“ഇതിലും കൂടുതലായി ആരാധകർക്ക് എന്ത് വേണം, ആരാധകരുടെ മനസ്സു നിറച്ച പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് “
ഗോവക്കെതിരായ ആവേശകരമായ മത്സരത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഗ് മത്സരാവസാനിച്ചിരിക്കുകയാണ്. നാല് മാസങ്ങൾക്കുള്ളിൽ 20 മത്സരങ്ങൾക്ക് ശേഷം പോയിന്റ് ടേബിളിലേക്ക് നോക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ ഹൃദയം കൊണ്ട് സ്നേഹിച്ച ആരാധകർക്ക് രോമാഞ്ചം ഉണ്ടാവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇനി ഒരിക്കലെങ്കിലും അങ്ങനെ ഒരു കാഴച കാണാൻ നമുക്ക് സാധിക്കുമോ എന്ന് ഈ സീസൺ തുടക്കത്തിൽ വരെ ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകർ വരെ സംശയിച്ചു പോന്നിരുന്നു.
പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തായി നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് ഇടം നേടിയിരിക്കുന്നു. കുറച്ചൊരു അത്ഭുതത്തോടെയല്ലാതെ നമുക്ക് ഇതിനെ നോക്കി കാണാനാവില്ല. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം വിലയിരുത്തിയാൽ അത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും കഴിഞ്ഞ അഞ്ചു സീസണിലെ പ്രകടനം വിലയിരുത്തുമ്പോൾ ഇതൊരു അത്ഭുതം തന്നെയാണ്. ആരാധകർ എന്താണോ ബ്ലാസ്റ്റേഴ്സിൽ നിന്നും പ്രതീക്ഷിച്ചത് അത് തിരിച്ചു കൊടുക്കാൻ ഈ സീസണിൽ അവർക്കായി. മികച്ച വിദേശ താരങ്ങളോടൊപ്പം ഇന്ത്യയിലെ മികച്ച ജൂനിയർ സീനിയർ താരങ്ങൾ എല്ലാം ഒരുമിച്ച് സെർബിയൻ പരിശീലകൻ ഇവന്റെ തന്ത്രങ്ങൾ മൈതാനത്ത് നടപ്പിലാക്കിയപ്പോൾ ഏറ്റവും മികച്ച സീസണാണ് കേരളത്തിന് ലഭിച്ചത്.
ഓരോ പോയിന്റും വിലപെട്ടതാണെന്നും അത് ആരും വെറുതെ തരില്ലെന്നും അതിനായി പോരാടണമെന്നും പറയുന്ന പരിശീലകന്റെ കിഴിൽ കയ്യും മെയ്യും മറന്ന് കളിക്കാർ പോരാടാൻ തയായരാവുമ്പോൾ ഇതിൽ കൂടുതൽ നേട്ടങ്ങൾ നേടാനാവുമെന്ന വിശ്വാസം ബ്ലാസ്റ്റേഴ്‌സ് ആരാധകർക് ഉണ്ട്.അടുത്ത മത്സരത്തെ കുറിച്ച് മാത്രമാണ് ഞങ്ങള്‍ ഇനി നോക്കുന്നത്. കഴിഞ്ഞത് കഴിഞ്ഞു, വരാനിരിക്കുന്നതിനെ പോസിറ്റീവ് ആയി സമീപിക്കുക എന്ന ചിന്തയാണ് വുകോമനോവിച്ചിനുണ്ടായത്. പരിക്കും ,സസ്‌പെൻഷനും മൂലം വളഞ്ഞ ബ്ലാസ്‌റ്റേഴ്‌സിനെ പകരകകരെ വെച്ച് തന്ത്രനാണ് മെനഞ്ഞ ഇവാൻ അവരിൽ നിന്നും ഏറ്റവും മികച്ചത് പുറത്തെടുക്കുകയും ചെയ്തു.
ഒന്നാം നമ്പര്‍ ഗോളി ആല്‍ബിനൊ ഗോമസ് പരിക്കേറ്റ് പുറത്തായതോടെയാണ് പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ എത്തിയത്. എന്നാൽ കടമ വൃത്തിയായി നിർവഹിച്ച താരം ലീഗിലെ ഏറ്റവും മികച്ച കീപ്പറായി മാറി.ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്‌റൊ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരം നിഷു കുമാറും നിഷു പുറത്തായപ്പോള്‍ സന്ദീപ് സിംഗുമെല്ലാം അതത് സ്ഥാനങ്ങള്‍ ഏറ്റെടുത്ത് ഭംഗിയാക്കി. ഹര്‍മന്‍ജോത് ഖബ്ര ഇല്ലാതിരുന്നപ്പോള്‍ സഞ്ജീവ് സ്റ്റാലിനും ഏണെസ് സിപ്പോവിച്ച് ഇല്ലാത്തപ്പോള്‍ ബിജോയ് വര്‍ഗീസും ജീക്‌സണ്‍ സിംഗും പ്യൂട്ടിയയും ഇല്ലാതിരുന്നപ്പോള്‍ ആയുഷ് അധികാരിയും ഗിവ്‌സണ്‍ സിംഗും കെ.പി. രാഹുലിന്റെ അഭാവത്തില്‍ കെ. പ്രശാന്തും വിന്‍സി ബാരെറ്റോയുമെല്ലാം കളത്തിലെത്തി അവരുടെ ഭാഗം ഗംഭീരമാക്കി. ബെഞ്ച് സ്ട്രങ്ത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു.
