” അഡ്രിയാൻ ലൂണയുടെ അത്ഭുത ഫ്രീകിക്ക് ഗോളായിരുന്നെങ്കിൽ ? “

മലയാളി ഫുട്ബോൾ ആരാധകർക്ക് ഒരു പരിചയപെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ വരെ എത്തി നിൽക്കുന്ന ഈ കുതിപ്പിൽ ലൂണ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തത്. ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറുന്ന ലൂണയെന്ന പ്ലെ മേക്കർ കളിക്കളത്തിൽ സഹ താരങ്ങൾക്ക് നൽകുന്ന ഊർജ്ജം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ നിര്ണായകമാവാറുണ്ട്.

ചെന്നൈക്കെതിരെ നേടിയ മനോഹരമായ ഗോളുൾപ്പെടെ അഞ്ചു ഗോളുകളാണ് ഉറുഗ്വേൻ മിഡ്ഫീൽഡ് മാസ്റ്ററുടെ കാലുകളിൽ നിന്നും ഈ സീസണിൽ പിറന്നത്. എന്നാൽ നേടിയ ഗോളുകളുടെ മനോഹാരിതയേക്കാൾ പിറക്കാതെ പോയ ലൂണയുടെ ഒരു ഗോൾ ശ്രമമാണ് ഇപ്പോൾ ആരാധകർക്കിടയിലെ സംസാര വിഷയം. സംഭവിക്കാത്തതിന് സൗന്ദര്യം കൂടുമെന്ന് പറഞ്ഞപോലെ ഫറ്റോര്‍ദയിലെ ജവഹര്‍ലാന്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പിറക്കാതെ പോയ ആ ഗോളിന് അല്പം സൗന്ദര്യം കൂടുതലാണ്.

ആദ്യ പകുതിയിൽ സഹൽ നേടിയ ഗോളിന് ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നിൽക്കുന്ന സമയം. 58 ആം മിനുട്ടിൽ ഇടതു വിങ്ങിൽ ഗോളാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ആംഗിളിൽ നിന്നും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. എല്ലാ മത്സരങ്ങളിലും എന്നപോലെ കിക്ക് എടുക്കാൻ ക്യാപ്റ്റനും പ്ലെ മേക്കറുമായ ലൂണയെത്തുന്നു. ഗോളാക്കാൻ ബുദ്ധിമുട്ടുള്ള ആംഗിൾ ആയത്കൊണ്ടുകൊണ്ട് പോസ്റ്റിലേക്ക് നേരിട്ടുള്ള ഒരു ഷോട്ട് കീപ്പർ രഹനേഷും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ ഗോൾ കീപ്പറെയും ജംഷഡ്‌പൂർ താരങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ലോണിയെടുത്ത ഫ്രീകിക്ക് മഴവില്ല് പോലെ വളഞ്ഞ കീപ്പറെയും മറികടന്ന് വലയിലേക്ക് കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും പോസ്റ്റിൽ തട്ടി പുറത്തേയ്ക്ക് പോയി. ഒരു പക്ഷെ അത് ഗോളായിരുന്നെകിൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ബ്ലാസ്റ്റേഴ്‌സ് ഉറപ്പിച്ചതിനു തുല്യമായേനെ. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി നേടിയ ഗോളുകളിലെല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ലൂണക്ക് പിറക്കാതെ പോയ ഈ ഗോളിനെക്കുറിച്ചും അഭിമാനിക്കാം.

ലീഗ് മത്സരങ്ങളിൽ ചെന്നൈക്കെതിരെ നേടിയ ഫ്രീകിക്ക് ഗോളും ,മോഹൻ ബഗാനെതിരെയുള്ള ലോങ്ങ് റേഞ്ച് ഗോളും , ഗോവക്കെതിരെ നേടിയ ലോങ്ങ് റേഞ്ച് ഗോളുമെല്ലാം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അസാധ്യമായ ആംഗിളുകളിൽ നിന്നും ഗോളുകൾ കണ്ടെത്താനുള്ള താരത്തിന്റെ കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. എതിർ ടീമോ ഗോൾ കീപ്പറോ ഒരിക്കലും ഗോളവില്ല എന്ന് തോന്നുന്ന സ്ഥലങ്ങളിൽ നിന്നും ആംഗിളിൽ നിന്നും ഗോൾ കണ്ടെത്താനുള്ള കഴിവ് ലൂണക്ക് മാത്രമല്ല ബ്ലാസ്റ്റേഴ്സിലെ സഹ താരം വസ്ക്വാസും പുറത്തെടുക്കാറുണ്ട്.

Rate this post