ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം മെസ്സിക്കെതിരെ, താൻ ഒട്ടും ഹാപ്പിയല്ലെന്ന് അൽ നസ്ർ പരിശീലകൻ ഗാർഷ്യ

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടില്ല.ആരാധകർ അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിലെ സംഭവത്തിന്റെ പേരിൽ രണ്ട് മത്സരങ്ങളിൽ വിലക്ക് റൊണാൾഡോക്കുണ്ട്.ഈ വിലക്ക് തീർന്നതിനു ശേഷമാണ് അദ്ദേഹം അരങ്ങേറ്റം നടത്തുക.

അതായത് അടുത്ത പ്രോ ലീഗ് മത്സരത്തിൽ റൊണാൾഡോക്ക് കളിക്കാൻ സാധിക്കില്ല. പിന്നീട് അൽ നസ്ർ മത്സരം കളിക്കുക ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കെതിരെയാണ്.പക്ഷേ അൽ നസ്ർ ഒറ്റക്കല്ല ഈ മത്സരം കളിക്കുന്നത്. മറിച്ച് അൽ നസ്റിലേയും അൽ ഹിലാലിലേയും മികച്ച താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ഇലവനാണ് പിഎസ്ജിക്കെതിരെ ഇറങ്ങുക.

ഈ മത്സരത്തിലാണ് റൊണാൾഡോ അരങ്ങേറ്റം നടത്തുക. പക്ഷേ ഈ അരങ്ങേറ്റം ലയണൽ മെസ്സിയുടെ പിഎസ്ജിക്കെതിരെയാണെങ്കിലും അൽ നസ്റിന്റെ പരിശീലകനായ റൂഡി ഗാർഷ്യ ഒട്ടും ഹാപ്പിയല്ല. എന്തെന്നാൽ യഥാർത്ഥത്തിൽ റൊണാൾഡോ അൽ നസ്റിന് വേണ്ടിയല്ല അരങ്ങേറ്റം നടത്തുന്നത്,മറിച്ച് ഓൾ സ്റ്റാർ ഇലവന് വേണ്ടിയാണ്. ഈ വിഷയത്തിലാണ് റൂഡി ഗാർഷ്യ തന്റെ അനിഷ്ടം പ്രകടിപ്പിച്ചിട്ടുള്ളത്.

‘ റൊണാൾഡോയുടെ അരങ്ങേറ്റം അൽ നസ്‌ർ ജേഴ്സിയിൽ അല്ല. മറിച്ച് അൽ നസ്രിന്റെയും അൽ ഹിലാലിന്റെയും മിക്സ്ഡ് ടീമിലാണ്.ഈ വിഷയത്തിൽ ഞാൻ ഹാപ്പിയല്ല.അൽ നസ്ർ പരിശീലകൻ എന്ന നിലയിൽ ഈ മത്സരത്തിൽ ഞാൻ ഹാപ്പിയല്ല. പക്ഷേ പിഎസ്ജിയെ പോലെയുള്ള ഒരു വലിയ ടീമിനെതിരെ കളിക്കുക എന്നുള്ളത് നല്ല കാര്യമാണ്.ഇതിനുശേഷം മൂന്നു ദിവസങ്ങൾക്ക് ശേഷം ഞങ്ങൾക്ക് വീണ്ടും ഒരു മത്സരം കളിക്കേണ്ടതുണ്ട്. ഈ ഷെഡ്യൂൾ ഞങ്ങൾക്ക് സന്തോഷം നൽകുന്ന ഒന്നല്ല ‘ ഇതാണ് റൂഡി ഗാർഷ്യ പറഞ്ഞിട്ടുള്ളത്.

റൊണാൾഡോയുടെ സൗദിയിലെ അരങ്ങേറ്റം അൽ നസ്ർ ജേഴ്‌സിയിൽ ആവാത്തതിലാണ് പരിശീലകന് നിരാശയുള്ളത്. പക്ഷേ ലോക ഫുട്ബോളിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നായ പിഎസ്ജിക്കെതിരെയാണ്, അതിനേക്കാൾ ഉപരി ലയണൽ മെസ്സിക്ക് എതിരെയാണ് ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.