ഇവാൻ വുകുമനോവിച്ചിനെതിരെ നടപടിയുണ്ടാകും ,കളിയെ അപമാനിച്ചുവെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ വിവാദങ്ങൾ നിറഞ്ഞ മത്സരമായിരുന്നു ബംഗളുരു കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക് ഔട്ട് പോരാട്ടം. സുനിൽ ഛേത്രിയുടെ ഗോൾ റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം മുഴുവനാക്കാതെ കളം വിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും തീരുമാനങ്ങളും ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയെങ്കിലും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി അത് നിരസിക്കുകയും ചെയ്തു.

എന്നാൽ ബെംഗളൂരുവിന് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ. പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയത്. തുടർന്നാണ് വാക്കൗട്ട് ചെയ്തതിന് പരിശീലകന് നോട്ടീസ് പുറപ്പെടുവിച്ചത്.

എഐഎഫ്എഫിന്റെ 2021 ലെ ഡിസ്‌സിപ്ലിനറി കോഡിലെ സെക്ഷൻ രണ്ട് പ്രകാരമുള്ള നടപടികളാണ് ഇവാനെതിരെ ചുമത്തിയിരിക്കുന്നത്. അച്ചടക്കം സംബന്ധിച്ച നിയമങ്ങളിൽ മത്സരത്തെ അപകീർത്തിപ്പെടുത്തുക എന്ന സെക്ഷനിലെ എല്ലാ ഉപവകുപ്പുകളും പരിശീലകനെതിരെ ചുമത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.

ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. എന്നാൽ വലിയ പിഴ കൊടുക്കേണ്ടി വരുമെന്നുറപ്പാണ്. ഇവാന്റെ വിശദീകരണം കൂടി കേട്ടതിനു ശേഷമാവും അധികൃതർ നടപടി എടുക്കുക .