റൊണാൾഡോ യൂറോപ്പിലേക്കു തന്നെ തിരിച്ചെത്തുമെന്ന് അൽ നസ്ർ പരിശീലകൻ |Cristiano Ronaldo

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം റൊണാൾഡോ പറഞ്ഞത് യൂറോപ്പിൽ സാധ്യമായ നേട്ടങ്ങളെല്ലാം താൻ സ്വന്തമാക്കിയെന്നും ഇനി സൗദി ക്ലബിനൊപ്പം റെക്കോർഡുകൾ സ്വന്തമാക്കണം എന്നുമായിരുന്നു. റൊണാൾഡോയുടെ യൂറോപ്പിലെ കരിയർ അവസാനിച്ചു കഴിഞ്ഞുവെന്ന് ഇതോടെ എല്ലാവരും കരുതി. എന്നാൽ റൊണാൾഡോ യൂറോപ്പിലേക്ക് തന്നെ തിരിച്ചു വരുമെന്നാണ് അൽ നസ്ർ പരിശീലകൻ റൂഡി ഗാർസിയ പറയുന്നത്.

റൊണാൾഡോ അൽ നസ്റിൽ കരിയർ അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ഉണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “റൊണാൾഡോയുടെ സാന്നിധ്യം ടീമിനെ പോസിറ്റിവായാണ് ബാധിച്ചിരിക്കുന്നത്. റൊണാൾഡോ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. താരം തന്റെ കരിയർ അൽ നസ്റിൽ അവസാനിപ്പിക്കില്ല, യൂറോപ്പിലേക്ക് തീർച്ചയായും തിരിച്ചു പോകും.” ഗാർസിയ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതിനു ശേഷം യൂറോപ്പിൽ തന്നെ തുടരാനും ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനും റൊണാൾഡോക്ക് വളരെയധികം താൽപര്യമുണ്ടായിരുന്നു. ഇതിനായി നിരവധി ക്ലബുകളിലേക്ക് ചേക്കാറാനുള്ള ശ്രമവും താരം നടത്തി. എന്നാൽ ചാമ്പ്യൻസ് ലീഗ് ക്ലബുകളൊന്നും താരത്തിൽ താത്പര്യം കാണിക്കാതിരുന്നതിനെ തുടർന്ന് ആ നീക്കങ്ങൾ നടന്നില്ല.

റൊണാൾഡോ ഇനിയും യൂറോപ്പിൽ കളിക്കണമെന്ന് തന്നെയാണ് ആരാധകരുടെ ആഗ്രഹം. അടുത്ത സമ്മറിൽ ക്ലബ് വിടണമെന്ന ആഗ്രഹമുണ്ടെങ്കിൽ താരത്തിന് അതിനു കഴിയുകയും ചെയ്യും. എന്നാൽ യൂറോപ്പിലെ മികച്ച ക്ലബുകളുടെ ഓഫർ വരണമെങ്കിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. നിലവിൽ രണ്ടു മത്സരം അൽ നസ്‌റിനായി കളിച്ച റൊണാൾഡോക്ക് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ല.

Rate this post