‘അതികം വിമർശനം വേണ്ട’ : ഇഗോർ സ്റ്റിമാകിന് കർശന മുന്നറിയിപ്പ് നൽകി എഐഎഫ്എഫ് | Igor Stimac
ഏഷ്യൻ കപ്പിൽ ദയനീയ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.മൂന്ന് കളികളിൽ പൂജ്യം പോയിൻ്റും പൂജ്യ ഗോളുകളും നേടിയ ഇന്ത്യ ആറു ഗോളുകൾ വഴങ്ങുകയും ചെയ്തു. തോൽവിയുടെ പശ്ചാത്തലത്തിൽ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വന്നത്. പരിശീലകനെ പുറത്താക്കണം എന്നവശ്യവുമായി ആരാധകർ രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അദ്ദേഹത്തിൻ്റെ രണ്ട് വർഷത്തെ കാലാവധി നീട്ടിയിരുന്നു. ഏഷ്യൻ കപ്പിലെ പരാജയത്തിന് പിന്നാലെ സ്റ്റിമാക് ഫുട്ബോൾ ഫെഡറേഷനെതിരെയും ഐഎസ്എല്ലിനെതിരെയും ഗ്രാസ് റൂട്ട് പ്രോഗ്രാമിനെയും പരോക്ഷമായി വിമര്ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ സ്റ്റിമാകിന് എഐഎഫ്എഫ് ശക്തമായ രേഖാമൂലമുള്ള താക്കീതും നൽകിയിരിക്കുകയാണ്.ഇന്ത്യ തോൽക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ശൈലിയെ കുറ്റം പറഞ്ഞും പരിശീലനത്തിന് കൂടുതൽ സമയം കിട്ടിയില്ല എന്ന ന്യായീകരണമാണ് സ്റ്റിമാച് നടത്താറുള്ളത്.
മുൻകൂർ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ഫുട്ബോളിനെയോ ഫെഡറേഷനെയോ കായിക മന്ത്രാലയത്തെയോ വിമർശിക്കരുതെന്ന് എഐഎഫ്എഫിൽ നിന്ന് ഇഗോർ സ്റ്റിമാകിന് കർശന മുന്നറിയിപ്പ് ലഭിച്ചു.2023 സെപ്തംബറിൽ മാധ്യമങ്ങളിൽ സ്റ്റിമാക് നടത്തിയ മോശം പരാമർശങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസിനു ശേഷമാണിത്. എഎഫ്‌സി ഏഷ്യൻ കപ്പിനെക്കാൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പ്രാധാന്യം കോച്ച് ഊന്നിപ്പറഞ്ഞിരുന്നു.
ഇത് എഐഎഫ്എഫിനുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ഫെഡറേഷൻ്റെ ഉദ്ദേശ്യങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് നയിക്കുകയും ചെയ്തു.ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇഗോർ സ്റ്റിമാക്കിൻ്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വമുണ്ട്.ഏഷ്യൻ കപ്പിന് തൊട്ടുമുമ്പ് പരിശീലന പരിചയം കുറവായ ട്രെവർ സിൻക്ലെയറിൻ്റെ നിയമനവും വിമർശനത്തിന് കാരണമായിട്ടുണ്ട്.വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ സ്ടിമാക്കിന്റെ ഭാവി നിർണയിക്കും.