മെസ്സിയിൽ നിന്നും തുടങ്ങുന്നു, മെസ്സിയിൽ അവസാനിക്കുന്നു,മെസ്സി കാലാതീതമാണ് : കമന്റെറ്റർ

ലയണൽ മെസ്സിയുടെ മറ്റൊരു മാന്ത്രിക പ്രകടനത്തിനാണ് ഇന്നലെ ഒരിക്കൽ കൂടി വേൾഡ് ഫുട്ബോൾ സാക്ഷ്യം വഹിച്ചത്.അജാക്സിയോയെ പിഎസ്ജി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു വിടുമ്പോൾ ആ മൂന്ന് ഗോളിലും തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് 35 കാരനായ മെസ്സി ഉണ്ടായിരുന്നു.മെസ്സിയും എംബപ്പേയും തമ്മിലുള്ള കണക്ഷൻ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് ലയണൽ മെസ്സി ഇന്നലത്തെ മത്സരത്തിൽ നേടിയിട്ടുള്ളത്.ഇതോട് കൂടി പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ 9 ഗോളുകളും 10 അസിസ്റ്റുകളും കരസ്ഥമാക്കാൻ മെസ്സിക്ക് സാധിച്ചു. അർജന്റീനക്ക് വേണ്ടി നാല് ഗോളുകളും ഈ സീസണിൽ മെസ്സി നേടിയിട്ടുണ്ട്. ആകെ 23 ഗോളുകളിലാണ് മെസ്സി ഈ സീസണിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്.

മത്സരശേഷം പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ മെസ്സിയെ പ്രശംസിച്ചു സംസാരിച്ചിരുന്നു. എന്നാൽ മത്സരത്തിനിടയിൽ മെസ്സിയെ കുറിച്ച് സംസാരിക്കാൻ കമന്റെറ്റർക്ക് നൂറു നാവായിരുന്നു.മെസ്സിയുടെ ഈ അത്ഭുതപ്രകടനത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.

‘ ഗോൾ ആരംഭിച്ചത് ലയണൽ മെസ്സിയിൽ നിന്നാണ്. ഗോൾ തുടർന്നതും മെസ്സിയിലൂടെ തന്നെയാണ്. ഗോൾ അവസാനിച്ചതും ലയണൽ മെസ്സി മുഖേനയാണ്. അതായത് മെസ്സി അനന്തമാണ്, അദ്ദേഹം കാലാതീതമാണ് ‘ കമന്റെറ്റർ വിവരിച്ചു.

തീർച്ചയായും ഏത് പ്രായത്തിലും ഏത് കാലഘട്ടത്തിലും ലയണൽ മെസ്സിക്ക് ഒരുപോലെ മികവ് പുലർത്താൻ കഴിയുന്നു എന്നുള്ളത് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ സീസണിൽ പ്രകടനം ഒന്ന് താഴേക്ക് പോയപ്പോൾ, പലരും മെസ്സിയുടെ കരിയർ അവസാനിച്ചു കഴിഞ്ഞു എന്ന് വിലയിരുത്തിയിരുന്നു.എന്നാൽ വിമർശകർക്ക് ഇതിലും നല്ല മറുപടി നൽകാൻ ഇനി മറ്റൊരു താരത്തിനും സാധിക്കില്ല.