വേൾഡ് കപ്പിൽ നിന്നും പുറത്തായതിനു ശേഷം ഞങ്ങളെല്ലാവരും ലയണൽ മെസ്സിക്കൊപ്പമായിരുന്നു: വെളിപ്പെടുത്തലുമായി  മുൻ സഹതാരം

കാലത്തിന്റെ കാവ്യനീതി പോലെ ഒരു സ്വപ്നസാക്ഷാത്കാരമാണ് കഴിഞ്ഞവർഷം ലയണൽ മെസ്സി ഖത്തറിൽ പൂർത്തിയാക്കിയത്.ഒരുതവണ കയ്യെത്തും ദൂരത്ത് നഷ്ടമായ ആ കനകകിരീടം ഒട്ടേറെ പ്രതിസന്ധികൾ അതിജീവിച്ചുകൊണ്ട് ലയണൽ മെസ്സി സ്വന്തമാക്കുകയായിരുന്നു.മെസ്സി അനുഭവിച്ച ബുദ്ധിമുട്ടുകൾക്കുള്ള പ്രതിഫലമായിരുന്നു ഈ വൈകി വന്ന കിരീടമെന്ന് വിശേഷിപ്പിക്കാം.

മെസ്സിയുടെ ആരാധകർ ഒന്നടങ്കം പ്രാർത്ഥിച്ചിരുന്നത് അദ്ദേഹത്തിന്റെ ഈ വേൾഡ് കപ്പ് നേട്ടത്തിന് വേണ്ടിയായിരുന്നു.എന്നാൽ മെസ്സിയുടെ ആരാധകർക്ക് പുറമേ വലിയ പിന്തുണയാണ് മെസ്സിക്ക് ലോകത്ത് നിന്നും ലഭിച്ചിട്ടുള്ളത്.ഫുട്ബോൾ ഇതിഹാസങ്ങളും സൂപ്പർതാരങ്ങളും പണ്ഡിറ്റുകളും ജേണലിസ്റ്റുകളുമൊക്കെ ലയണൽ മെസ്സി കിരീടം നേടണമെന്ന് ആഗ്രഹിച്ചവരായിരുന്നു.ഭൂരിഭാഗം പേരും മെസ്സിക്കൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്.

അത്തരത്തിലുള്ള ഒരു വെളിപ്പെടുത്തൽ ഇപ്പോൾ ലയണൽ മെസ്സിയുടെ മുൻ ബാഴ്സലോണ സഹതാരമായിരുന്നു ജോർഡി ആൽബ നടത്തിയിട്ടുണ്ട്.അതായത് സ്പെയിൻ വേൾഡ് കപ്പിൽ നിന്നും പുറത്തായതിനു ശേഷം ഞങ്ങളിലെ ഫുട്ബോൾ ആരാധകർ എല്ലാവരും ലയണൽ മെസ്സി വേൾഡ് കപ്പ് നേടാനായിരുന്നു ആഗ്രഹിച്ചിരുന്നത് എന്നാണ് ആൽബ പറഞ്ഞിട്ടുള്ളത്.സ്പാനിഷ് ജനത മെസ്സിയെ എത്രത്തോളം സ്നേഹിക്കുന്നു എന്നുള്ളതിന്റെ ഉത്തമോദാഹരണമാണിത്.

‘ഞങ്ങൾ വേൾഡ് കപ്പിൽ നിന്നും പുറത്തായതിനു ശേഷം,ഞങ്ങളിലെ ഓരോ ഫുട്ബോൾ ആരാധകനും ലയണൽ മെസ്സി വേൾഡ് കപ്പ് നേടാനായിരുന്നു ആഗ്രഹിച്ചിരുന്നത്.അദ്ദേഹം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്,മാത്രമല്ല അദ്ദേഹം ഫുട്ബോളിന് ഒരുപാട് കാര്യങ്ങൾ ചെയ്തു നൽകിയിട്ടുണ്ട്,അതിനെക്കാളും ഈ കിരീടനേട്ടം അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു,ഇതുകൊണ്ടൊക്കെ തന്നെയും ലയണൽ മെസ്സി തന്നെയാണ് ഈ കിരീടത്തിന് അർഹൻ.അതുകൊണ്ടാണ് എല്ലാവരും മെസ്സിക്കൊപ്പം നിലകൊണ്ടിരുന്നത് ‘ഇതാണ് ജോർദി ആൽബ പറഞ്ഞത്.

വേൾഡ് കപ്പിൽ തന്നെ മെസ്സിക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു.ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടുകൂടി കാര്യങ്ങൾ വഷളായി.പക്ഷേ ആരാധകരോട് തങ്ങളിൽ വിശ്വാസം അർപ്പിക്കാനും തങ്ങൾ നിരാശപ്പെടുത്തില്ല എന്നുള്ള ഉറപ്പുമായിരുന്നു നൽകിയിരുന്നത്.ആ വാക്ക് പാലിക്കാനും മെസ്സിക്ക് കഴിഞ്ഞു.