അർജന്റീനക്കെതിരെയുള്ള സ്ലാറ്റന്റെ വിമർശനം,വായടപ്പൻ മറുപടിയുമായി സെർജിയോ അഗ്വേറോ.

കഴിഞ്ഞ വേൾഡ് കപ്പ് കിരീടം ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന നേടിയിരുന്നത്. എന്നാൽ അതിനുശേഷമുള്ള അർജന്റീന താരങ്ങളുടെ പെരുമാറ്റം വലിയ രൂപത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.സെർജിയോ അഗ്വേറോയും എമിലിയാനോ മാർട്ടിനസുമൊക്കെ ഫ്രഞ്ച് താരങ്ങളെ അധിക്ഷേപിച്ചത് അവർക്ക് വിമർശനങ്ങൾ ഏൽക്കാൻ കാരണമായിരുന്നു. കഴിഞ്ഞ ദിവസം സ്ലാട്ടൻ ഇബ്രാഹിമോവിച്ചും അർജന്റീന താരങ്ങളെ വിമർശിച്ചിരുന്നു.

ലയണൽ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് എന്ന് സമ്മതിച്ച സ്ലാറ്റൻ മെസ്സി എന്നും ഓർമിക്കപ്പെടുമെന്നും പറഞ്ഞിരുന്നു. പക്ഷേ അർജന്റീന താരങ്ങൾ ഇനി ഒരിക്കലും ഒന്നും തന്നെ നേടാൻ പോകുന്നില്ല എന്നായിരുന്നു സ്ലാറ്റൻ പറഞ്ഞിരുന്നത്. അർജന്റീന താരങ്ങളുടെ പെരുമാറ്റം മോശമായതിനാൽ ഇനി അവർക്ക് കിരീടങ്ങൾ ഒന്നും ലഭിക്കില്ല എന്നായിരുന്നു സ്ലാറ്റൻ പറഞ്ഞിരുന്നത്.

എന്നാൽ ഇതിന് വായടപ്പൻ മറുപടി നൽകിക്കൊണ്ട് മുൻ അർജന്റീന താരമായിരുന്ന സെർജിയോ അഗ്വേറോ മുന്നോട്ടു വന്നിട്ടുണ്ട്. ആദ്യം സ്ലാറ്റൻ എന്താണ് നേടിയത് എന്നുള്ളത് പരിശോധിക്കൂ എന്നാണ് അഗ്വേറോ പറഞ്ഞത്. സ്വന്തം സ്വഭാവം നന്നാക്കാനാണ് ആദ്യം സ്ലാറ്റൻ പഠിക്കേണ്ടതെന്നും അഗ്വേറോ ട്വിച്ചിൽ പറഞ്ഞു.

‘ അർജന്റീന ഇനി കിരീടങ്ങൾ ഒന്നും നേടില്ല എന്ന് പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വിചിത്രമായി തോന്നുന്നു. അർജന്റീനയെ പറ്റി ആശങ്കപ്പെടുന്നതിന് പകരം സ്ലാറ്റൻ അദ്ദേഹത്തെ പറ്റിയും അദ്ദേഹത്തിന്റെ രാജ്യത്തെ പറ്റിയും ആശങ്കപ്പെടട്ടെ.സ്ലാറ്റൻ എന്താണ് നേടിയത്? അദ്ദേഹത്തിന്റെ രാജ്യവും താരങ്ങളും എന്താണ് നേടിയത്? കഴിഞ്ഞ വേൾഡ് കപ്പിന് പോലും യോഗ്യത നേടാൻ സാധിക്കാത്ത രാജ്യമാണ് അദ്ദേഹത്തിന്റെത് ‘

‘ ഞങ്ങളാണ് വേൾഡ് ചാമ്പ്യൻസ്.സ്ലാറ്റൻ സ്വയം ശവക്കുഴി തോണ്ടുകയാണ് ഇവിടെ ചെയ്യുന്നത്.ആദ്യം സ്വന്തം സ്വഭാവം നന്നാക്കാൻ ശ്രമിക്കൂ. എന്നിട്ട് മതി മറ്റുള്ളവരെ ഉപദേശിക്കൽ. നിങ്ങളെ വിൽക്കാൻ വേണ്ടി പെപ് എടുത്ത തീരുമാനം ശരിയായിരുന്നു എന്നുള്ളത് വീണ്ടും തെളിയിക്കപ്പെടുന്നു.മെസ്സി വേൾഡ് കപ്പ് നേടിയത് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നു എന്നുള്ളത് എനിക്കറിയാം. പക്ഷേ അതിന്റെ ജാള്യത മറക്കാൻ വേണ്ടിയാണ് മെസ്സിയെ ഏറ്റവും മികച്ച താരമായി കൊണ്ട് നിങ്ങൾ സമ്മതിക്കുന്നത്.അർജന്റീന കിരീടം നേടിയത് നിങ്ങളെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട് എന്നുള്ളത് എനിക്കറിയാം.ഫ്രാൻസ് വിജയിക്കാനായിരുന്നു നിങ്ങൾ ആഗ്രഹിച്ചിരുന്നത്. നിങ്ങൾ കളത്തിനകത്ത് വെച്ച് മറ്റുള്ളവരുടെ മുഖത്തേക്ക് തുപ്പിയതൊന്നും ഞങ്ങൾ മറക്കുന്നില്ല. മറ്റുള്ളവരെ കല്ലെറിയാൻ നിങ്ങൾക്ക് ഒരിക്കലും യോഗ്യതയില്ല ‘ അഗ്വേറോ പറഞ്ഞു.

ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അഗ്വേറോ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വളരെയധികം സജീവമാണ്. അർജന്റീനക്കെതിരെ വരുന്ന എല്ലാ വിമർശനങ്ങൾക്കും ഉടൻതന്നെ മറുപടി നൽകാൻ അഗ്വേറോ ശ്രമിക്കാറുമുണ്ട്.

5/5 - (2 votes)