കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോററാവാൻ അഡ്രിയാൻ ലൂണ |Kerala Blasters

കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ദിമിത്രിയോസ് ഡയമന്റകോസും അഡ്രിയാൻ ലൂണയുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.ഡീഗോ മോറീഷ്യേയുടേതാണ് ഒഡിഷയുടെ ഏക ഗോൾ.

വിലക്കു കഴിഞ്ഞെത്തിയ ഇവാൻ വുകുമനോവിച്ചിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു.ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളിലും നിർണായക പങ്ക് വഹിച്ചത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയായിരുന്നു.ആദ്യ ഗോളിന് വഴിയൊരുക്കിയ ഫ്രീകിക്ക് എടുത്ത ലൂണ മറ്റൊന്ന് സ്കോർ ചെയ്യുകയും ചെയ്തു.ലോകോത്തര നിലവാരമുള്ള ഗോളാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ നേടിയത്.ഇന്നലെ നേടിയ ഗോളോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോററായ ബർത്തലോമിയോ ഒഗ്ബെചെ 15 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്താൻ ലൂണക്ക് സാധിച്ചു.

2019 -20 സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയ നൈജീരിയൻ 16 മത്സരങ്ങളിൽ നിന്നാണ് 15 ഗോളുകൾ നേടിയത്.യൂറോപ്പിൽ പിഎസ്ജി അടക്കമുള്ള ക്ലബുകൾക്കായി കളിച്ച ഒഗ്ബെച്ചെയുടെ കഴിവുകൾ ഒരു സീസണായിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്താൻ സാധിച്ചത്. ആ സീസണിൽ കേരള ബ്ലാസ്റ്റർസ് നേടിയ 29 ഗോളുകളിൽ 15 എണ്ണവും (51.72%) അദ്ദേഹം നേടി. 13 ഗോളുകൾ നേടിയ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് ആണ് മൂന്നാം സ്ഥാനത്ത്. 11 ഗോളുമായി മലയാളി താരം സികെ വിനീത് നാലാം സ്ഥാനത്തും. 10 ഗോളുകളുമായി ഇയാൻ ഹ്യൂം അഞ്ചാംസ്ഥനത്തുമാണ്.

84-ാം മിനിറ്റിൽ ലൂണയുടെ അധ്വാനത്തിന് ഫലമുണ്ടായി .മുഹമ്മദ് ഐമെൻ കൊടുത്ത ലോങ്ങ് ബോൾ മികച്ച രീതിയിൽ കൈക്കലാക്കിയ ലൂണ സ്ഥാനം തെറ്റിക്കുന്ന ഗോൾകീപ്പർ അമരീന്ദർ സിങ്ങിന്റെ തലക്ക് മുകളിലൂടെ വലയിലെത്തിച്ചു. മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിന്റെ മൂന്നു പോയിന്റുകൾ ഉറപ്പിച്ച ഗോളായിരുന്നു അത്.

Rate this post