‘വിജയിക്കാൻ അർഹരായിരുന്നു’ : എൽ ക്ലാസിക്കോയിലെ തോൽവിക്ക് പിന്നാലെ റഫറിക്കെതിരെ കടുത്ത വിമർശനവുമായി സാവി | Barcelona

സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആവേശകരമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്‌സലോണയെ പരാജയപ്പെടുത്തിയത്.രണ്ട് തവണ പിന്നിലായ ശേഷമായിരുന്നു റയല്‍ മാഡ്രിഡ് മത്സരം സ്വന്തമാക്കിയത്.ജൂഡ് ബെല്ലിങ്‌ഹാം ഇഞ്ചുറി ടൈമില്‍ നേടിയ ഗോളാണ് റയല്‍ മാഡ്രിഡിന് മത്സരത്തില്‍ വിജയം സമ്മാനിച്ചത്.

ബെല്ലിങ്‌ഹാമിനെ കൂടാതെ വിനീഷ്യസ് ജൂനിയര്‍, ലൂക്കസ് വാസ്‌കസ് എന്നിവരും റയലിനായി ഗോള്‍ നേടി. ആന്‍ഡ്രേസ് ക്രിസ്റ്റൻസൻ, ഫെര്‍മിൻ ലോപസ് എന്നിവരായിരുന്നു ബാഴ്‌സലോണയുടെ ഗോള്‍ സ്കോറര്‍മാര്‍. മത്സരത്തിന് ശേഷം ഫറി സെസാർ സോട്ടോ ഡിഗ്രിയുടെ തീരുമാനങ്ങളെ പരസ്യമായി വിമർശിച്ചിരിക്കുകയാണ് ബാഴ്സ പരിശീലകൻ സാവി. സോട്ടോ ഡിഗ്രി മത്സരത്തിൽ സംശയാസ്പദമായ തീരുമാനങ്ങൾ എടുത്തു എന്നായിരുന്നു സാവിയുടെ വിമർശനം.

റയൽ മാഡ്രിഡിന് പെനാൽറ്റി അനുവദിക്കുകയും ബാഴ്‌സലോണക്ക് അനുകൂലമായ മറ്റ് രണ്ട് പെനാൽറ്റികൾ നൽകുകയും ചെയ്തില്ല. ”കൃത്യസമയത്തെ പിഴവുകൾ ഞങ്ങൾക്ക് വിജയം നഷ്ടപ്പെടുത്തി ഞങ്ങൾ അർഹിച്ച ജയമായിരുന്നു, റഫറി ഒരു തീരുമാനവും എടുത്തിട്ടില്ല”സാവി പറഞ്ഞു. ലാ ലീഗയിൽ സാങ്കേതിക വിദ്യയുടെ അഭാവത്തെക്കുറിച്ചും സാവി സംസാരിച്ചു.”ഞങ്ങൾ എങ്ങനെ മത്സരിച്ചു, എങ്ങനെ കളിച്ചു എന്നതിൽ അഭിമാനിക്കണം, ഞങ്ങൾ ഗെയിം നിയന്ത്രിച്ചു, ഞങ്ങൾ വിജയിക്കാൻ അർഹരായിരുന്നു.സാധാരണയായി ഞങ്ങൾ ഇങ്ങനെ കളിച്ചാൽ വിജയിക്കും, പക്ഷേ സാഹചര്യം കാരണം ഞങ്ങൾ തോറ്റു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ തോൽവി സമ്മതിക്കണം, അത് അർഹതയില്ലാത്തതിനാൽ കഠിനമായിരിക്കുമെങ്കിലും, സ്പാനിഷ് സൂപ്പർ കപ്പിലെത്താൻ രണ്ടാം സ്ഥാനം നേടുക എന്ന ലക്ഷ്യത്തിൽ ഞങ്ങൾ തുടരണം ” സാവി കൂട്ടിച്ചേർത്തു.