അർജന്റീന ടീമിലുണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന ബ്രസീലിയൻ താരത്തെക്കുറിച്ച് പരിശീലകൻ സ്കലോണി
ബ്രസീലിയൻ താരങ്ങളെ കളിയാക്കുന്നതിൽ അർജന്റീന ആരാധകരും നേരെ തിരിച്ചും യാതൊരു വിട്ടുവീഴ്‌ചക്കും തയ്യാറാവില്ല. എന്നാൽ ബ്രസീലിയൻ താരമായ നെയ്‌മറെ കളിയാക്കാൻ ഒരു വിഭാഗം അർജന്റീന ആരാധകർ ഒന്ന് മടിക്കും. അർജന്റീന നായകനായ ലയണൽ മെസിയും നെയ്‌മറും തമ്മിലുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളത് കൊണ്ടു തന്നെയാണത്.
നെയ്‌മർ ബാഴ്‌സലോണയിലേക്ക് എത്തിയതിനു ശേഷമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. താരം ഒച്ചപ്പാടുണ്ടാക്കിയ ട്രാൻസ്‌ഫറിൽ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയപ്പോഴും അത് തുടർന്നു. പിന്നീട് പിഎസ്‌ജിയിൽ രണ്ടു താരങ്ങളും വീണ്ടും ഒരുമിക്കുകയുണ്ടായി. എന്നാൽ അടുത്ത സീസണിൽ രണ്ടു താരങ്ങളും വേറെ ക്ലബുകളിൽ കളിക്കാനാണ് സാധ്യതയുള്ളത്.
അതിനിടയിൽ നെയ്‌മറേ കുറിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം അർജന്റീന ടീമിൽ കളിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന മറ്റൊരു ടീമിലെ താരം ഏതാണെന്ന് ചോദിച്ചപ്പോൾ നെയ്‌മർ എന്നാണു സ്‌കലോണി മറുപടി പറഞ്ഞത്. അൽകാസ് ചാനലിനോട് സംസാരിക്കെയായിരുന്നു സ്‌കലോണിയുടെ പ്രതികരണം.
അർജന്റീനയും ബ്രസീലും തമ്മിൽ കളിക്കളത്തിൽ വൈരിയുണ്ടെങ്കിലും രണ്ടു ടീമിലെയും പ്രധാന താരങ്ങളായ നെയ്‌മറും മെസിയും അടുത്ത സുഹൃത്തുക്കളായി തന്നെ പെരുമാറുന്നവരാണ്. കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന ബ്രസീലിനെ തോൽപ്പിച്ച് കിരീടം നേടിയപ്പോൾ ലയണൽ മെസിക്കൊപ്പം ഒരുപാട് സമയം ചിലവഴിച്ച് തമാശകൾ പറഞ്ഞാണ് നെയ്‌മർ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.
Lionel Scaloni: “A player I wish he was an Argentine? Neymar.” @alkasschannel 🗣️🤝🇧🇷 pic.twitter.com/YMZOk53fE1
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 9, 2023
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തെയും നെയ്‌മർ അഭിനന്ദിച്ചിരുന്നു. അർജന്റീന ലോകകപ്പ് നേടിയതിനു പിന്നാലെ ലയണൽ മെസിക്ക് ആദ്യം അഭിനന്ദനവുമായി എത്തിയ താരങ്ങളിലൊരാൾ നെയ്‌മർ ആയിരുന്നു. അർജന്റീന ടീമിനോടും മെസിയോടും നെയ്‌മർക്കുള്ള ആഭിമുഖ്യം ഇതിൽ നിന്നും വ്യക്തമാണ്.