“മാഡ്രിഡ് ഡെർബിയിൽ റയലിന് തോൽവി ; തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി ; നാലാം സ്ഥാനം കൂടുതൽ സുരക്ഷിതമാക്കി ആഴ്സനൽ ; ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് എ സി മിലാൻ ; സമനില കുരുക്കിൽ ബയേണും പിഎസ്ജി യും”

സ്പാനിഷ് ലാ ലീഗയിൽ മാഡ്രിഡ് ഡെർബിയിൽ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്ലറ്റികോയുടെ ജയം.2016 നു ശേഷം ആദ്യമായി ആണ് അത്ലറ്റികോ റയലിനെ ലാ ലീഗയിൽ തോൽപ്പിക്കുന്നത്.നാൽപതാം മിനിറ്റിൽ കുൻഹയെ ജീസസ് വലഹോ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് യാനിക് കരാസ്‌കോ അത്ലറ്റികോയെ മുന്നിലെത്തിച്ചു. 35 മത്സരങ്ങളിൽ നിന്നും 64 പോയിന്റുമായി നാലാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡ്.

ഇറ്റാലിയൻ സിരി എ യിൽ ഹെല്ലാസ് വെറോനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി എ സി മിലാൻ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.ജയത്തോടെ ലീഗിൽ 2 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്റർ മിലാനെക്കാൾ 2 പോയിന്റുകൾക്ക് മിലാൻ മുന്നിലെത്തി.38 മത്തെ മിനിറ്റിൽ മിലാനെ ഞെട്ടിച്ചു കൊണ്ട് മാർകോ ഫെറോണി ഹെല്ലാസ് വെറോനയെ മുന്നിലെത്തിച്ചു.

എന്നാൽ 45 ആം മിനുട്ടിൽ റാഫേൽ ലിയോവയുടെ പാസിൽ നിന്നും സാന്ദ്രോ ടോണാലി മിലാനെ ഒപ്പമെത്തിച്ചു. 49 ആം മിനുട്ടിൽ സാന്ദ്രോ ടോണാലി മിലാനെ മുന്നിലെത്തിച്ചു.86 മത്തെ മിനിറ്റിൽ പകരക്കാനായി ഇറങ്ങിയ അലക്‌സാണ്ടർ ഫ്ലോറൻസി മിലാന്റെ ജയം ഉറപ്പിച്ചു. ജയത്തോടെ 36 മത്സരങ്ങളിൽ നിന്നും 80 പോയിന്റുമായാണ് മിലാൻ ഒന്നാമത്, ഇന്ററിനു അത്രയും മത്സരങ്ങളിൽ നിന്നും 78 പോയിന്റ് ആണുള്ളത്.

പ്രീമിയർ ലീഗ് കിരീടം പോരാട്ടത്തിൽ ലിവർപൂളിനെതിരെ വ്യക്തമായ മുൻതൂക്കവുമായി മാഞ്ചസ്റ്റർ സിറ്റി. ന്യൂകാസിലിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകർത്തെറിഞ്ഞ സിറ്റി, രണ്ടാം സ്ഥാനക്കാരായ ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി ഉയർത്തി.റഹീം സ്റ്റെർലിംഗ് രണ്ട് തവണ ന്യൂകാസിൽ ഗോൾ വല ചലിപ്പിച്ചപ്പോൾ, ലപോർട്, റോഡ്രി, ഫിൽ ഫോഡൻ എന്നിവരും സ്‌കോർ ചെയ്തു. എത്തിഹാദ് സ്റ്റേഡിയത്തിൽ സെർജിയോ അഗ്യൂറോക്ക് ശേഷം 50 ഗോളുകൾ നേടുന്ന താരവും ആയി റഹീം സ്റ്റെർലിങ് ഇതോടെ മാറി. ജയം വലിയ രീതിയിൽ ആണ് പരിശീലകൻ പെപ് ഗാർഡിയോള ആഘോഷിച്ചത്. മൂന്നു മത്സരങ്ങൾ ബാക്കി നിൽക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് നിരാശ മറന്നു ലിവർപൂളിനെ മറികടന്നു പ്രീമിയർ ലീഗ് നേടാൻ ആവും മാഞ്ചസ്റ്റർ സിറ്റി ശ്രമം.മൂന്ന് മത്സരങ്ങൾ മാത്രം അവശേഷിക്കെ ലിവർപൂളുമായി മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രമല്ല, നാല് ഗോളിന്റെ മുൻതൂക്കം നേടാനും പെപ് ഗ്വാർഡിയോളയുടെ ടീമിനായി.

