അർജന്റീനയിൽ നിന്നും ലയണൽ മെസ്സിക്കൊരു പിൻഗാമി : ക്ലോഡിയോ എച്ചെവേരി | Claudio Echeverri

അർജന്റീനയിൽ നിന്നും ഫുട്ബോൾ ലോകം കീഴടക്കാൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിൻഗാമിയായി ഒരു താരം വന്നിരിക്കുകയാണ്. അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിന്റെ ക്ലോഡിയോ എച്ചെവേരിയെന്ന 17 കാരനാണ് ലോക ഫുട്ബോളിൽ അത്ഭുതങ്ങൾ കാണിക്കുന്നത്.ജക്കാർത്തയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ നേടിയത് തകർപ്പൻ ഹാട്രിക്കോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് 17 കാരൻ.

ലയണൽ മെസ്സിക്ക് ശേഷം ബ്രസീലിനെതിരെ ഹാട്രിക്ക് നേടുന്ന ആദ്യ അര്ജന്റീന താരമായി എച്ചെവേരി മാറിയിരിക്കുകയാണ്. അണ്ടർ 17 ലോകകപ്പിൽ ക്യാപ്റ്റൻ ക്ലോഡിയോ എച്ചെവേരിയുടെ അവിശ്വസനീയമായ ഹാട്രിക്കിൽ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അര്ജന്റീന വിജയം നേടിയത്.അഞ്ച് ഗോളുകളുമായി സഹതാരം അഗസ്റ്റിൻ റോബർട്ടോയ്‌ക്കൊപ്പം എച്ചെവേരി ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോററായി മാറി. ലയണൽ മെസ്സിയുടെ പിൻഗാമിയായിട്ടാണ് പല ഫുട്ബോൾ വിദഗ്ദ്ധന്മാരും എച്ചെവേരിയെ കണക്കാക്കുന്നത്.

“എന്റെ ആരാധനാപാത്രം മെസ്സിയാണെന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു, പക്ഷേ ഞാൻ മെസ്സിയുടെ അടുത്തെങ്ങും ഇല്ല” എന്നാൽ മെസ്സിയോടുള്ള താരതമ്യത്തെ ക്കുറിച്ച് 17 കാരൻ കൊടുത്ത മറുപടിയാണിത്. റിവർ പ്ലേറ്റിനായി സീനിയർ തലത്തിൽ നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഗോൾ നേടാനായിട്ടില്ല.ചാക്കോ പ്രവിശ്യയിലെ റെസിസ്റ്റെൻസിയയിൽ ജനിച്ച എച്ചെവേരി ഡിപോർട്ടീവോ ലുജാനുമായി തന്റെ കരിയർ ആരംഭിച്ചു.2017 ലാണ് താരം റിവർ പ്ലേറ്റിലെത്തിയാത്. ഇറ്റലിയിൽ നടന്ന ഒരു യൂത്ത് ടൂർണമെന്റിൽ റിവർ പ്ലേറ്റിനെ പ്രതിനിധീകരിച്ച് 11 വയസ്സുള്ളപ്പോൾ ആദ്യമായി വാർത്തകളിൽ ഇടം നേടി. അവിടെ, അദ്ദേഹം ആറ് കളികളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടി.

2022 ഒക്ടോബറിൽ പാട്രോനാറ്റോയ്‌ക്കെതിരായ റിവർ റിസർവ് ടീമിന്റെ അരങ്ങേറ്റത്തിൽ അദ്ദേഹം സ്‌കോർ ചെയ്യുകയും അതേ വർഷം ഡിസംബറിൽ ക്ലബ്ബുമായി തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിടുകയും ചെയ്തു. അർജന്റീനയുടെ അണ്ടർ 17 ടീമിനായി 18 മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടിയിട്ടുണ്ട്.ഈ വർഷം സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ അർജന്റീന അണ്ടർ 17 ടീമിനെ മൂന്നാം സ്ഥാനത്തേക്ക് നയിച്ചത് എച്വെറിയാണ്. അഞ്ച് ഗോളുകളോടെ ടൂർണമെന്റിലെ സംയുക്ത ടോപ്-ഗോൾ സ്‌കോറർ ഫിനിഷ് ചെയ്‌ത അദ്ദേഹം അറ്റാക്കിംഗ് മിഡ്‌ഫീൽഡ് റോളിൽ മിന്നുന്ന പ്രകടനവും നടത്തി.

ബ്രസീലിനെതിരെയുള്ള മത്സരത്തിൽ 28 ആം മിനുട്ടിൽ ക്ലോഡിയോ എച്ചെവേരി നേടിയ മനോഹരമായ ഗോളിലൂടെ അര്ജന്റീന ലീഡ് നേടി. സ്വന്തം പകുതിയിൽ നിന്നും പന്ത് സ്വീകരിച്ച് മുന്നേറിയ താരം ബ്രസീലിയൻ ഡിഫെൻഡർമാരെ മറികടന്ന് ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ടിൽ നിന്നും വല കുലുക്കി.59 ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി.

വലതു വിങ്ങിൽ നിന്നും ലഭിച്ച പാസ് മികച്ച രീതിയിൽ കണക്ട് ചെയ്ത് ബോക്സിലേക്ക് കുതിച്ച എച്ചെവേരി ബ്രസീലിയൻ ഡിഫെൻഡർമാരെ മറികടന്ന് ഗോൾ കീപ്പറെയും കീഴടക്കി ഗോളാക്കി മാറ്റി സ്കോർ 2 -0 ആക്കി ഉയർത്തി. 73 ആം മിനുട്ടിൽ മിഡ്ഫീൽഡിൽ നിന്നും മികച്ചൊരു പാസ് സ്വീകരിച്ച എച്ചെവേരി മികച്ചൊരു ഫിനിഷിംഗിലൂടെ അർജന്റീനയുടെ മൂന്നാം ഗോളും ഹാട്രിക്കും നേടി.അണ്ടർ 17 വേൾഡ് കപ്പിൽ ഇതുവരെ ജയിച്ചിട്ടില്ലാത്ത അർജന്റീന സെമിയിൽ ജർമനിയെ നേരിടും.

Rate this post