20 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 9 ജയവും 7 സമനിലയും 4 തോൽവിയും ഉൾപ്പെടെ 34 പോയിന്റുകളാണ് നേടിയത്. ഏറ്റവും കൂടുതൽ വിജയങ്ങളും കൂടുതൽ പോയിന്റുകളും കൂടുതൽ ഗോളുകളും നേടിയ സീസണായിരുന്നു ഇത്.ജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ചങ്ക് പൊട്ടുകയും ചെയ്യുന്ന ആരാധക കൂട്ടത്തിന് വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ മികച്ച ഒരു ഐ എസ് എൽ കാലമാണ് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത് എന്ന് പറയാം.ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല ഒരു സീസണിലൂടെ കടന്നു പോകുന്ന ടീം ഈ മുന്നേറ്റം തുടർന്നാൽ കിരീടം കേരളത്തിലെത്തും. പ്രത്യാക്രമണങ്ങളിലൂടെ ഗോൾ നേടുകയും അല്ലാത്ത സമയങ്ങളിൽ എതിരാളിയെ ചെറുത്തുനിൽക്കുകയുമെന്ന അടിസ്ഥാനതന്ത്രമാണ് ടീം പുറത്തെടുക്കുന്നത്. കഴിഞ്ഞ സീസണിൽ കണ്ട പോലെ പരിക്കുകൾ ബുദ്ധിമുട്ട് ആണെങ്കിൽ പോലും ഇവയെ എല്ലാം അനുകൂല ഘടകമാക്കി മാറ്റാൻ പരിശീലകൻ വുകോമാനോവിച്ചിന് കഴിയുന്നുണ്ട്. ജയത്തിൽ കൂടുതൽ സന്തോഷിക്കാതെ വിജയദാഹം മാത്രമുള്ള വലിയ ലീഗുകളെ അനുസ്മരിപ്പിക്കുന്ന ഒരു പ്രൊഫഷണൽ സമീപനം ക്ലബിന് ഇത്തവണ ഉണ്ട്.
ലീഗിലെ ആദ്യ മത്സരത്തിലെ ദയനീയ തോൽവിക്ക് ശേഷം തുടർച്ചയായ 10 മത്സരങ്ങളിൽ തോൽക്കാതെ കരുത്തുകാട്ടിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തിൽ പ്രതിസന്ധികളോട് പൊരുതിയാണ് സെമിയിൽ സ്ഥാനം പിടിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റത്തിൽ പ്രതിരോധ നിരയാണോ -മധ്യ നിരയാണോ – മുന്നേറ്റനിരയാണോ മികച്ചത് എന്ന് പറയാൻ സാധിക്കില്ല. എന്നിരുന്നാലും പ്രതിരോധത്തിലെ മികവ് എടുത്തു പറയേണ്ട ഒന്ന് തന്നെയായാണ്. കഴിഞ്ഞ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പോരായ്മ അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങുന്നതായിരുന്നു എന്നാൽ ഈ സീസണിൽ ലെസ്‌കോവിച്ചും -ഹോർമിയും -ഖബ്രയും-അനിരന്നപ്പോൾ അതിനൊരു മാറ്റം വന്നു.
മുന്നേറ്റനിരയിൽ വിദേശ മുന്നേറ്റതാരങ്ങളായ ഡേയ്സും വസ്ക്വാസും 8 ഗോളുകൾ നേടിയപ്പോൾ മലയാളി താരം സഹൽ ഇവർക്ക് മികച്ച പിന്തുണ നൽകി. ഗോളടിച്ചും ഗോളടിപ്പിച്ചും ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡിന്റെ അച്ചുതണ്ടായി പ്രവർത്തിച്ച മിഡ്ഫീൽഡ് മാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അഞ്ചു ഗോളുകളും 7 അസിസ്റ്റും ഉറുഗ്വേയൻ സ്വന്തം പേരിൽ കുറിച്ചു.മധ്യനിരയിൽ ജീക്സൺ -പ്യൂട്ടിയ സഖ്യത്തിന്റെ പ്രകടനവും എടുത്തു പറയേണ്ടതായിരുന്നു.
ഇനി വരാനിരിക്കുന്നതത് സെമി ഫൈനലാണ്. ഇന്ന് നടക്കുന്ന ജംഷഡ്‌പൂർ മോഹൻ ബഗാൻ മത്സരത്തിന് ശേഷം സെമിയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളെ അറിയാൻ സാധിക്കും. കഴിഞ്ഞ രണ്ടു തവണയും സെമിയിലേക്ക് യോഗ്യത നേടിയപ്പോൾ ഫൈനലിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. അത് യാഥാർഥ്യമാകും എന്ന വിശ്വാസത്തിലാണ് ആരാധക കൂട്ടം.