“ഒരു മത്സരം പോലും ജയിക്കാതെ മഹ്‌റസിന്റെ അൾജീരിയ പുറത്ത്”

ഡുവാലയിൽ ഐവറി കോസ്റ്റിനെതിരെ 3-1 തോൽവിയോടെ നിലവിലെ ചാമ്പ്യന്മാരായ അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പിൽ നിന്ന് പുറത്തായി.ഗ്രൂപ്പിൽ ഒറ്റ മത്സരം പോലും ജയിക്കാതെയാണ് റിയാദ് മഹ്റസും സംഘവും നാട്ടിലേക്ക് മടങ്ങുന്നത്. ആഫ്കോൺ റൗണ്ട് ഓഫ് 16ൽ കടക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഐവറി കോസ്റ്റ് അൾജീറിയയെ തകർത്തത്.

എ സി മിലാൻ താരം ഫ്രാങ്ക് കെസി, ഇബ്രാഹിം സംഗാരെ, നിക്കോളസ് പെപെ എന്നിവർ ഐവറി കോസ്റ്റിനായി സ്‌കോർ ചെയ്തു. ബെൻദെബ്ക അൾജീറിയയുടെ ആശ്വാസ ഗോൾ നേടി.കഴിഞ്ഞ ആറ് കപ്പ് നേഷൻസിൽ ഇത് അഞ്ചാം തവണയാണ് നിലവിലെ ചാമ്പ്യന്മാർ നോക്കൗട്ട് ഘട്ടത്തിലെത്താതെ പോകുന്നത്.

ഡിജാമെൽ ബെൽമാഡിയുടെ ടീം മൂന്ന് വർഷത്തിലേറെയായി അപരാജിത ഓട്ടത്തിലാണ് കാമറൂണിലെത്തിയത്, എന്നാൽ അവരുടെ ഉദ്ഘാടന മത്സരത്തിൽ സിയറ ലിയോൺ അവരെ പിടിച്ചുനിർത്തി, തുടർന്ന് ഇക്വറ്റോറിയൽ ഗിനിയയോട് തോറ്റ് 36 മത്സരങ്ങളിൽ ആദ്യ പരാജയം ഏറ്റുവാങ്ങി.ഐവറി കോസ്റ്റിനെതിരായ ഒരു വിജയത്തോടെ അൾജീരിയ അവസാന 16-ലേക്ക് യോഗ്യത നേടുമായിരുന്നു.

യൂറോപ്യൻ ലീഗുകളിലെ താരങ്ങൾ ഇല്ലാതെ ഇറങ്ങിയിട്ടും അൾജീറിയ കഴിഞ്ഞ ഡിസംബറിൽ അരങ്ങേറിയ ഫിഫ അറബ് കപ്പ് സ്വന്തമാക്കിയിരുന്നു. റിയാദ് മഹ്‌റസ്, ബാഗ്ദാദ് ബൗനെജ, യൂസെഫ് ബെലാലി, സോഫിയാൻ ഫെഗൗലി അടങ്ങുന്ന ടീമാണ് ആഫ്കോണിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്.

Rate this post