പ്രീമിയർ ലീഗിൽ നാലാം സ്ഥാനം കൂടുതൽ സുരക്ഷിതമാക്കി ആഴ്സനൽ. എൻകെറ്റിയയുടെ ഇരട്ടഗോൾ മികവിൽ ഗണ്ണേഴ്സ് ലീഡ്സിനെ 2-1ന് തോൽപ്പിച്ചു.ആദ്യ 10 മിനിറ്റിനുള്ളിലായിരുന്നു ആഴ്സനലിന്റെ രണ്ട് ഗോളുകളും.27 ആം മിനിറ്റിൽ അയ്ലിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ലീഡ്‌സ് പിന്നീട് കളിച്ചത്. പിന്നീട് ഗോൾ ഒന്നും വഴങ്ങാതെ പൊരുതിയ ലീഡ്‌സ് രണ്ടാംപകുതിയിൽ ഒരു ഗോൾ മടക്കുകയും ചെയ്തു. ഡിയാഗോ ലോറന്റെയാണ് സ്‌കോർ ചെയ്തത്.മൂന്ന് മത്സരങ്ങൾ കൂടി കളിക്കാൻ ഇരിക്കെ നിലവിൽ നാലാം സ്ഥാനത്ത്‌ തുടരുന്ന ആഴ്സനലിന് 66 പോയിന്റായി. അഞ്ചാമതുള്ള ടോട്ടൻഹാം നാല് പോയിന്റിന് പിന്നിലാണ്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ടോട്ടൻഹാമിനെതിരായ മത്സരം ജയിക്കാൻ സാധിച്ചാൽ ആഴ്സനലിന് നാലാം സ്ഥാനവും ഒപ്പം ചാമ്പ്യൻസ്‌ ലീഗ് ബെർത്തും ഉറപ്പിക്കാം. ഇന്നത്തെ തോൽവിയോടെ ലീഡ്സ്‌ റെലഗേഷൻ സോണിൽ എത്തി.

ഫ്രഞ്ച് ലീഗ് വണ്ണിൽ സമനില വഴങ്ങി പാരീസ് സെന്റ് ജർമ്മൻ. ട്രോയീസിനോട് 2-2 നു ആണ് പാരീസ് സമനില വഴങ്ങിയത്. ആറാം മിനിറ്റിൽ ആഞ്ചൽ ഡി മരിയയുടെ പാസിൽ നിന്നു മാർക്വീനയോസ് പി.എസ്.ജിയെ മുന്നിലെത്തിച്ചു. 25 മത്തെ മിനിറ്റിൽ എമ്പപ്പയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട നെയ്മർ പാരീസിന് രണ്ടാം ഗോൾ സമ്മാനിച്ചു.മുപ്പതാം മിനിറ്റിൽ ഇകെ ഉഗ്‌ബോ ട്രോയീസിനു വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചു.രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിൽ ഫ്ലോറിയൻ ടാർടിയു അവരെ ഒപ്പമെത്തിച്ചു.മിനിറ്റുകൾക്ക് അകം നെയ്മർ ഒരു ഗോൾ കൂടി നേടിയെങ്കിലും പാസ് നൽകിയ എമ്പപ്പെ അതിനു മുമ്പ് ഫൗൾ ചെയ്തത് ആയി വാർ കണ്ടത്തിയതോടെ വാർ ആ ഗോൾ അനുവദിച്ചില്ല. ഇടക്ക് മെസ്സിയുടെ ഷോട്ട് ബാറിൽ ഇടിച്ചു മടങ്ങിയത് പാരീസിന് തിരിച്ചടിയായി.

ബുണ്ടസ് ലീഗയിൽ ബയേണിന് സമനിലക്കുരുക്ക്. റെലഗേഷൻ ഭീഷണിയുള്ള സ്റ്റട്ട്ഗാർട്ടാണ് ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കിയത്. 2-2ന് ആണ് മത്സരം അവസാനിച്ചത്.തിയാഗോ തോമസ്,സാസ കലസിഗ് എന്നിവർ സ്റ്റട്ട്ഗാർട്ടിനായി ഗോളടിച്ചപ്പോൾ സെർജ് ഗ്നാബ്രിയും തോമസ് മുള്ളറും ബയേണിന്റെ ഗോളുകൾ നേടി.

Rate this post