തിയത്. വ്യാഴാഴ്ച രാത്രി കോപ്പ ഡെൽ റേയിൽ ബാഴ്സക്കായി തന്റെ ആദ്യ മത്സരം കളിക്കുകയും ചെയ്തു. ഇന്നലെ ലാ ലീഗയിൽ ഗ്രനാഡക്കെതിരെ കളത്തിലിറങ്ങിയ ബ്രസീലിയൻ 38-ാം വയസ്സിലും റൈറ്റ് ബാക്കിൽ നിന്ന് തനിക്ക് മികച്ച നിലവാരം ഉണ്ടെന്ന് തെളിയിച്ചു.

ലാ ലിഗയുടെ ചരിത്രത്തിൽ ബാഴ്സലോണയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഡാനി ആൽവസ്‌.ജോസെ മാനുവൽ പിന്റോയുടെ റെക്കോർഡാണ് ബ്രസീലിയൻ ഡിഫൻഡർ മറികടന്നത്. ഗ്രനഡയ്ക്കെതിരെ ഇറങ്ങിയ ആൽവസിന്റെ പ്രായം 38 വയസും 247 ദിവസവുമാണ്. ബാഴ്സലോണയിലേക്കുള്ള രണ്ടാം വരവിൽ ഡാനി ആൽവസിന്റെ സ്പാനിഷ് ലീഗിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

പ്രായത്തെ വെല്ലുന്ന പ്രകടനവുമായി നിറഞ്ഞുകളിച്ച ഡാനി തന്റെ പഴയ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചു.ആൽവസിന്റെ അളന്നുമുറിച്ചുള്ള ലോങ് റേഞ്ച് ക്രോസിൽ നിന്നായിരുന്നു ലുക്ക്‌ ഡി ജോങ്ങിന്റെ ഹെഡർ ഗോൾ. ഇന്നലത്തെ മത്സരത്തിൽ വിന്റേജ് ആൽവസിനെ കാണാൻ സാധിച്ചു.ബാഴ്‌സ നിറങ്ങളിൽ ബ്രസീലിയൻ വർഷങ്ങൾ പിന്നോട്ട് പോയതായി തോന്നി.

2021 ൽ ക്യാമ്പ് നൗവിൽ എത്തിയെങ്കിലും പുതുവത്സരം വരെ അദ്ദേഹത്തിന് അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞില്ല, മുൻ സഹതാരം സാവി ഹെർണാണ്ടസിന്റെ കീഴിൽ കളിക്കുന്നത് ഇതിനകം തന്നെ വലിയ സ്വാധീനം ചെലുത്തുന്നതായി തോന്നുന്നു.നൗ ക്യാമ്പിലെ ഒരു പരിശീലന സെഷനിൽ ബാഴ്‌സയുടെ ചിഹ്നത്തിന് മുകളിലൂടെ ചുവടുവെച്ച് ക്ലബ്ബിനെ താൻ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അദ്ദേഹം കാണിച്ചു. ബാഴ്സലോണക്കൊപ്പം എട്ട് വർഷത്തിനിടെ 391 മത്സരങ്ങൾ കളിച്ച ആൽവ്സ് ആറ് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗുകളും ഉൾപ്പെടെ അവിശ്വസനീയമായ 23 ട്രോഫികൾ നേടി.