Kerala Blasters : “അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവുമെന്ന സൂചന നൽകി അഡ്രിയാൻ ലൂണ”

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളെയും ഒഴിവാക്കിയിരുന്നു. വലിയ വിലകൊടുത്തു വാങ്ങിയിട്ടും നിരാശ ആയിരുന്നു ഫലം. അത്കൊണ്ട് തന്നെ ഈ സീസണിൽ കരുതിയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് സൈനിംഗുകൾ നടത്തിയത്. അങ്ങനെ ബ്ലാസ്റ്റേഴ്സിൽ എത്തിയ ആദ്യ വിദേശ താരമായിരുന്നു അഡ്രിഡിന് ലൂണ എന്ന ഉറുഗ്വേൻ താരം .

ഈ ലൂണ ഒരു ചില്ലറക്കാരനല്ല എന്നായിരുന്നു ആ വിധിയെഴുത്ത്. മുമ്പും ഇത്തരം അവകാശവാദങ്ങൾ ഒട്ടേറെ കണ്ട ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതും അത്തരമൊന്നായെ കണ്ടുള്ളു. എങ്കിലും ഏതൊരു ബ്ലാസ്റ്റേഴ്സ് ആരാധകനുമുള്ള ആ പ്രതീക്ഷയ്ക്ക് ഒരു കുറവുമില്ലായിരുന്നു. പ്രീ സീസൺ, ഡ്യൂറാൻഡ് കപ്പ് ഇപ്പോൾ ഐഎസ്എല്ലിലെ ആദ്യ മത്സരങ്ങൾ ഇത്രയും കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പിച്ചുപറയാം ലൂണയിലുള്ള പ്രതീക്ഷ തെറ്റിയില്ല എന്ന്.ഈ സീസൺ തുടക്കം മുതൽ ലൂണ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ കളി നിയന്ത്രിച്ച് പോന്നിരുന്നത്.

പരിശീലകൻ ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് സൂചനകൾ നൽകിക്കഴിഞ്ഞു. ഇതിനുപിന്നാലെയിപ്പോൾ യുറു​ഗ്വെ സൂപ്പർതാരം അ‍ഡ്രിയാൻ ലൂണയും ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള സാധ്യത ചൂണ്ടിക്കാട്ടി. ഇന്ന് ഇവാനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് ലൂണ ഇക്കാര്യം പറഞ്ഞത്.എനിക്ക് ബ്ലാസ്റ്റേഴ്സുമായി രണ്ട് വർഷത്തെ കരാറാണുള്ളത്, അടുത്ത സീസണിലും ഇവിടേക്ക് തിരിച്ചെത്താനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്, ടീമിലുള്ള മറ്റ് വിദേശതാരങ്ങളും അടുത്ത സീസണിൽ വീണ്ടും ബ്ലാസ്റ്റേഴ്സിനായി കളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, ഈ ടീമിന് വേണ്ടി ഞങ്ങൾ തുടർന്നും പൊരുതും, ലൂണ വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്സിൽ അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിക്കുന്ന ലൂണ മുന്നിൽനിൽക്കുന്ന സ്ട്രൈക്കർക്ക് ഏതുവിധേനയും പന്ത് എത്തിച്ചു കൊടുക്കുവാൻ സദാ സന്നദ്ധനാണ്. പ്രധാന സ്ട്രൈക്കറിന് പിന്നിലായി ക്രിയേറ്റീവ് റോളാണ് ലൂണയ്ക്ക്. പക്ഷെ ലൂണ എന്തും ചെയ്യും. ​ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിർമുന്നേറ്റം തടയാനും ലൂണ തയ്യാറാണ്. പന്ത് റിക്കവർ ചെയ്യാനായി പലതവണ ലൂണ പിന്നിലേക്കിറങ്ങിവന്നു. എതിരാളികളെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിന്റെ സഹതാരങ്ങളെ സഹായിക്കാൻ ലൂണ ഒടിയെത്തും.ഈ സീസണിൽ രണ്ട് ​ഗോൾ നേടിയ ലൂണ ആറ് ​ഗോളിനാണ് വഴിയൊരുക്കിയത്. പല മത്സരങ്ങളിലും മികച്ച താരമായി തിര‍ഞ്ഞെടുക്കപ്പെട്ടതും ലൂണയായിരുന്നു.

ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് കരോളിസ് സ്കിൻകിസ് യാതൊരു സൂചനകളും കൊടുക്കാതെ ടീമിലെത്തിച്ച താരം ക്രിയേറ്റിവ് മിഡ്ഫീൽഡർ എന്ന നിലയിൽ പ്രീ സീസൺ മുതൽ മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന്റെ ക്യാപ്റ്റൻ അല്ലെങ്കിൽ പോലും സഹതാരങ്ങൾക്ക് നിരന്തരം പ്രചോദനമായി ലൂണ മികച്ച് നിൽക്കുന്നു. ത്രൂ ബോളുകൾ കരുത്താക്കിയ താരം 90 മിനിറ്റും ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നു.താരത്തിന് വ്യക്തികത നേട്ടങ്ങളെക്കാൾ ബ്ലാസ്റ്റേഴ്സ് വിജയങ്ങളാണ് പ്രാധാന്യം.വർഷങ്ങളായി ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഒരു മികച്ച പാക്കേജാണ് ലൂണ .

Rate this post