‘കരീം ബി പോയാൽ കരിം എ വരും : ബെൻസീമക്ക് പകരക്കാരനായി റയൽ മാഡ്രിഡിലേക്ക് പുതിയ സ്‌ട്രൈക്കറെത്തുന്നു

ബാലൺ ഡി ഓർ ജേതാവ് കരീം ബെൻസെമയുടെ ഞെട്ടിക്കുന്ന വിടവാങ്ങലിന് ശേഷം പുതിയൊരു സ്‌ട്രൈക്കറിനായുള്ള തിരച്ചിലിലാണ് റയൽ മാഡ്രിഡ്. അടുത്ത സീസൺ ആരംഭിക്കുന്നതിനു മുൻപേ തന്നെ സ്പാനിഷ് ക്ലബിന് ഒരു ഒൻപതാം നമ്പറിനെ ആവശ്യമുണ്ട്. കഴിഞ്ഞ സീസണിൽ ല ലിഗയും ചാമ്പ്യൻസ് ലീഗും നഷ്ടപ്പെട്ടതിന്റെ ക്ഷീണം വരുന്ന സീസണിൽ റയൽ മാഡ്രിഡിന് തീർക്കേണ്ടതുണ്ട്.

കഴിഞ്ഞ സീസണിൽ യൂറോപ്പിലുടനീളമുള്ള വിവിധ ലീഗുകളിൽ തിളങ്ങിയ യുവതാരങ്ങളായ ബ്രാഹിം ഡയസ് , ഫ്രാൻ ഗാർസിയ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരെ കാർലോ ആൻസലോട്ടി കഴിഞ്ഞ ദിവസങ്ങളിൽ ടീമിലെത്തിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡിന് ഒരു ഗോൾ സ്‌കോറർ ആവശ്യമാണ്.കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ലൗറ്റാരോ മാർട്ടീനസ്, വിക്ടർ ഒസിമൻ എന്നിവരുടെ പേരുകളെല്ലാം റയലുമായി ബന്ധപ്പെട്ട് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. എന്നാൽ റയൽ മാഡ്രിഡിൽ കരീം ബെൻസീമക്ക് പകരക്കാരനായി എത്തുന്നത് മറ്റൊരു കരീം തന്നെയാണ്.

ബൊറൂസിയ ഡോർട്ട്മുണ്ട് യുവ താരം കരീം അദേമിയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്.യുവ ആക്രമണകാരിക്കായി ബൊറൂസിയ ഡോർട്ട്മുണ്ട് 80 മില്യൺ യൂറോ ആവശ്യപ്പെടും.പ്രധാനമായും ലെഫ്റ്റ് വിംഗറാണെങ്കിലും സെന്റർ ഫോർവേഡായി കളിക്കാനും മികവുള്ള താരമാണ് ജർമ്മൻ ഇന്റർനാഷണൽ.2002-ൽ ജനിച്ച കരീം ഡേവിഡ് അദേമി ഓസ്ട്രിയൻ ചാമ്പ്യൻമാരായ ആർബി സാൽസ്ബർഗിൽ നിന്നും 2022 ലാണ് ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തുന്നത്.സ്റ്റാർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിന് പകരമായാണ് ഡോർട്മുണ്ട് താരത്തെ ക്ലബ്ബിലെത്തിച്ചത്.

22/23 സീസണിൽ ഡോർട്ട്മുണ്ടിനായി കളിച്ച 24 ലീഗ് മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 6 അസിസ്റ്റുകളും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.ക്ലോസ് കൺട്രോൾ, എല്ലാ കോണുകളിൽ നിന്നുമുള്ള ഷൂട്ടിംഗ് കഴിവ്, അവിശ്വസനീയമാംവിധം വേഗത്തിലുള്ള ഓട്ടം/ഡ്രിബ്ലിംഗ് വേഗത എന്നിവയാണ് അദ്ദേഹത്തിന്റെ കളിയുടെ സവിശേഷത.ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെയുള്ള നേടിയ അവിശ്വസനീയമായ സോളോ ഗോൾ മാത്രം മതി താരത്തിന്റെ പ്രതിഭ അളക്കാൻ.2021 ലെ U21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ജേതാവായ അദെയെമി സാൽസ്ബർഗിലെ തന്റെ നാല് വർഷത്തിനിടയിൽ, ആറ് ട്രോഫികൾ (മൂന്ന് ലീഗ് കിരീടങ്ങളും മൂന്ന് കപ്പുകളും) നേടിയിട്ടുണ്ട്.

2021 സെപ്റ്റംബർ 5-ന്, അർമേനിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജർമ്മനിക്കായി സീനിയർ അരങ്ങേറ്റം നടത്തി, തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി.കളിച്ചില്ലെങ്കിലും 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള ടീമിന്റെ ഭാഗമായിരുന്നു.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരെ വളർത്തിയെടുത്ത് വലിയ വിലക്ക് വിൽക്കുന്നതിൽ ഡോർട്മുണ്ട് എന്നും മുന്നിൽ തന്നെയാണ്.

റോബർട്ട് ലെവൻഡോവ്‌സ്‌കി 2014-ൽ ബയേൺ മ്യൂണിക്കിലേക്കും, 2017-ൽ ഔസ്മാൻ ഡെംബെലെ ബാഴ്‌സലോണയ്‌ക്കും, പിയറി-എമെറിക് ഔബമേയാങ് ആഴ്‌സണലിലേക്കും, 2019-ൽ ക്രിസ്റ്റ്യൻ പുലിസിച്ച് കഴിഞ്ഞ വർഷം ചെൽസിയിൽക്കും കഴിഞ്ഞ വര്ഷം ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയിൽക്കു ചേക്കേറി.2018-ൽ സാൽസ്‌ബർഗിൽ ചേരുന്നതിന് മുമ്പ് ബയേൺ മ്യൂണിക്കിലെയും SpVgg Unterhaching-ലെയും യൂത്ത് ടീമിലൂടെയാണ് മ്യൂണിക്കിൽ ജനിച്ച അദേമി വളർന്നത്.

Rate this post