ക്രിസ്ത്യാനോക്ക് ആദരവുമായി സ്പോർട്ടിങ്, അക്കാദമിക്ക് റൊണാൾഡോയുടെ പേര് നൽകാനൊരുങ്ങുന്നു

തങ്ങളുടെ അക്കാഡമിയുടെ വളർന്നു വന്നു ലോകത്തിലെ മികച്ചതാരങ്ങളിലൊരാളും അഞ്ചു വട്ടം ബാലൺ ഡിയോർ ജേതാവുമായ ക്രിസ്ത്യാനോ റൊണാൾഡോയെ അക്കാഡമിക്ക് തന്നെ റൊണാൾഡോയുടെ പേരു നൽകി ആദരിക്കാനൊരുങ്ങുകയാണ് പോർട്ടുഗീസ് ക്ലബ്ബായ സ്പോർട്ടിങ്. അക്കാഡമിയിലൂടെ വളർന്നു വരുന്നത് യുവതാരങ്ങൾക്ക് മാതൃകയാക്കേണ്ട താരത്തിന്റെ പേരുതന്നെയാണ് സ്പോർട്ടിങ് നൽകാനൊരുങ്ങുന്നത്. അക്കാഡമിക്ക് അക്കാഡെമിയ ക്രിസ്ത്യാനോ റൊണാൾഡോയെന്നാണ് ഇനി പേരുണ്ടാവുക.

1997ലാണ് വെറും പന്ത്രണ്ട് വയസുള്ള ക്രിസ്ത്യാനോ സ്പോർട്ടിങ് അക്കാഡമിയിലെത്തുന്നത്. അവിടെ നിന്നുള്ള വളർച്ചയിൽ 2002 ഓഗസ്റ്റ് 14നു 17 വയസുള്ള ക്രിസ്ത്യാനോ ഇന്ററിനെതിരെയാണ് സീനിയർ തലത്തിൽ അരങ്ങേറുന്നത്. പിന്നീട് ഒരു വർഷത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡുമായി നടന്ന പ്രീസീസൺ സൗഹൃദമത്സരത്തിൽ അലക്സ്‌ ഫെർഗുസന്റെ താരത്തിൽ പതിയുകയും 12മില്യൺ യൂറോക്ക് 18കാരൻ റൊണാൾഡോയെ സ്വന്തമാക്കുകയായിരുന്നു.

യുണൈറ്റഡിനൊപ്പം ലീഗ്‌ കിരീടങ്ങളും ചാംപ്യൻസ്‌ലീഗും നേടിയ താരം യുണൈറ്റഡിൽ വെച്ചു തന്നെ തന്റെ ആദ്യ ബാലൺഡിയോറും സ്വന്തമാക്കി. പിന്നീട് 2009ൽ റെക്കോർഡ് തുകക്ക് റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയും 9 വർഷത്തെ കരിയറിൽ പല ഐതിഹാസിക നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. നാലു ബാലൺ ഡിയോറും ചാംപ്യൻസ്‌ലീഗ്‌ കിരീടങ്ങളും 5 ഗോൾഡൻ ബൂട്ടുകളും നേടാൻ താരത്തിനായി. റയലിന്റെ ടോപ്സ്കോറെർ പട്ടവും ക്രിസ്ത്യാനോക്കു തന്നെയാണ്.

2018ൽ പിന്നീട് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്കു ചേക്കേറുകയും തന്റെ പ്രതിഭാസസമാനമായ മുന്നേറ്റം തുടരുകയാണ് ക്രിസ്ത്യാനോ. ഇതിഹാസസമാനമായ റൊണാൾഡോയുടെ കരിയറിനെ ആദരിക്കുകയും ക്രിസ്ത്യാനോയുടെ പേരും പെരുമയും ഭാവിയിലും ഒരു ഓര്മയായിത്തന്നെ നിലനിൽക്കാനുമായാണ് സ്പോർട്ടിങ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. അത് സോഷ്യൽ മീഡിയയിലൂടെ തന്നെ ക്ലബ്ബ് വെളിപ്പെടുത്തുകയായിരുന്നു. ഉടൻതന്നെ ഇതിന്റെ ഉദ്‌ഘാടനവും ഉണ്ടായേക്കുമെന്നാണ് സ്പോർട്ടിങ് തീരുമാനിച്ചിരിക്കുന്നത്.

Rate this post