റൊണാൾഡോക്കു പിന്നാലെ ലയണൽ മെസിയും സൗദി അറേബ്യൻ ക്ലബിലേക്ക്
ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കു ചേക്കേറിയതിനു പിന്നാലെ ലയണൽ മെസിയും സൗദി ലീഗിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോയെ അടിസ്ഥാനമാക്കി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം റൊണാൾഡോയെ സ്വന്തമാക്കിയ അൽ നസ്ർ ക്ലബിന്റെ എതിരാളികളായ അൽ ഹിലാൽ ലയണൽ മെസിക്കു വേണ്ടി നടത്തുന്ന നീക്കങ്ങളിൽ വിജയം കാണാനുള്ള സാധ്യതയുണ്ട്.
മെസിയെ എപ്പോൾ ടീമിലെത്തിക്കാനാണ് അൽ ഹിലാലിന്റെ പദ്ധതിയെന്ന് വ്യക്തമല്ലെങ്കിലും സമീപഭാവിയിൽ തന്നെ താരത്തെ സ്വന്തമാക്കാൻ അവർ ശ്രമം നടത്തുന്നുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണ് മെസിക്കായി അവർ ഓഫർ ചെയ്യുന്നത്. നിലവിൽ സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറായ ലയണൽ മെസി ഈ ഓഫർ സ്വീകരിക്കില്ലെന്ന് തീർത്തു പറയാൻ കഴിയില്ല. ഈ സീസണോടെ മെസിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുകയും ചെയ്യും.
ലയണൽ മെസിയുടെ കരാർ പുതുക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും അതിൽ വിജയം കണ്ടിട്ടില്ല. ഈ സീസണിൽ പിഎസ്ജിക്കായി മികച്ച പ്രകടനമാണ് മെസി നടത്തുന്നത്. ലോകകപ്പ് കൂടി നേടി ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയതിനാൽ കരാർ പുതുക്കാൻ മെസി പ്രതിഫലം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടേക്കും. ഇതിനു പിഎസ്ജി സമ്മതിക്കുമോയെന്നത് കരാർ പുതുക്കുന്നതിൽ നിർണായകമാവും.
Messi set for sensational switch to Saudi Arabian club Al Hilal – reports. Riyadh-based team stocking ‘Messi 10’ shirts in club shop after Al Nassr signed Ronaldo.@imrantransam78 @gulf_news @Alhilal_EN #messi #LionelMessi #AlNassr #CristianoRonaldohttps://t.co/znGY6ouPjj
— Gulf News Sport (@GulfNewsSport) January 4, 2023
ലയണൽ മെസിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും സൗദി ക്ലബുകൾക്ക് ഒരുമിപ്പിക്കാൻ കഴിഞ്ഞാൽ അത് ഫുട്ബോൾ ലോകത്തിലെ വലിയൊരു വിഭാഗത്തിന്റെ ശ്രദ്ധ അവിടേക്കു മാറാൻ കാരണമാകും എന്നതിൽ സംശയമില്ല. ഏഷ്യൻ ഫുട്ബോളിനും ഇതു കുതിപ്പു നൽകും. നിലവിൽ അൽ ഹിലാൽ ക്ലബിന്റെ സ്റ്റോറുകളിൽ ലയണൽ മെസിയുടെ ജേഴ്സി വിൽക്കാൻ വച്ചിട്ടുണ്ടെന്നതും ഈ വാർത്തക്കൊപ്പം ചേർന്നു വായിക്കാം.